അനൂപുമായി അടുത്ത പരിചയം, സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്കായി വിളിച്ചിട്ടില്ല; ഫോണ്‍ രേഖകള്‍ പരിശോധിക്കാമെന്ന് ബിനീഷ് കോടിയേരി

അനൂപുമായി അടുത്ത പരിചയം, സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്കായി വിളിച്ചിട്ടില്ല; ഫോണ്‍ രേഖകള്‍ പരിശോധിക്കാമെന്ന് ബിനീഷ് കോടിയേരി
Published on

ബംഗളൂരുവില്‍ പിടിയിലായ ലഹരിമരുന്ന് റാക്കറ്റിലെ പ്രധാന പ്രതി അനൂപ് മുഹമ്മദുമായി അടുപ്പമുണ്ടെന്ന് ബിനീഷ് കോടിയേരി ദ ക്യുവിനോട് പറഞ്ഞു. അനൂപ് ലഹരി മാഫിയയുടെ ഭാഗമാണെന്ന് അറിയില്ലായിരുന്നു. ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയിട്ടില്ലെന്നും ആറ് ലക്ഷത്തോളം രൂപ കടമായി നല്‍കുകയായിരുന്നുവെന്നും ബിനീഷ് കോടിയേരി. മയക്കുമരുന്ന് കേസുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് തനിക്കെതിരെ ഉന്നയിച്ച ആരോപണം ബിനീഷ് നിഷേധിച്ചു. അനൂപ് മുഹമ്മദ് പിടിയിലായപ്പോള്‍ ഷോക്ക് ആയിരുന്നു. അനൂപ് അറസ്റ്റിലായപ്പോഴാണ് അദ്ദേഹത്തിന്റെ മയക്കുമരുന്ന് ഇടപാടുള്ള കാര്യം മനസിലാക്കിയത്.

പിടിക്കപ്പെടുന്നത് വരെയുള്ള അനൂപ് നല്ല സുഹൃത്താണ്. അഞ്ചെട്ട് വര്‍ഷമായി അറിയുന്ന ആളാണ്. അനൂബ് കേസില്‍ പിടിക്കപ്പെടുന്നതുവരെ ഇങ്ങനെയൊരു ആളാണ്, ഇത്തരത്തിലുള്ള ബിസിനസ് ചെയ്യുന്ന ആളാണെന്ന ധാരണ ഇല്ലായിരുന്നു. എന്നെ സംബന്ധിച്ച് അത് ഷോക്കിങ് ആയിരുന്നു.ടീ ഷര്‍ട്ട് ബിസിനസായിരുന്നു അനൂപിന് ആദ്യം. റെസ്‌റ്റോറന്റ് തുടങ്ങാന്‍ എന്നോട് ഉള്‍പ്പെടെ നിരവധി സുഹൃത്തുക്കളോട് പണം കടം വാങ്ങിയിട്ടുണ്ട്. ആ റെസ്‌റ്റോറന്റ് പിന്നീട് നഷ്ടത്തിലായി. ബംഗളൂരുവില്‍ പോകുമ്പോള്‍ അനൂപ് ഹോട്ടല്‍ റൂമെടുക്കാന്‍ സഹായിച്ചിട്ടുണ്ട്.

അനൂപ് ഇത്തരമൊരു കേസില്‍ പിടിക്കപ്പെട്ടത് എനിക്ക് മാത്രമല്ല അയാളുടെ ഉമ്മച്ചിക്കും ഉപ്പക്കും അടുത്ത കൂട്ടുകാര്‍ക്കും വരെ വലിയ ആഘാതമായിരുന്നു. അവര്‍ക്കും ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് അറിയുമായിരുന്നില്ല. ഹോട്ടല്‍ ബിസിനസ് നഷ്ടത്തിലായപ്പോള്‍ നാട്ടിലേക്ക വരാനായി രണ്ട് തവണയായി കടം വാങ്ങുകയായിരുന്നു. ആദ്യം മൂന്ന് ലക്ഷം നല്‍കി.

നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബംഗളൂരുവില്‍ വച്ച് അറസ്റ്റ് ചെയ്ത അനൂപിന് ഹോട്ടല്‍ തുടങ്ങാന്‍ പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നും കുമരകത്ത് നൈറ്റ് പാര്‍ട്ടിയില്‍ ഇരുവരും പങ്കെടുത്തെന്നും പികെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ബംഗളൂരുവില്‍ എന്‍ഐഎ പിടിയിലായ ജൂലൈ 10ന് ബിനീഷ് കോടിയേരി അനൂപ് മുഹമ്മദിനെ 26 തവണ വിളിച്ചെന്നും പികെ ഫിറോസ് ആരോപിച്ചിരുന്നു. ഇത് ബിനീഷ് നിഷേധിച്ചു. അനൂപുമായി ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. 26 തവണ വിളിക്കേണ്ടി വന്നിട്ടില്ല. സ്വര്‍ണക്കടത്തിലെ പ്രതികള്‍ക്ക് വേണ്ടി ആരും തന്നെ വിളിച്ചിട്ടില്ല. തനിക്കും ആരേയും വിളിക്കേണ്ടി വന്നിട്ടില്ല. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.

രണ്ട് പേര് കൊല്ലപ്പെട്ട് ചോരമണം മാറുന്നതിന് മുമ്പാണ് ആരോപണം ഉന്നയിക്കുന്നത്. ഇന്ന് കരിദിനമാണ്. ഇത്തരത്തിലുള്ള ഉണ്ടയില്ലാ വെടികളുമായി വരാന്‍ മുസ്ലിം ലീഗിന്റെ നേതാക്കള്‍ക്ക് മാത്രമേ പറ്റുകയുള്ളു. അത് അവരുടെ സംസ്‌കാരമാണ്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in