'എന്റെ കാട് ആര്‍ക്കും നല്‍കില്ല'; അട്ടപ്പാടിയിലെ കയ്യേറ്റ ഭൂമിയില്‍ കുടില്‍ കെട്ടി ആദിവാസി വൃദ്ധയുടെ സമരം

'എന്റെ കാട് ആര്‍ക്കും നല്‍കില്ല'; അട്ടപ്പാടിയിലെ കയ്യേറ്റ ഭൂമിയില്‍ കുടില്‍ കെട്ടി ആദിവാസി വൃദ്ധയുടെ സമരം
Published on

സ്വകാര്യ വ്യക്തി കയ്യേറിയ സ്വന്തം ഭൂമി തിരിച്ചു പിടിക്കാന്‍ അട്ടപ്പാടിയില്‍ ആദിവാസി വൃദ്ധ കുടില്‍ കെട്ടി സമരം ചെയ്യുന്നു. നക്കുപതി ഊരിലെ രങ്കന്റെ ഭാര്യ രങ്കിയാണ് 12 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ഒറ്റയാള്‍ സമരം നടത്തുന്നത്. ഭൂവുടമയായ രങ്കന്‍ ജീവിച്ചിരിപ്പില്ല. അഗളി പഞ്ചായത്തില്‍ രങ്കന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി കയ്യേറി അണ്ണാദുരൈ എന്ന വ്യക്തി അമ്പത് വര്‍ഷമായി കൈവശം വെച്ചിരിക്കുകയാണ്. ഈ ഭൂമിയില്‍ വീട് നിര്‍മ്മിച്ചു. കൃഷി ചെയ്യുന്നു. ആദിവാസി ഭൂമി വില്‍പ്പന നടത്താനോ പാട്ടക്കരാറില്‍ ഏര്‍പ്പെടാനോ പാടില്ലെന്നാണ് നിയമം. ഇത് ലംഘിച്ച് അഞ്ച് വര്‍ഷത്തേക്ക് പാട്ടക്കാരാറുണ്ടാക്കി. ഇതിനായി വ്യാജരേഖകളും ചമച്ചു. സ്വന്തം ഭൂമിയില്‍ കയറാന്‍ പോലും അണ്ണാദുരൈ അനുവദിക്കാതിരുന്നപ്പോഴാണ് രങ്കി കുടില്‍ കെട്ടി സമരം തുടങ്ങിയത്. അണ്ണാദുരൈയും ഭാര്യയും ഭീഷണിപ്പെടുത്തിയിട്ടും ഭൂമി വിട്ട് പോകാന്‍ രങ്കി തയ്യാറല്ല. മദ്യം നല്‍കി മകനെയും കുടുംബത്തിനെയും തനിക്കെതിരെ തിരിച്ചിരിക്കുകയാണെന്നും രങ്കി മൂപ്പത്തി ആരോപിക്കുന്നു. കേസിന് പോകാനും മക്കള്‍ അനുവദിച്ചില്ല.

ഞാന്‍ എവിടെ പോകും. കുന്ന് കയറി പണിയെടുക്കാന്‍ പറ്റോ?. ആര്‍ക്കും കാട് കൊടുക്കില്ല. എന്റെ മക്കള്‍ക്കല്ലാതെ ആര്‍ക്കും കാട് കൊടുക്കില്ല.
രങ്കി

418/74 സര്‍വേ നമ്പറിലുള്ള 12 ഏക്കര്‍ ഭൂമിക്ക് 1973 ഫെബ്രുവരിയിലാണ് രംഗന് ഈ ഭൂമിയുടെ പട്ടയം ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അട്ടപ്പാടിയിലെത്തിയ അണ്ണാദുരൈയ്ക്ക് കുടില്‍ കെട്ടാനുള്ള സ്ഥലം മുത്തശ്ശിയാണ് നല്‍കിയതെന്ന് രങ്കി പറയുന്നു. കടുത്ത ദാരിദ്രത്തിലായിരുന്നു അണ്ണാദുരൈ. കഞ്ഞി പോലും കുടിക്കാനുണ്ടായിരുന്നില്ല. തങ്ങളുടെ വീട്ടിലുണ്ടാക്കുന്ന റാഗി കാച്ചി നല്‍കും. പ്രതിസന്ധി മാറുന്നത് വരെ തങ്ങളുടെ ഭൂമിയില്‍ കൃഷി ചെയ്യാനും അനുമതി നല്‍കി.

പിന്നീടാണ് ഭൂമി കൈവശപ്പെടുത്താന്‍ അണ്ണാദുരൈ ശ്രമം തുടങ്ങിയതെന്ന് രങ്കി പറയുന്നു. അണ്ണാദുരൈ വീട് വെച്ചിരിക്കുന്ന സ്ഥലവും തന്റേതാണ്. വീട് വെയ്ക്കുന്നതിനുള്ള കുറ്റിയടിച്ചത് കണ്ട് ചോദിച്ചപ്പോള്‍ പശുവിനെ കെട്ടാനുള്ളതാണെന്നായിരുന്നു അണ്ണാദുരൈയുടെ മറുപടി. പിന്നീട് രജിസ്റ്റര്‍ ഓഫീസില്‍ കൊണ്ടു പോയി രേഖകളില്‍ ഒപ്പിടുവിക്കാന്‍ ശ്രമിച്ചു. എന്തിനാണ് ഒപ്പിടുന്നതെന്ന് ചോദിച്ചപ്പോഴും ഒന്നിനും വേണ്ടിയല്ലെന്നായിരുന്നു മറുപടി. ആദിവാസി ഭൂമിയാണെന്ന് പറഞ്ഞ് മടക്കി അയച്ചു. പന്ത്രണ്ട് വര്‍ഷം മുമ്പാണെന്നാണ് രങ്കി ഓര്‍ത്തെടുത്ത് പറയുന്നത്.

ചെറിയ വീട് വെയ്ക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞ് വീണ്ടും മുദ്രപത്രവുമായി അണ്ണാദുരൈ എത്തി. അതിന് വേണ്ടി പത്ത് സെന്റ് നല്‍കാനും ആവശ്യപ്പെട്ടു. നിര്‍ബന്ധിച്ച് ഒപ്പിട്ടു വാങ്ങിയെന്നും രങ്കി പറയുന്നു. റോഡരികിലെ ഈ ഭൂമിയില്‍ അണ്ണാദുരൈ കോണ്‍ക്രീറ്റ് വീട് നിര്‍മ്മിച്ചു.

പന്ത്രണ്ട് ഏക്കര്‍ ഭൂമിയിലും അണ്ണാദുരൈ അവകാശം സ്ഥാപിച്ചു. ചോദ്യം ചെയ്യാതിരിക്കാനാണ് അഞ്ച് വര്‍ഷത്തേക്ക് വ്യാജമായി പാട്ടക്കരാറും സൃഷ്ടിച്ചു. രങ്കനും രങ്കിക്കും അഞ്ച് മക്കളാണ്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. തന്റെ മക്കള്‍ക്കാണ് രങ്കന്റെ ഭൂമിയില്‍ അവകാശമുള്ളത്. എന്നാല്‍ മകള്‍ രേശി, ഭാര്യ രങ്കി എന്നിവരാണ് വില്ലേജ് രേഖകളില്‍ അവകാശികളായി രേഖപ്പെടുത്തിയിരിക്കുന്നത്. രേശി രങ്കന്റെ സഹോദരന്റെ മകളാണ്. രേശിക്ക് അവകാശമില്ലാത്ത ഭൂമിയില്‍ അധികൃതരുടെ ഒത്താശയോടെ അവരുടെ പേര് എഴുതി ചേര്‍ത്തുവെന്നും ഇത് ഉപയോഗിച്ച് വ്യാജപാട്ടക്കരാര്‍ ഉണ്ടാക്കിയെന്നും രങ്കി ആരോപിക്കുന്നു.

2019ലാണ് സെപ്റ്റംബറിലാണ് പാട്ടക്കരാര്‍ എഴുതിയിരിക്കുന്നത്. നാല് ഏക്കര്‍ ഭൂമി ഒരു കൊല്ലത്തേക്ക് 2,500 രൂപയ്ക്കാണ് പാട്ടത്തിനെടുത്തിരിക്കുന്നത്. എന്നാല്‍ ആദിവാസി ഭൂമി വില്‍ക്കാനോ പാട്ടത്തിനെടുക്കാനോ പാടില്ല. ഇത് മറികടക്കാനാണ് രേശിയുടെ പേരില്‍ രേഖകളുണ്ടാക്കി പാട്ടക്കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.അഞ്ച് വര്‍ഷത്തേക്ക് പാട്ടം നല്‍കിയ ഭൂമിയില്‍ വാഴ, പച്ചക്കറി മുതലായവ കൃഷി ചെയ്യാനും ആദായമെടുക്കാനും അനുവദിക്കണമെന്നാണ് കരാറിലുള്ളത്. ഇതില്‍ ഭൂവുടമ ഇടപെടാനോ തടസ്സപ്പെടുത്താനോ പാടില്ലെന്നും കരാറില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. ഇതിലെ ആദായം ഭൂവുടമ എടുക്കാനും പാടില്ല. ഈ ഭൂമിയില്‍ കമ്പിവേലി നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് അണ്ണാദുരൈ. കയ്യേറിയ ഭൂമിയില്‍ തീറ്റപ്പുല്‍ കൃഷിയുണ്ട്. കോഴി ഫാമും നടത്തുന്നു.

ആദിവാസി ഭൂമിയില്‍ കരാര്‍ എഴുതി കൃഷി ചെയ്യുന്നത് അട്ടപ്പാടിയില്‍ പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇവിടെ ഭൂവുടമ അറിയാതെ കൃത്രിമ രേഖകള്‍ സൃഷ്ടിച്ച് ഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്യുകയാണ്. മാത്രമല്ല ഭൂമിയില്‍ ആദിവാസിയുടെ അവകാശം ഇല്ലാതാക്കാനും നീക്കം നടക്കുന്നു.

ആദിവാസി ഭൂമി പണം കൊടുത്ത് വാങ്ങിയതാണെന്നാണ് അണ്ണാദുരൈയുടെ അവകാശവാദം. അമ്പത് കൊല്ലമായി ഈ ഭൂമിയില്‍ താമസിക്കുന്നുണ്ടെന്ന് അണ്ണാദുരൈ സമ്മതിച്ചു. അഞ്ച് സെന്റ് സ്ഥലം ആദിവാസി കുടുംബം തനിക്ക് തന്നിട്ടുണ്ട്. 5000 രൂപ ഇതിനായി നല്‍കി. അമ്പതിനായിരം രൂപ രങ്കി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അണ്ണാദുരൈ പറയുന്നു.

അട്ടപ്പാടിയില്‍ 1972ല്‍ 10458 ഏക്കര്‍ ആദിവാസി ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഐ.ടി.ഡി.പിയുടെ റിപ്പോര്‍ട്ട്. 995 ഭൂമി കയ്യേറ്റ കേസുകള്‍ ഒറ്റപ്പാലം ആര്‍.ഡി.ഒ കോടതിയുടെ പരിഗണനയിലാണ്. 28 പരാതികള്‍ ഹൈക്കോടതിയിലും 2 കേസ് സുപ്രീംകോടതിയിലുമുണ്ട്. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കയ്യേറ്റം വലിയ വിവാദമാകുമ്പോള്‍ തിരിച്ചു നല്‍കുമെന്ന് രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരും ഉറപ്പ് നല്‍കാറുണ്ട്. കയ്യേറ്റ ഭൂമി തിരിച്ച് ലഭിക്കാത്ത ആദിവാസികള്‍ ഇനിയും അട്ടപ്പാടിയിലുണ്ടെന്ന് രങ്കിയുടെ സമരം സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in