എഴ് വീടുകള്‍ അപകടാവസ്ഥയിലാക്കി അസറ്റ് ഹോംസിന്റെ ഫ്‌ളാറ്റ് നിര്‍മ്മാണം ; ‘സ്റ്റോപ് മെമ്മോകള്‍ക്ക് പുല്ലുവില’
എഴ് വീടുകള്‍ അപകടാവസ്ഥയിലാക്കി കോട്ടയം പുത്തനങ്ങാടിക്ക് സമീപം അസറ്റ് ഹോംസിന്റെ ഫ്‌ളാറ്റ് നിര്‍മ്മാണം. 2017 മുതല്‍ കോട്ടയം നഗരസഭ നല്‍കിയ സ്റ്റോപ് മെമ്മോകള്‍ കാറ്റില്‍പ്പറത്തിയാണ് ചെങ്കുത്തായ സ്ഥലത്ത് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ കെട്ടിപ്പൊക്കുന്നതെന്നാണ് പരാതി. 2016 ലാണ് ഇവിടെ ഫ്‌ളാറ്റ് നിര്‍മ്മാണം തുടങ്ങിയത്. ജനവാസ മേഖലയോട് ചേര്‍ന്ന് 2 ഫ്‌ളാറ്റ് കെട്ടിടങ്ങളാണ് നിര്‍മ്മിക്കുന്നത്. ആദ്യ സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പൈലിങ്ങിനെ തുടര്‍ന്നും അതിര്‍ത്തിയോട് ചേര്‍ന്ന് കുഴിയെടുത്തുള്ള നിര്‍മ്മാണ പ്രവൃത്തികളും മൂലം സമീപത്തെ വീടുകള്‍ക്ക് കേടുപാടുകളുണ്ടാവുകയും അപകടാവസ്ഥയിലാവുകയും ചെയ്തു.
തന്റെ വീടിനെ അപകടാവസ്ഥയിലാക്കുന്നുവെന്ന് കാണിച്ച് ഫ്‌ളാറ്റ് നിര്‍മ്മാണത്തിനെതിരെ എംപി ജോസഫ് എന്നയാളാണ് നഗരസഭയെ ആദ്യം സമീപിച്ചത്. 2017 നും 2019 ജൂണ്‍ മാസത്തിനുമിടയ്ക്ക് പലതവണ നഗരസഭ ഇദ്ദേഹത്തിന്റെ പരാതിയില്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ഇയാളെക്കൂടാതെ എംടി പുന്നൂസ് എന്നയാളും നഗരസഭയെ സമീപിച്ചു. ഇദ്ദേഹത്തിന്റെ പരാതിയില്‍ 2019 മെയിലും നഗരസഭ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ അസറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ തുടര്‍ന്നു. ആര്‍ഡിഒയില്‍ നിന്നും എംപി ജോസഫ് രണ്ട് തവണ സ്റ്റോപ് മെമ്മോ നേടിയെടുത്തിട്ടുണ്ട്.
ഒടുവില്‍ മുന്‍സിഫ് കോടതിയെ സമീപിച്ചപ്പോള്‍ പൈലിങ് നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. പരാതികള്‍ ഉന്നയിച്ചവര്‍ക്ക് സുരക്ഷാ ഭിത്തി നിര്‍മ്മിച്ച് നല്‍കിയ ശേഷമേ നിര്‍മ്മാണ പ്രവൃത്തികള്‍ പാടുള്ളൂവെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതും ലംഘിക്കപ്പെട്ടു. റീടെയിനിംഗ് വാള്‍ പൂര്‍ത്തിയാക്കാതെ വൈകിപ്പിക്കുകയാണ് അസറ്റെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. എംപി ജോസഫിന് മാത്രമാണ് റീടെയിനിങ് വാള്‍ നിര്‍മ്മിച്ചുനല്‍കിയത്. എന്നാല്‍ പുന്നൂസിന് പേരിന് ഒരു ഭിത്തി സാക്ഷാത്കരിക്കുകയായിരുന്നുവെന്നും വെള്ളം ഒഴുകാനുള്ള ദ്വാരങ്ങളടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
തൊട്ടടുത്ത് കെട്ടിടങ്ങളുണ്ടെങ്കില്‍ പാടില്ലാത്ത ബിഎംഎസി പൈലിങ്ങാണ് ഇവിടെ തുടര്‍ന്നുവരുന്നത്. വീടുകള്‍ അപകടാവസ്ഥയിലായതോടെ 7 ല്‍ മൂന്ന് വീട്ടുകാര്‍ മാറിത്താമസിച്ചു. നിരന്തര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് 2 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ അസറ്റ് തയ്യാറായത്. ഒരു കുടുംബം സ്വമേധയാ മാറുകയുമായിരുന്നു. കഴിഞ്ഞ പ്രളയസമയത്ത് ഉരുള്‍പൊട്ടലും കനത്ത മണ്ണിടിച്ചിലുമുണ്ടായിരുന്നു. ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായുള്ള അളവില്‍ കവിഞ്ഞുള്ള മണ്ണെടുപ്പും കനത്ത പ്രഹരശേഷിയുള്ള പൈലിങ്ങുമാണ് വീടുകള്‍ പ്രളയസമയത്ത് അപകടാവസ്ഥയിലാകാന്‍ കാരണമായതെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ജീവന്‍ അപകടത്തിലാണെന്ന് കണ്ടതോടെയാണ് വര്‍ഷങ്ങളായി കഴിയുന്ന മണ്ണില്‍ നിന്ന് 3 കുടുംബങ്ങള്‍ മാറിത്താമസിച്ചത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ സ്വാഭാവിക മണ്ണിടിച്ചില്‍ മാത്രമായി കുറച്ചുകാണിക്കാനായിരുന്നു അസറ്റിന്റെ ശ്രമം. ഇത്തവണത്തെ കാലവര്‍ഷത്തിലും കനത്ത പ്രത്യാഘാതമുണ്ടായേക്കുമെന്ന് ഇവിടത്തുകാര്‍ ഭയപ്പെടുന്നുണ്ട്. അപകടത്തെ അതിജീവിക്കാന്‍ പര്യാപ്തമല്ല സംരക്ഷണ ഭിത്തിയെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഫ്‌ളാറ്റിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പിടി പുന്നൂസ് എന്നയാളുടെ വീടിന് ഇതിനകം വിള്ളലുകളുണ്ടായിട്ടുണ്ട്. ഇവയുടെ വ്യാപ്തി അപകടരമാംവിധം വര്‍ധിച്ചുവരികയുമാണ്.
അതിര്‍ത്തിയോട് ചേര്‍ന്ന് ഖനനം നടത്തി വന്‍തോതില്‍ മണ്ണെടുത്തതോടെ വീട് കൂടുതല്‍ അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണ്. റീടെയിനിങ് വാള്‍ പൂര്‍ത്തിയാക്കി ഇദ്ദേഹത്തിന്റെ വീടിന് സുരക്ഷിതത്വമൊരുക്കാന്‍ അസറ്റ് തയ്യാറായിട്ടില്ല. സമ്മര്‍ദ്ദത്തിലാക്കി ചുളുവിലയ്ക്ക് ഭൂമി കൈക്കലാക്കാനുള്ള നീക്കമാണ് അസറ്റിന്റേതെന്ന് സംശയിക്കുന്നതായി പുന്നൂസ് വ്യക്തമാക്കുന്നു. അതിര്‍ത്തിയില്‍ നിന്ന് വലിയ കുഴിയെടുക്കുമ്പോള്‍ ഒന്നര മീറ്റര്‍ ദൂരപരിധി പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന്റെ നഗ്നമായ ലംഘനമാണുണ്ടായിരിക്കുന്നത്. കൂടാതെ അളവില്‍ കവിഞ്ഞ ഖനനമാണ് നടന്നത്.
ജിയോളജി വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയായായിരുന്നു മണ്ണെടുപ്പെന്ന് ആദ്യഘട്ടം മുതല്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. ജനവാസ കേന്ദ്രത്തില്‍ റസിഡന്‍ഷ്യല്‍ കം കമ്മേഴ്‌സ്യല്‍ പെര്‍മിറ്റാണ് നല്‍കിയതെന്നും ഇത് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലാത്ത മുന്‍ഭാഗത്താണ് സെപ്റ്റിക് ടാങ്ക് യാഥാര്‍ത്ഥ്യമാക്കുന്നത്. കൂടാതെ പ്ലാനിലില്ലാത്ത നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരുന്നതായും പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ മഹേഷ് വിജയന്റെ നേതൃത്വത്തില്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ദുരിതത്തിലായവര്‍.