ഏഷ്യാനെറ്റ് ന്യൂസ് അധാര്‍മ്മികമായി പിരിച്ചുവിട്ടെന്ന ആരോപണവുമായി ചാനലിലെ ഡെപ്യൂട്ടി ന്യൂസ് പ്രൊഡ്യൂസറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ സി.അനൂപ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്.ജയചന്ദ്രന്‍ നായരുമായി മാതൃഭൂമി ആഴ്ചപതിപ്പിന് വേണ്ടി അഭിമുഖം നടത്തിയതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസ് രാജിയാവശ്യപ്പെട്ടതെന്ന് സി. അനൂപ് ദ ക്യു'വിനോട് പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അഭിമുഖം പ്രസിദ്ധീകരിച്ചത് സ്ഥാപനത്തിന്റെ ചട്ടങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ രാജി വെക്കണമെന്നും മാനേജ്മെന്റ് ആവശ്യപ്പെട്ടതായി അനൂപ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസിലെ എഡിറ്റര്‍മാര്‍ ഉള്‍പ്പെടെ പല മാധ്യമപ്രവര്‍ത്തകരും പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈനിലുമായി എഴുതാറുണ്ടായിരുന്നു. അന്നൊന്നും ഇത്തരത്തില്‍ ശിക്ഷാനടപടി സ്വീകരിച്ചിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ്പ് എഡിറ്റര്‍ മനോജ് കെ.ദാസ് ആണ് വിഷയം ഗൗരവമുള്ളതാണെന്നും രാജി വേണമെന്നും ആവശ്യപ്പെട്ടത്. ഏഷ്യാനെറ്റില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ മറ്റൊരു പ്രസിദ്ധീകരണത്തില്‍ കണ്ടന്റ് പ്രസിദ്ധീകരിച്ചതിന് നടപടി എടുക്കുന്നു എന്നുകാണിച്ചാണ് ടെര്‍മിനേഷന്‍ ലെറ്റര്‍ നല്‍കിയതെന്നും സി. അനൂപ് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ ദാസുമായി ദ ക്യൂ' ബന്ധപ്പെട്ടെങ്കിലും ഇങ്ങനൊരു വിഷയം അറിയില്ലെന്നും ഒന്നും പറയാനില്ലെന്നുമാണ് പ്രതികരിച്ചത്.
സി. അനൂപ് ദ ക്യു'വിനോട് പ്രതികരിച്ചത്
മാതൃഭൂമിയില്‍ നാലാഴ്ച മുമ്പ് എസ്. ജയചന്ദ്രന്‍ നായരുമായിട്ടുള്ള ദീര്‍ഘമായിട്ടുള്ള ഒരു ഇന്റര്‍വ്യൂ വന്നിരുന്നു. കേരളത്തിലെ പ്രമുഖരായ പത്രാധിപന്‍മാരെ കുറിച്ച് ഒരു പുസ്തകം നമ്മള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. അപ്പോ അതിലെ ആദ്യത്തെ ഇന്റര്‍വ്യൂ ആയിരുന്നു എസ്.ജയചന്ദ്രന്‍ നായരുടേത്. അത് മാതൃഭൂമിയില്‍ അച്ചടിച്ച് വന്നു. അത് കഴിഞ്ഞ് നാലഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു മെയില്‍ വന്നു. അങ്ങനെ പുറത്ത് വര്‍ക്ക് ചെയ്യാന്‍ പാടില്ല. സ്ഥാപനത്തിന് എതിരായി ചെയ്തത് കൊണ്ട് വിശദീകരണം വേണമെന്ന് പറഞ്ഞ് മെയില്‍ വന്നു. ഞാന്‍ 2013 ല്‍ ഏഷ്യാനെറ്റില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ടി.എന്‍ ഗോപകുമാറാണ് അവിടെ എഡിറ്റര്‍. അതിന് ശേഷം എം.ജി.ആര്‍ വന്നു. ഞങ്ങളെല്ലാവരും പല പ്രിന്റ് മീഡിയയിലും ഓണ്‍ലൈനിലും അന്നും എഴുതുന്നവരാണ്. അത് പ്രതിഫലം മോഹിച്ചുള്ള എഴുത്തല്ല. അത് നമ്മളുടെ ഒരു താല്‍പര്യമാണ്. ഇങ്ങനെ ഒരു നിയന്ത്രണം ഇതു വരെയും എന്നോട് പറഞ്ഞിട്ടുമില്ല. അതുകൊണ്ട് ഇനിയും അങ്ങനെ ചെയ്യാനുള്ള സ്‌പെയ്‌സാണ് ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നുപറഞ്ഞ് ഇ മെയിലിന് ഞാന്‍ മറുപടി അയച്ചു.
കഴിഞ്ഞ ഒമ്പതാം തീയതി രാത്രി എച്ച്.ആറില്‍ നിന്ന് വിളിച്ചിട്ട് കാണണമെന്ന് പറഞ്ഞു. രാവിലെ 11 മണിക്ക് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ ദാസിനെ കണ്ടു. വിഷയം സീരിയസ് ആണെന്നും രാജി വേണമെന്നും പറഞ്ഞു. ഞാന്‍ ചെയ്തത് തെറ്റാണെന്ന് തോന്നാത്തത് കൊണ്ട് രാജി തരില്ലെന്ന് പറഞ്ഞു. അപ്പോ ഒരു മണിക്കൂര്‍ അവര്‍ കൂടിയാലോചന നടത്തിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കാനാണ് തീരുമാനമെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍ ടെര്‍മിനേറ്റ് ചെയ്യാനാണ് തീരുമാനമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു ഞാന്‍ ചെയ്ത സ്ഥാപന വിരുദ്ധ പ്രവര്‍ത്തനം എന്താണെന്ന് എന്നെ അറിയിച്ച ശേഷം എന്ത് നിയമപരമായ എന്ത് നടപടിയും സ്വീകരിച്ചോളൂ. രാജി തരില്ലെന്ന് പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബിസിനസ് ഹെഡ് ആയിട്ടുള്ള ഫ്രാങ്ക് ടി തോമസ് ടെര്‍മിനേഷന്‍ ലെറ്റര്‍ തന്നു. ഇദ്ദേഹം ബിസിനസ് ഹെഡ് ആണ്. എഡിറ്റോറിയല്‍ കാര്യത്തില്‍ ടി.എന്‍.ജി ഉള്ള കാലത്തൊന്നും പുള്ളിക്ക് യാതൊരു റോളും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുള്ളിയാണ് ഇതൊക്കെ തീരുമാനിച്ചത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവര്‍ രണ്ടുപേരും കൂടിയാലോചിച്ചാണ് ടെര്‍മിനേഷന്‍ ലെറ്റര്‍ തന്നത്.
എം.ജി.ആര്‍ എഡിറ്ററായിരുന്ന കാലത്തൊക്കെ നമ്മള്‍ ആഴ്ചപ്പതിപ്പുകളില്‍ മത്സരിച്ച് എഴുതാറുണ്ട്. എന്താണ് പെട്ടെന്നുള്ള പ്രകോപനത്തിന് പിന്നില്‍ എന്ന് അറിയണം. 25 വര്‍ഷത്തിലേറെയായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു, ഇങ്ങനെ ഒരനുഭവം എനിക്കെന്നല്ല ഒരു മാധ്യമപ്രവര്‍ത്തകനും ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല. ഇതില്‍ ഭയങ്കരമായ അധാര്‍മ്മികം ആയിട്ടുള്ള ഒരു വശമുണ്ട്. നേരോടെ നിര്‍ഭയം നിരന്തരം എന്നു പറയുന്ന ഒരു സ്ഥലത്ത് നമ്മള്‍ക്ക് ഭയമുണ്ടാകേണ്ട കാര്യമില്ലല്ലോ.