നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് ഒളിവിലെന്ന് പൊലീസ്; അറസ്റ്റ് വൈകുന്നത് കൊവിഡ് കാരണമെന്ന് വിശദീകരണം

 നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് ഒളിവിലെന്ന് പൊലീസ്; അറസ്റ്റ് വൈകുന്നത് കൊവിഡ് കാരണമെന്ന് വിശദീകരണം
Published on

കണ്ണൂര്‍ പാനൂര്‍ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന്‍ ഒളിവിലാണെന്ന് പൊലീസ്. അറസ്റ്റ് വൈകുന്നതെന്ന് ഇതുകൊണ്ടാണെന്നും വിശദീകരണം. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പ്രതി പദ്മരാജന്‍ കണ്ണൂര്‍ ജില്ല വിട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലന്‍ കെ.വി ദ ക്യുവിനോട് പറഞ്ഞു. അധ്യാപകനെതിരെ പോക്സോ പ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കൊവിഡ് നിയന്ത്രണങ്ങള്‍ കേസ് അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു. പദ്മരാജന്‍ കോഴിക്കോട്ടേക്കോ ബാംഗ്ലൂരിലേക്കോ കടന്നുവെന്നാണ് കരുതുന്നത്. മൊബൈല്‍ ഓഫ് ചെയ്തിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പരാതിയുള്ളതിനാല്‍ കേസ് ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഡിവൈഎസ്പി കെ വേണുഗോപാലന്‍.

എല്‍.എസ്.എസ് പരിശീലന ക്ലാസുണ്ടെന്ന് പറഞ്ഞ് അവധി ദിവസം വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടി പദ്മരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അധ്യാപകനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ തുടര്‍ച്ചയായി ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ വീട്ടില്‍ എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. പിന്നീട് പാനൂര്‍ പോലീസ് മൊഴിയെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വൈദ്യപരിശോധന നടത്തുകയും മട്ടന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുട്ടിയെ ഹാജരാക്കി മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കുകയും ചെയ്തു. കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് വിദ്യാര്‍ത്ഥിനിയുടെ മാനസികനിലയും പരിശോധിപ്പിച്ചിരുന്നു.

പെണ്‍കുട്ടിയുടെ സഹപാഠിയും അധ്യാപകനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മൊഴിയില്‍ വ്യക്തത വേണമെന്ന് പൊലീസ് പറഞ്ഞിരുന്നതായി ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബൈജു എം പി ദ ക്യുവിനോട് പറഞ്ഞു. വീണ്ടും മൊഴിയെടുത്ത് 20 ദിവസം കഴിഞ്ഞു. അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതായും ആക്ഷന്‍ കമ്മിറ്റി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in