കൊല്ലം അഞ്ചലില്‍ വിദ്യാര്‍ത്ഥിയെ വായയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആരോപണം. കഴിഞ്ഞ ഡിസംബര്‍ 19നായിരുന്നു ആലഞ്ചേരി തെക്കേവയലില്‍ ബിന്ദുവിന്റെയും ബാബുവിന്റെയും മകന്‍ ബിജീഷ് ബാബുവിനെ വീടിന് സമീപത്തെ വായയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചിരുന്നു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും മനുഷ്യാവകാശകമ്മീഷനും ശിശുക്ഷേമസമിതിക്കും പരാതി നല്‍കിയിരുന്നു. ആത്മഹത്യയാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അന്വേഷണം പോലീസ് അവസാനിപ്പിച്ചുവെന്നാണ് കുടുംബം പറയുന്നത്.
ആത്മഹത്യ ചെയ്‌തെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നാണ് പോലീസ് പറഞ്ഞത്. ആ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് തന്നിട്ടില്ല.
ബിന്ദു
പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ബിജീഷ് ബാബുവിനെ ക്രിസ്ത്മസ് പരീക്ഷയുടെ അവസാന ദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. വാഴക്കൈയില്‍ തൂങ്ങി മുട്ടുകുത്തി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. 33 കിലോ ഭാരമുള്ള കുട്ടി എങ്ങനെയാണ് വാഴക്കൈയ്യില്‍ തൂങ്ങിമരിക്കുകയെന്നാണ് കുടുംബം ചോദിക്കുന്നത്.
അച്ഛനും അമ്മയും ജോലിക്ക് പോയി തിരിച്ചെത്തിയപ്പോളാണ് ബിജീഷ് ബാബുവിനെ കാണാനില്ലെന്നറിയുന്നത്.
അമ്മ ബിന്ദു പറയുന്നു
അടുത്ത പറമ്പിലെ ഒഴിഞ്ഞ് കിടന്ന വീട്ടിലേക്ക് കുട്ടികള്‍ കളിക്കാന്‍ പോയിരുന്നു. അവിടെ വെച്ച് ബീഡി വലിച്ചെന്ന് അയല്‍വാസികള്‍ പറഞ്ഞു. ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് മോന്‍ പറഞ്ഞത്. അത് ഉറപ്പിക്കാനായി ബീഡിക്കുറ്റിയുണ്ടോയെന്നറിയാനായി ആ പറമ്പിലേക്ക് പോയി. തിരിച്ചു വരുമ്പോളാണ് അമ്മയുടെ അനിയത്തി പറഞ്ഞു അവന്‍ വീട്ടിലേക്ക് കയറാതെ വേഗത്തില്‍ ഓടിപ്പോയെന്ന്. അപ്പോള്‍ മുതല്‍ ഞങ്ങള്‍ കുഞ്ഞിനെ അന്വേഷിച്ചു. കാണാനോ സംസാരിക്കാനോ നില്‍ക്കാതെയാണ് കുട്ടി ഓടിപ്പോയത്. പോലീസില്‍ നേരിട്ട് ചെന്ന് പരാതി നല്‍കി. രണ്ട് പോലീസുകാര്‍ മാത്രമാണ് വന്നതെന്നും ബിന്ദു പറയുന്നു.
പോലീസ് സ്‌റ്റേഷനില്‍ നിന്ന് മൂന്നാലഞ്ച് പേര്‍ ഇറങ്ങിയിരുന്നെങ്കില്‍ ആ രാത്രി തന്നെ എന്റെ മോനേ രക്ഷിക്കാന്‍ പറ്റുമായിരുന്നു. പിറ്റേദിവസം രാവിലെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. അപ്പോള്‍ തന്നെ വേഗം തിരിച്ചുവരണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് വിളി വന്നു. പോലീസുകാര്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയ സ്ഥലത്താണ് കുഞ്ഞിനെ കണ്ടത്.
പോലീസ് വന്നിട്ട് പോലും അയല്‍വാസികള്‍ അന്വേഷിക്കാന്‍ വന്നില്ല. കുട്ടി മരിച്ചപ്പോള്‍ എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തി. പോലീസ് കേസ് അന്വേഷിക്കുമ്പോളും ഞങ്ങളോട് കാര്യങ്ങള്‍ ചോദിച്ചില്ല. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
പട്ടിണിയോ വഴക്കോ ഇവിടെയില്ല. അച്ഛന്റെയോ അമ്മയുടെയോ ശല്യം കാരണം പോയി മരിക്കേണ്ട സാഹചര്യം ഈ വീട്ടിലില്ല. പിന്നെ എന്തിനാണ് എന്റെ മകന്‍ ആത്മഹത്യ ചെയ്യേണ്ടത്.
ബിജീഷ് ബാബുവിന്റെ അമ്മയുടെ ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ട ബാധ്യത നിയമസംവിധാനങ്ങള്‍ക്കുണ്ട്.