ആലുവയില്‍ ആത്മഹത്യ ചെയ്ത മൊഫിയ പര്‍വ്വീണിനെ ഭര്‍തൃവീട്ടുകാര്‍ മാനസികരോഗിയാക്കി ചിത്രീകരിച്ചിരുന്നുവെന്നും ഡോക്ടറെ കാണിച്ചിരുന്നുവെന്നും മാതാവ് ഫാരിസ തുറന്ന് പറഞ്ഞിരുന്നു. സ്ത്രീധനം ഉള്‍പ്പെടെയുള്ള മറ്റ് കാരണങ്ങളാല്‍ ഭര്‍തൃവീട്ടില്‍ പീഡനം ഏല്‍ക്കുകയും മാനസിക രോഗിയായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ആദ്യ ഇരയല്ല മൊഫിയ പര്‍വ്വീണ്‍. വിവാഹമോചന കേസുകള്‍ കോടതിക്ക് മുന്നിലെത്തുമ്പോള്‍ നിരത്തുന്ന കാരണങ്ങളിലൊന്ന് സ്ത്രീ മാനസികരോഗിയാണെന്നതാണ്. ഇതിനായി സ്വകാര്യ ക്ലിനിക്കുകളുടെ സാക്ഷ്യപത്രങ്ങളും ഹാജരാക്കും. കുടുംബ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരോട് സംസാരിച്ചാല്‍ ഇത്തരം നിരവധി 'മാനസിക രോഗികളെ' കണ്ടെത്താന്‍ കഴിയും.
ഭാര്യയ്ക്ക് മാനസിക രോഗമുണ്ടെന്ന് തെളിയിക്കുന്ന 'രേഖ'യുമായി വിവാഹ മോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയിലെത്തിയ യുവാവ്. ഭര്‍ത്താവും ഭര്‍തൃമാതാവും മാത്രമാണ് എത്തിയതെങ്കിലും നേരിട്ട് കാണുക പോലും ചെയ്യാത്ത പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ചികിത്സ വേണമെന്നും സൈക്കോളജിസ്റ്റ് എഴുതി നല്‍കി. തന്നെ ചികിത്സിക്കാനായി ഭര്‍ത്താവും ഭര്‍തൃമാതാവും രേഖയുണ്ടാക്കിയ സംഭവം കേസിന്റെ വിചാരണ വേളയിലാണ് പെണ്‍കുട്ടി അറിയുന്നത്.
പ്ലസ് ടു അധ്യാപികയില്‍ നിന്നും വിവാഹമോചനം തേടി കോടതിയിലെത്തിയ ഭര്‍ത്താവ്. കോടതിയില്‍ രേഖകളും സാക്ഷികളെയും ഹാജരാക്കി. ഭാര്യ മാനസിക രോഗിയാണെന്ന ആരോപണം തന്നെ ബന്ധത്തില്‍ നിന്നും മോചനം നേടാനുള്ള കാരണം. വീട്ടിലെ കാവില്‍ വിളക്ക് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഭാര്യയെ മാനസിക രോഗിയാക്കിയെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. മാനസിക രോഗമില്ലെന്ന് തെളിയിക്കേണ്ട ബാധ്യത യുവതിയുടേതായി. രോഗമുണ്ടെന്ന് ആരോപിക്കുന്ന കാലത്തും സ്‌കൂളില്‍ പോയിരുന്നുവെന്നും പഠിപ്പിച്ചിരുന്നുവെന്നും അസ്വഭാവികമായ ഒന്നും അധ്യാപികയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും സ്‌കൂള്‍ അധികൃതരും സഹഅധ്യാപകരും സാക്ഷി പറഞ്ഞു. ഇങ്ങനെയാണ് മാനസിക രോഗമില്ലെന്ന് ആ അധ്യാപിക കോടതിയില്‍ തെളിയിച്ചത്.
അവിഹിതം, മാനസിക രോഗം വിവാഹമോചനത്തിനുള്ള കുറുക്കുവഴികള്‍
സമീപകാലത്ത് കോടതിക്ക് മുന്നിലെത്തുന്ന വിവാഹമോചന കേസുകളില്‍ ഭൂരിഭാഗത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള പ്രധാന ആയുധം അവിഹിതമോ മാനസിക രോഗമോ ആണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കാരണം കാണിക്കാതെ കോടതികള്‍ വിവാഹ മോചനം അനുവദിക്കില്ലെന്നതാണ് സ്ത്രീകളെ മാനസിക രോഗികളോ വിവാഹേതര ബന്ധങ്ങള്‍ ഉള്ളവരോ ആയി ചിത്രീകരിക്കാന്‍ പുരുഷനെ പ്രേരിപ്പിക്കുന്നത്. കോടതിക്ക് മുന്നിലെത്തുന്ന സ്ത്രീക്ക് വിവാഹമോചനം, കുട്ടികളെ വിട്ടുകിട്ടല്‍, ചിലവിന് ആവശ്യമായ തുക ലഭിക്കല്‍, ആഭരണങ്ങള്‍ വിട്ടുകിട്ടല്‍ എന്നിങ്ങനെ നിരവധി കേസുകളുണ്ടാകും. വിവാഹ ബന്ധത്തില്‍ നിന്നും മോചനം കിട്ടേണ്ടത് എന്തുകൊണ്ടെന്ന് സ്ത്രീ കാരണങ്ങള്‍ അവതരിപ്പിക്കുമെന്ന് അഭിഭാഷക പി. സപ്‌ന പറയുന്നു.
'മാനസിക രോഗവും സ്വഭാവദൂഷ്യവുമാണ് 96% വിവാഹമോചന കേസുകളിലും ആരോപിക്കുന്നത്. സ്ത്രീകള്‍ പരാതി നല്‍കുന്ന കേസുകളിലും ഇതേ ആരോപണങ്ങളാണ് പ്രതിരോധിക്കാനായി പുരുഷന്‍മാര്‍ ഉപയോഗിക്കുക. വിവാഹമോചനം ആവശ്യപ്പെടുന്ന സ്ത്രീകളുടെ പരാതികള്‍ കൃത്യവും വ്യക്തവുമായിരിക്കും. അവര്‍ അനുഭവിച്ച പ്രശ്‌നങ്ങളായിരിക്കും ഉന്നയിക്കുക'.
ഏഴുവര്‍ഷമായി വിവാഹമോചനത്തിനായി നിയമവഴിയിലൂടെ സഞ്ചരിക്കുന്ന കൂട്ടുകാരിയെക്കുറിച്ച് ഡോക്ടര്‍ വീണാ ജെ.എസ് പറയുന്നു.ഗാര്‍ഹിക പീഡനമായിട്ട് പോലും കോടതി പരിഗണിക്കുന്നില്ല. മനസിന്റെ മുറിവുകള്‍ക്ക് എന്ത് തെളിവാണ് കാണിക്കുക. അതിന് കോടതി തന്നെ ഉത്തരം പറയണം.
സ്വന്തം താല്‍പര്യമാണ് വിവാഹമോചനത്തിലേക്ക് നയിക്കുന്നതെങ്കിലും സ്ത്രീ മാനസിരോഗിയാണെന്ന് ചിത്രീകരിച്ചാല്‍ മറ്റ് ബാധ്യതകളില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതുന്ന പുരുഷന്മാരുമുണ്ട്. മാനസിക രോഗം മറച്ച് വെച്ചാണ് വിവാഹം കഴിപ്പിച്ചതെന്നായിരിക്കും ഇവര്‍ ആരോപിക്കുകയെന്ന് കോഴിക്കോട് കുടുംബ കോടതിയിലെ ലിസി വി.ടി ചൂണ്ടിക്കാണിക്കുന്നു.
ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോഡറാണ് പ്രധാനമായും വിവാഹമോചനത്തിനുള്ള കാരണമായി അവതരിപ്പിക്കുന്നത്. പേഴ്‌സണാലിറ്റി ഡിസോഡര്‍ പുറത്ത് വരുന്നത് മിക്കപ്പോഴും അടുത്ത ബന്ധങ്ങളിലായിരിക്കുമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നു. വിവാഹം കഴിഞ്ഞെത്തുന്ന പെണ്‍കുട്ടികള്‍ക്ക് പുതിയ വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പ്രയാസമായിരിക്കും. കാര്യങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധത്തില്‍, തുടര്‍ച്ചയായി ചികിത്സ ആവശ്യമുള്ള മാനസിക രോഗങ്ങളാണ് വിവാഹ മോചനം നല്‍കാനുള്ള കാരണമായി നിയമത്തില്‍ പറയുന്നത്. എന്നാല്‍ കൗണ്‍സിലിങ്ങിലൂടെയും തെറാപ്പിയിലൂടെയും പരിഹരിക്കാവുന്ന പ്രശ്‌നങ്ങളെ പോലും വിവാഹ മോചനത്തിനുള്ള വഴിയായി കാണുകയാണ്.
മനഃശാസ്ത്രത്തില്‍ ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് പോലും കൗണ്‍സിലിംഗ് നടത്താമെന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൗണ്‍സിലിംഗ് നടത്തുന്ന ആളുടെ യോഗ്യതയില്‍ സര്‍ക്കാര്‍ കൃത്യമായ മാനദണ്ഡം കൊണ്ട് വരണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റുള്ളവര്‍ പോലും പെണ്‍കുട്ടികളെ ചികിത്സിക്കുകയും അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് രേഖപ്പെടുത്തി നല്‍കുകയും ചെയ്യുന്ന സ്ഥിതിയാണെന്ന് അഡ്വക്കേറ്റ് ആശ ഉണ്ണിത്താന്‍ ചൂണ്ടിക്കാണിക്കുന്നു.
കൗണ്‍സിലര്‍മാരെ നിരീക്ഷിക്കാന്‍ സംവിധാനങ്ങളില്ലെന്നും ആരോപണം ഉയരുന്നുണ്ട്. കാശ് കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നതാണ് സ്ഥിതി. ഇത്തരം സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത കോടതി പരിശോധിക്കണമെന്നില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ആരോപിക്കുമ്പോള്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും എളുപ്പത്തില്‍ പ്രതിരോധത്തിലാക്കാന്‍ കഴിയുന്നുണ്ട്. പെണ്‍കുട്ടികളെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന രക്ഷിതാക്കളുമുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ മാനസിരോഗിയല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം പെണ്‍കുട്ടികളുടേത് മാത്രമാകുന്നു. പലരും ആത്മഹത്യയുടെ വഴിയില്‍ അഭയം തേടുന്നതും പ്രതിരോധിക്കാനുള്ള കരുത്തില്ലാതാകുമ്പോഴാണ്.