ദിലീപിന് പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി, നടി ആക്രമിക്കപ്പെട്ട കേസില്‍ വെളിപ്പെടുത്തല്‍

ദിലീപിന് പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി, നടി ആക്രമിക്കപ്പെട്ട കേസില്‍ വെളിപ്പെടുത്തല്‍
Published on

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണ സംഘം നിയമോപദേശം തേടും. ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാറിന്റെ മൊഴി ഇതിന്റെ ഭാഗമായി രേഖപ്പെടുത്തുമെന്നറിയുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ വേളയില്‍ സാക്ഷികള്‍ കൂട്ടമായി കൂറുമാറുന്ന സാഹചര്യത്തിലുണ്ടായ വെളിപ്പെടുത്തല്‍ അന്വേഷണ സംഘം ഗൗരവമായാണ് എടുക്കുന്നത്. കേസില്‍ വിചാരണ കോടതിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതി സമീപിച്ചിരുന്നു. പുനര്‍വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിന് എതിരെയാണ് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രൊസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ദിലീപിനെ നായകനാക്കി 'പിക് പോക്കറ്റ്' എന്ന സിനിമ മുമ്പ് പ്രഖ്യാപിച്ചിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറാണ് റിപ്പോര്‍ട്ടര്‍ ടി.വി., മീഡിയാ വണ്‍ എന്നീ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സുനിയെ കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നത്. ജാമ്യത്തിലിറങ്ങി നാല്‍പത് ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വി.ഐ.പി എത്തിച്ചിരുന്നുവെന്നും. ഇത് ദിലീപും സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കാണുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതായും ബാലചന്ദ്രകുമാര്‍.

2016 ഡിസംബറില്‍ ദിലീപിന്റെ വിട്ടില്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനിയോടും ദിലീപിന്റെ സഹോദരന്‍ അനുപിനോടുമൊപ്പം താന്‍ കാറില്‍ സഞ്ചരിച്ചുവെന്നും ഈ ഘട്ടത്തില്‍ ഇത്രയധികം പൈസ ബസില്‍ കൊണ്ടു പോകുന്നത് സുരക്ഷിതമാണോ എന്ന് അനൂപ് പള്‍സര്‍ സുനിയോട് ചോദിച്ചുവെന്നും ബാലചന്ദ്രകുമാര്‍ അഭിമുഖത്തില്‍ പറയുന്നു. നിരന്തരം ദിലീപ് പള്‍സര്‍ സുനിയുമായുള്ള തന്റെ ബന്ധം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും കേസില്‍ ജാമ്യം കിട്ടിയപ്പോള്‍ തന്നെ വിളിച്ചിരുന്നതായും ഇതിന് രേഖകളുണ്ടെന്നും ബാലചന്ദ്രകുമാര്‍. ദിലീപുമായുള്ള പള്‍സര്‍ സുനിയുടെ ബന്ധത്തെക്കുറിച്ച് പുറത്തു പറയാതിരിക്കാന്‍ ദിലീപിന്റെ ബന്ധുക്കള്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തി. പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന കാര്യം പുറത്തു പറഞ്ഞാല്‍ തന്റെ ജാമ്യത്തെ അതൊരുപക്ഷേ ബാധിച്ചേക്കാമെന്ന് ദിലീപ് പറഞ്ഞതായും ബാലചന്ദ്രകുമാര്‍.

2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോകുകയും ലൈംഗികമായി ഉപദ്രവിച്ചുവെന്നതുമാണ് കേസ്. സംഭവം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 23ന് മലയാള സിനിമാ മേഖലയില്‍ പലരുമായും അടുത്ത ബന്ധമുള്ള, പള്‍സര്‍ സുനി എന്ന പേരില്‍ അറിയപ്പെടുന്ന ഡ്രൈവര്‍ അറസ്റ്റിലായി. 2017 ജൂലായിലാണ് കേസില്‍ ദിലീപ് അറസ്റ്റിലാകുന്നത്. ദിലീപ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് പള്‍സര്‍ സുനി നടിയെ തട്ടിക്കൊണ്ടു പോകുകയും ആക്രമിക്കുകയും ചെയ്തത് എന്നതാണ് പ്രൊസിക്യൂഷന്റെ വാദം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കൈമാറാന്‍ ദിലീപ് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

2017 നവംബര്‍ പതിനഞ്ചിന് ദിലീപിന്റെ വീട്ടില്‍ താനെത്തിയപ്പോള്‍ ദിലീപും, കുടുംബാംഗങ്ങളും, ഒരു വി.ഐ.പിയും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വീട്ടില്‍ വെച്ച് കണ്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. 'പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോ' എന്ന് എല്ലാവരോടുമെന്ന പോലെ ദീലീപ് ചോദിച്ചതായും ബാലചന്ദ്രകുമാര്‍ പറയുന്നു.

നടി ആക്രമിക്കപ്പെട്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം 2017 ഫെബ്രുവരി 20നാണ് അഭിഭാഷകനായ ഇ.സി പൗലോസ് അങ്കമാലി മജിസ്ട്രേറ്റിന് മുമ്പില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് സമര്‍പ്പിക്കുന്നത്. പള്‍സര്‍ സുനി സൂക്ഷിക്കാന്‍ തന്നതാണ് എന്നായിരുന്നു ഇ.സി പൗലോസ് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഈ വീഡിയോ കോടതിയുടെ കൈവശമായിരുന്നു. 2017 ഡിസംബര്‍ 15ന് മാത്രമാണ് ദിലീപിനും ദിലീപിന്റെ അഭിഭാഷകര്‍ക്കും മജിസ്ട്രേറ്റ് ചേംബറില്‍ ദൃശ്യങ്ങള്‍ കാണാനുള്ള അനുമതി ലഭിച്ചത്. അന്ന് വീഡിയോയിലെ ശബ്ദം എന്‍ഹാന്‍സ് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫോറന്‍സിക് അനാലിസിസും ഉണ്ട്. പക്ഷേ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പ്രകാരം 2017 നവംബര്‍ 15ന് തന്നെ ദിലീപ് ദൃശ്യങ്ങള്‍ കണ്ടുവെന്നാണ് പറയുന്നത്. അതില്‍ ശബ്ദം വ്യക്തമായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

ഒരുമാസത്തിന് ശേഷം 2018 ജനുവരി 15ന് ഹെഡ്ഫോണ്‍ ഉപയോഗിച്ച് കടുത്ത നിയന്ത്രണത്തിലാണ് താന്‍ ദൃശ്യങ്ങള്‍ കണ്ടതെന്നും ഈ ദൃശ്യങ്ങള്‍ തനിക്കെതിരെ പൊലീസ് കെട്ടിച്ചമച്ചതാണ് ഈ കേസ് എന്ന് വ്യക്തമാക്കുന്നുണ്ടെന്നും കാണിച്ച് മറ്റൊരു പരാതി നല്‍കി. വീഡിയോയിലെ ചില സംഭാഷണങ്ങളാണ് ദിലീപ് തെളിവായി വെച്ചത്. വീഡിയോയും പകര്‍പ്പ് നല്‍കണമെന്നും ദിലീപ് പരാതിയില്‍ ആവശ്യപ്പെട്ടു.

പ്രൊസിക്യൂഷന്‍ 2018 ജനുവരി 22 ന് ദിലീപിന്റെ പരാതിക്കെതിരായി മറ്റൊരു പരാതി സമര്‍പ്പിച്ചു. ഇതില്‍ തികച്ചും അവ്യക്തമായ സംഭാഷണ ശകലങ്ങള്‍ ദിലീപിന്റെ പരാതിയില്‍ വ്യക്തമായി പറയുന്നത് പ്രതിയുടെ കൈവശം ദൃശ്യങ്ങള്‍ നേരത്തേ എത്തി എന്നതിന്റെ തെളിവാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വീഡിയോയെക്കുറിച്ചും ഓഡിയോയെക്കുറിച്ചുമുള്ള ദിലീപിന്റെ വിശദമായ വിമര്‍ശനങ്ങള്‍ അത്യാധുനിക സാങ്കേതിക വിദ്യകളുള്ള സ്റ്റുഡിയോയില്‍ വെച്ച് ദിലീപ് നേരത്തെ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ ഉടമസ്ഥതതയിലുള്ള ലക്ഷ്യ ഓഫീസില്‍ ഈ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി എത്തിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്റെ മറ്റൊരു വാദം.

ദിലീപിന്റെ അഭിഭാഷകര്‍ സാക്ഷികളിലൊരാളായ സാഗറിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മറ്റൊരു ആരോപണം. ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനുപൂം തമ്മില്‍ സാഗറിനെ സ്വാധീനിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് താന്‍ കേട്ടതായാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. 2017 ഫെബ്രുവരി 22 ന് അറസ്റ്റിലാകുന്നതിന് ഒരു ദിവസം മുന്‍പ് പള്‍സര്‍ സുനി ലക്ഷ്യ സ്റ്റോര്‍സില്‍ എത്തിയെന്നാണ് സാഗര്‍ പറഞ്ഞത്. മജിസ്ട്രേറ്റിന് മുമ്പിലും സാഗര്‍ ഇത് പറഞ്ഞിരുന്നു. എന്നാല്‍ ലക്ഷ്യയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാനില്ലായിരുന്നു. വിചാരണ വേളയില്‍ സാഗര്‍ ഈ മൊഴി മാറ്റിപ്പറയുകയും ചെയ്തു. സാഗറിന്റെ സുഹൃത്ത് സുനീറിനും ഇക്കാര്യം അറിയാമായിരുന്നു. സുനീര്‍ മജിസ്ട്രേറ്റിന് നല്‍കിയ സ്റ്റേറ്റ്മെന്റില്‍ ഉറച്ച് നില്‍ക്കുകയും സ്പെഷ്യല്‍ സി.ബി.ഐ കോടതിയില്‍ പോയി പള്‍സര്‍ സുനിയുടെ കാര്യം പറയുകയും ചെയ്തു. മൊഴി മാറ്റാന്‍ സാഗറിന് ദിലീപിന്റെ വക്കീലിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും സുനീര്‍ പറഞ്ഞു. സുനീര്‍ പറഞ്ഞ കാര്യങ്ങളാണ് ബാലചന്ദ്രകുമാറും ആവര്‍ത്തിക്കുന്നത്. ദിലീപിന്റേതാണെന്ന് അവകാശപ്പെട്ടുള്ള ചില വോയ്‌സ് റെക്കോര്‍ഡുകള്‍ റിപ്പോര്‍ട്ടര്‍ ടി.വി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ദിലീപിന് പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി, നടി ആക്രമിക്കപ്പെട്ട കേസില്‍ വെളിപ്പെടുത്തല്‍
നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തല്‍ : ഗണേഷിന്റെ സെക്രട്ടറിക്കെതിരെ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്
ദിലീപിന് പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി, നടി ആക്രമിക്കപ്പെട്ട കേസില്‍ വെളിപ്പെടുത്തല്‍
'ഞാന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം', പാര്‍വതിയുടെ നിലപാടിനോട് ബഹുമാനമെന്ന് കനി കുസൃതി
ദിലീപിന് പള്‍സര്‍ സുനിയുമായി അടുത്ത ബന്ധമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി, നടി ആക്രമിക്കപ്പെട്ട കേസില്‍ വെളിപ്പെടുത്തല്‍
'പല വട്ടം കോടതിയില്‍ കരഞ്ഞു'; വിചാരണ കോടതിയില്‍ നിന്നും മാനസിക പീഡനം നേരിട്ടുവെന്ന് ആക്രമിക്കപ്പെട്ട നടി

Related Stories

No stories found.
logo
The Cue
www.thecue.in