എല്ലാ അവകാശങ്ങളും സമരം ചെയ്തു നേടിയതാണ്, അടൂര്‍ മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണം. അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തും. പഠിക്കാന്‍ വന്നവര്‍ സമരം ചെയ്യാന്‍ പോകില്ല, എന്ന കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാടിനോട് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പറയാനുള്ളത്
കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനങ്ങൾക്കെതിരെയും സംവരണ അട്ടിമറിക്കെതിരെയും നടക്കുന്ന വിദ്യാര്‍ഥി സമരങ്ങളെത്തള്ളിയ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി വിദ്യാര്‍ഥി സംഘടനകള്‍.
പഠിക്കാന്‍ വന്നവര്‍ സമരം ചെയ്യാന്‍ പോകില്ല എന്ന അടൂരിന്റെ പരാമര്‍ശത്തില്‍ എസ്.എഫ്.ഐ യും, കെ.എസ്.യു വും എം.എസ്.എഫും ഒരുപോലെ വിയോജിപ്പ് പ്രകടിപ്പിച്ചു. ഇന്ന് വരെ വിദ്യാര്‍ഥികള്‍ നേടിയെടുത്തതെല്ലാം സമരത്തിലൂടെ പൊരുതി നേടിയതാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയും, വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളെയെല്ലാം ശരിവെക്കുന്നതരത്തിലാണ് അടൂരിന്റെ പ്രതികരണം, സര്‍ക്കാരും മുഖ്യമന്ത്രിയും മൗനം തുടരുന്നത് അപലപനീയമാണ് എന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസും, സംഘടിതമായിട്ടാണ് നമ്മള്‍ പലതും നേടിയിട്ടുള്ളത്. അവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥലങ്ങളില്‍ ശബ്ദമാകാനാണ് വിദ്യാര്‍ഥികള്‍ ഇറങ്ങുക എന്ന് എം.എസ്.എഫ് ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി റുമൈസയും പറഞ്ഞു.
പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് എങ്ങനെയാണ് രണ്ടും മൂന്നും മാസം സമരം ചെയ്യാന്‍ സമയം കിട്ടുന്നത്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികള്‍ സമരം ചെയ്യാന്‍ പോകില്ല, അവര്‍ കൂടുതല്‍ സമയം, കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കും. അങ്ങനെയല്ലാത്തവര്‍ സ്ഥാപനം വിട്ടുപോകണമെന്നെല്ലാമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. അത് കൂടാതെ സ്ഥാപനത്തിനും ഡയറക്ടര്‍ ശങ്കര്‍ മോഹനുമെതിരെ ജാതി വിവേചനമുള്‍പ്പെടെയുള്ള നിരവധി ഗുരുതര പ്രശ്‌നങ്ങള്‍ ഉന്നയിച്ച ശുചീകരണ തൊഴിലാളികളെയും അടൂര്‍ അധിക്ഷേപിച്ചു. പരാതി പറഞ്ഞ് ടിവിക്ക് ഇന്റര്‍വ്യൂ നല്‍കി അവര്‍ സ്റ്റാറായെന്നും, ഉടുത്തൊരുങ്ങി ഡബ്ല്യുസിസിയിലുള്ളവരെപ്പോലെയാണ് ഇപ്പോള്‍ നടക്കുന്നതെന്നുമെല്ലാമായിരുന്നു അടൂര്‍ ആരോപണമുന്നയിച്ച സ്ത്രീകളെക്കുറിച്ച് ന്യുസ് 18 കേരളയോട് പറഞ്ഞത്. ഇതാദ്യമായല്ല സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും അടൂര്‍ അവഹേളിക്കുന്നത്. ഇന്സ്റ്റിറ്റിയൂട്ടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് സമരം ചെയ്യുന്നത്, ജോലി നഷ്ടപ്പെടുമെന്നായപ്പോള്‍ പിടിച്ച് നില്‍ക്കാന്‍വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ നേരത്തെ ദ ക്യു വിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കെ. ആര്‍ നാരായണന്‍ സമരത്തില്‍ കൃത്യമായി ഇടപെടാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ വലിയരീതിയില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. നേരിട്ട് പോയി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കാണുകയും പിന്തുണയറിയിക്കുകയും ചെയ്തിരുന്നെങ്കിലും, ഒരു തീരുമാനമുണ്ടാകുന്നതിലേക്ക് നയിക്കുന്ന ഇടപെടലുകള്‍ സംഘടനകളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഐഎഫ്എഫ്‌കെയില്‍ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ആഷിക് അബു ഉള്‍പ്പെടെയുള്ളവരും സംവിധായകന്‍ ജിയോ ബേബിയുമെല്ലാം വിദ്യാര്‍ഥി സംഘടനകള്‍ സമരത്തില്‍ ഇടപെടാത്തത് പലപ്പോഴായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ഥി സമരങ്ങളെ തള്ളിപ്പറയുന്ന തരത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ അടൂര്‍ പ്രതികരിച്ചപ്പോള്‍ സംഘടനകള്‍ മറുപടിയുമായി രംഗത്ത് വരികയാണ്.
എല്ലാ അവകാശങ്ങളും സമരം ചെയ്തു തന്നെ നേടിയെടുത്തതാണ്: എസ്.എഫ്.ഐ
നാളിതുവരെ വിദ്യാര്‍ഥികള്‍ നേടിയതെല്ലാം സമരം ചെയ്ത് നേടിയെടുത്തതാണ്. ഇന്നത്തെ സമൂഹത്തില്‍ അവരുന്നയിക്കുന്ന ജാതി അധിക്ഷേപമടക്കം തുടച്ചു നീക്കപ്പെടേണ്ടതാണ്. അത്തരം വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുക്കുകയും, സമൂഹത്തില്‍ ഇത് നടക്കില്ല എന്ന് പറയുന്നതും രാഷ്ട്രീയമാണ്. സമരം ചെയ്യാന്‍ പാടില്ല, വിദ്യാര്‍ഥികള്‍ ക്ലാസ് മുറികളിലും പാഠപുസ്തകങ്ങളിലും ഒതുങ്ങണം എന്ന് പറയുന്ന നിലപാടിനോട് എസ്.എഫ്.ഐ എന്ന സംഘടനയ്ക്ക് യോജിച്ച് പോകാന്‍ പറ്റില്ല. എസ്.എഫ്.ഐ യുടെ ചരിത്രമെടുത്താലും, ഈ നാടിന്റെ ചരിത്രമെടുത്താലും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു നേടിയെടുത്ത അവകാശങ്ങളാണെല്ലാം. ഈ നിലപാടിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ദ ക്യു വിനോട് പറഞ്ഞു.
എസ്.എഫ്.ഐ കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഏതു വിധത്തില്‍ ഇടപെടാനും എസ്.എഫ്.ഐ തയ്യാറാണ്. എസ്.എഫ്.ഐ ഭാരവാഹികള്‍ തന്നെ നേരിട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ജാതി അധിക്ഷേപങ്ങള്‍ ഏതു സ്ഥാപനത്തില്‍ നടന്നാലും തുറന്നു കാണിക്കപ്പെടണം, ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത കാര്യവുമാണിത്. അതിന്റെതായ ഗൗരവത്തില്‍ എസ്.എഫ്.ഐ ഇതിനെ കാണുന്നു അനുശ്രീ, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്
അനുശ്രീ, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്
അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന അപമാനകരം: കെ.എസ്.യു
കെ. ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാഫുകള്‍ക്കും നേരിടേണ്ടി വന്ന അനുഭവങ്ങള്‍ അതീവ ഗൗരവ സ്വഭാവം ഉള്ള ജാതി വിവേചനങ്ങള്‍ തന്നെയാണെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനകള്‍ തികച്ചും സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
അടൂര്‍ നടത്തിയ പ്രസ്താവന വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങളെല്ലാം ശരി വെയ്ക്കുന്നതാണ്. പഠിക്കണോ അതോ സമരം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഈ നാട്ടിലെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ട്. ഈ വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അഭിപ്രായം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമില്ല. ഇതുവരെ പ്രതികരിക്കാതെ സര്‍ക്കാരും മുഖ്യമന്ത്രിയും മൗനം തുടരുന്നത് അപലപനീയമാണ്. അടൂര്‍ ഈ പ്രസ്താവന മാപ്പ് പറഞ്ഞു പിന്‍വലിക്കണം.
അലോഷ്യസ് സേവ്യര്‍ , കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്
അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തും: എം.എസ്.എഫ്
നെല്‍സണ്‍ മണ്ടേലയെപ്പോലെ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട, ഇന്ത്യയിലെ ആദ്യത്തെ ദളിത് രാഷ്ട്രപതിയായ, കെ.ആര്‍ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിലാണ് ഇത് നടക്കുന്നത്. ഇപ്പോള്‍ അവിടെ നടന്നു കൊണ്ടിരിക്കുന്നത് മലയാളികളെ നാണം കെടുത്തുന്ന കാര്യങ്ങളാണ്. നേരത്തെ സംവരണം അട്ടിമറിക്കപ്പെട്ട സംഭവം നടന്നപ്പോള്‍ തന്നെ അതില്‍ കൃത്യമായ ഇടപെടല്‍ നടക്കാത്തത് കൊണ്ടാണ് വിഷയം ഇത്രയും വഷളായതെന്ന് എം.എസ്.എഫ് ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി റുമൈസ പറഞ്ഞു.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. സംഘടിതമായിട്ടാണ് നമ്മള്‍ പലതും നേടിയിട്ടുള്ളത്. അവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥലങ്ങളില്‍ ശബ്ദമാകാനാണ് വിദ്യാര്‍ഥികള്‍ ഇറങ്ങുക. അദ്ദേഹത്തെ പോലൊരാള്‍ ഇങ്ങനെ സംസാരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ മാറ്റിമറിക്കാന്‍ കഴിവുള്ളവരാണ് വിദ്യാര്‍ഥികള്‍, അതിനുദാഹരണമാണ് സി.എ.എ-എന്‍.ആര്‍.സി സമരങ്ങള്‍. അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക എന്നത് ഇന്ന് ഒരു വിദ്യാര്‍ത്ഥിയുടെ ഉത്തരവാദിത്വമാണ്. കെ.ആര്‍ നാരായണനിലെ വിദ്യാര്‍ത്ഥികളും അതുതന്നെയാണ് ചെയ്യുന്നത്.
റുമൈസ , എം.എസ്.എഫ് ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി
ഇരുപതു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരം കാണാതെ കെ.ആര്‍ നാരായണന്‍ സമരം മുന്നോട്ടു പോവുകയാണ്. നേരത്തെ വിഷയം പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയെ മാറ്റി, സര്‍ക്കാര്‍ ഒരു ഹൈ-ലെവല്‍ കമ്മിറ്റിയെ നിയമിച്ചിരുന്നു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ജനുവരി എട്ടാം തീയ്യതി സര്‍ക്കാരിന് സമര്‍പ്പിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. എട്ടാം തീയ്യതിക്കുള്ളില്‍ പ്രശ്നങ്ങള്‍ക്കെല്ലാം ഒരു തീരുമാനമുണ്ടാക്കാം എന്ന കളക്ടറുടെ വാക്കിന്റെ പുറത്തതാണ് ഇപ്പോഴും വിദ്യാര്‍ഥികള്‍ സമരവുമായി ആ സ്ഥാപനത്തില്‍ തുടരുന്നത്. പുതുവര്‍ഷത്തില്‍ പ്രതീക്ഷകള്‍ നഷ്ട്ടപ്പെടുകയാണെങ്കിലും പിടിച്ച് നില്‍ക്കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.