ഒറ്റരാത്രിയിലെ മഴ കൊണ്ട് തന്നെ കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചി ഏറെക്കുറെ വെള്ളക്കെട്ടിലായി. മണ്‍സൂണ്‍ കനക്കുമ്പോള്‍ കൊച്ചി മുങ്ങുന്ന പതിവ് സാഹചര്യമൊഴിക്കാന്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ കൊണ്ടും കാര്യമായ ഗുണമുണ്ടായില്ല. കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനായി കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ചെലവഴിച്ചത് 49,2793652 രൂപ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലില്‍ ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിലൂടെ കാനകളും കനാലുകളും വികസിപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്തു. 18 പദ്ധതികളാണ് കൊച്ചി കോര്‍പ്പറേഷനും ഇതുവരെ ആവിഷ്‌കരിച്ചത്. അമ്പത് കോടിക്കടുത്ത് ചെലവഴിച്ചിട്ടും കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ നഗരത്തിന്റെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഒറ്റ മഴയില്‍ ഇതാണ് അവസ്ഥയെങ്കില്‍ മഴ കനത്താല്‍ നഗരത്തിലും ഉള്‍മേഖലയിലെ കോളനികളിലെയും അവസ്ഥ എന്താകുമെന്ന ആശങ്ക നിലനില്‍ക്കുന്നു. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിനായി 9,61,11000 രൂപയും കൊച്ചി കോര്‍പ്പറേഷന്റെ അമൃതം പദ്ധതിക്കായി 39,66,82652 രൂപയുമാണ് ചെലവാക്കിയത്. ഈ മഴക്കാലത്തെങ്കിലും ദുരിതം അവസാനിക്കുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. തുടര്‍ച്ചയായി നാലുമണിക്കൂര്‍ മഴ പെയ്താല്‍ കൊച്ചി നഗരം വെള്ളത്തിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ക്കുള്ള അനുമതി അവസാനിപ്പിക്കാതെയും സ്വാഭാവിക നീരൊഴുക്ക് തടഞ്ഞുള്ള കയ്യേറ്റങ്ങള്‍ പൊളിക്കാതെയും വെള്ളക്കെട്ടിന് പരിഹാരമാകില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. കയ്യേറ്റങ്ങളെ തൊടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും കോര്‍പ്പറേഷനും ഒരു പോലെ മടിക്കുന്നതും കൊച്ചിയെ രൂക്ഷപ്രതിസന്ധിയിലെത്തിക്കുമെന്നാണ് ഇവരുടെ വാദം.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ
വെള്ളക്കെട്ട് പരിഹരിക്കാത്ത കൊച്ചി കോര്‍പ്പറേഷനെ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് ഹൈക്കോടതി ചോദിച്ചത്. തലേദിവസം പെയ്ത മഴയില്‍ നഗരം വെള്ളത്തിനടിയിലായതായിരുന്നു ഹൈക്കോടിയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. നഗരത്തില്‍ ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. മുനിസിപ്പാലിറ്റി നിയമത്തിലെ അധികാരം ഉപയോഗിച്ച് നഗരസഭ ഭരണം പിരിച്ചുവിടണമെന്നും ഹൈക്കോടതി പറഞ്ഞു. ഈ വെള്ളക്കെട്ട് വലിയ വിമര്‍ശനത്തിന് ഇടയാക്കിയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ ആരംഭിച്ചത്. നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുന്ന മേഖലകളിലെ കാനകള്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കിയായിരുന്നു തുടക്കം.നഗരത്തിലെ വെള്ളം വേമ്പനാട് കായലിലേക്ക് എത്തിക്കുന്ന രീതിയിലായിരുന്നു പദ്ധതി. ഇതിനായി തോടുകളിലെയും കായല്‍മുഖങ്ങളിലെയും തടസങ്ങള്‍ നീക്കി.
ഓപ്പറേഷന്‍ അനന്ത മാതൃകയില്‍ പദ്ധതി മാതൃകയിലായിരുന്നു ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ. വെള്ളക്കെട്ട് ഒഴിവാക്കാന്‍ പ്രത്യേക സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരത്ത് യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്. സമഗ്രപദ്ധതി മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നായിരുന്നു യോഗത്തിലെ തീരുമാനം.
കനാലുകളുടെയും ഓടകളുടെയും ഭൂപടം തയ്യാറാക്കിയായിരുന്നു പദ്ധതി. വെള്ളക്കെട്ടിന് കാരണമാകുന്ന തടസ്സങ്ങള്‍ കണ്ടെത്തി ഹ്രസ്വ കാല ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നായിരുന്നു ജില്ലാഭരണകൂടം അറിയിച്ചിരുന്നത്. ഇതിനായി സര്‍വേ നടത്തി. 27 വാര്‍ഡുകളില്‍ നടത്തിയ സര്‍വേയില്‍ കയ്യേറ്റങ്ങളും അശാസ്ത്രീയ നിര്‍മ്മാണങ്ങളും തോടുകളിലേയും കനാലുകളിലേയും മാലിന്യ നിക്ഷേപങ്ങളുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങള്‍ ജൂണ്‍ ആദ്യവാരം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചിരുന്നു.
പരസ്പരം പഴിചാരി ജില്ലാഭരണകൂടവും കോര്‍പ്പറേഷനും
വെള്ളക്കെട്ടിന് പരസ്പരം പഴിചാരുകയാണ് ജില്ലാഭരണകൂടവും കോര്‍പ്പറേഷനും. ബ്രേക്ക് ത്രൂ നടപ്പാക്കിയ ഇടങ്ങളില്‍ വെള്ളക്കെട്ട് ബാധിച്ചില്ലെന്നാണ് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറയുന്നത്. എം ജി റോഡില്‍ വെള്ളം കയറിയത് മുലശ്ശേരി കനാലില്‍ നിന്നാണ്. ഇത് വൃത്തിയാക്കേണ്ടത് കോര്‍പ്പറേഷനാണെന്നും ജില്ലാ കളക്ടര്‍ പറയുന്നു.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവില്‍ കൂടിയാലോചിച്ചില്ലെന്നതാണ് കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ ആരോപണം. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ പരാജയമാണ് കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ട് തെളിയിക്കുന്നതെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷനായ പി എം ഹാരിസ് ആരോപിക്കുന്നു. ജില്ലാ ഭരണകൂടം ദിവസവും വെറുതെ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. സ്ഥിരമായി കൊച്ചിയില്‍ കരാര്‍ എടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാതെ ആലപ്പുഴയില്‍ നിന്നുള്ളവരെ കൊണ്ടുവരികയായിരുന്നു. കൊച്ചിയിലുള്ള കോണ്‍ട്രാക്ടര്‍മാര്‍ക്ക് എവിടെയൊക്കെയാണ് പ്രശ്‌നമുള്ളതെ്ന്ന് അറിയാമായിരുന്നു. അതിലെ വീഴ്ച പരിശോധിക്കണം.
65 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയിരുന്നു. 30 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ നല്‍കാമെന്ന് പറഞ്ഞത്. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിനെതിരെ കൗണ്‍സിലര്‍മാര്‍ക്ക് പരാതിയുണ്ടായിരുന്നു. എംഎല്‍എമാരായ പിടി തോമസും ടിജെ വിനോദും ഇടപെട്ട് യോഗം വിളിച്ചു. ഫണ്ടില്ലെന്നായിരുന്നു യോഗത്തില്‍ ജില്ലാ കളക്ടര്‍ പറഞ്ഞത്. രണ്ടാംഘട്ടത്തിലെ പദ്ധതികളില്‍ തോടുകളും കാനകളും വൃത്തിയാക്കുമ്പോള്‍ കോര്‍പ്പറേഷനുമായി ആലോചിച്ചില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അറിയാതെയാണ് പദ്ധതി നടപ്പിലാക്കിയത്. കോര്‍പ്പറേഷന് ഒരു വിവരവും ലഭിച്ചില്ല. കളക്ടറേയോ സര്‍ക്കാരിനോയോ കുറ്റംപറയാന്‍ കോര്‍പ്പറേഷനില്ല. എല്ലാ കൊല്ലത്തെയും പോലെ മഴക്കാലപൂര്‍വ്വ ശുചീകരണം ഇത്തവണയും നടത്തിയിട്ടുണ്ട്. എല്ലാ ഡിവിഷനുകള്‍ക്കും മൂന്ന് ലക്ഷം വീതം നല്‍കിയിട്ടുണ്ട്. 73 കൗണ്‍സിലര്‍മാരും ഈ ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ട്. തോടുകളും കോരിയിട്ടുണ്ട്. മാലിന്യങ്ങള്‍ തോടുകളില്‍ തള്ളുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിനായി അമൃതം പദ്ധതിയിലൂടെ 19 കോടിയുടെ ജോലി നടന്നുകൊണ്ടിരിക്കുകയാണ്. തോടിന്റെ അരികുകള്‍ കെട്ടുകയും മാലിന്യം തടയുന്നതിനുള്ള നെറ്റ് കെട്ടുകയുമാണിപ്പോള്‍. 7 കോടിയുടെ ജോലി പൂര്‍ത്തിയായി. കൊവിഡ് കാരണം ഇത് തടസ്സപ്പെട്ടിരിക്കയാണ്. മാര്‍ച്ചില്‍ കാലാവധി കഴിയുന്നതോടെ ഇതിലെ ഫണ്ട് നഷ്ടപ്പെടും.
കൊച്ചി കോര്‍പ്പറേഷന് കീഴിലെ കായല്‍ മുഖങ്ങളിലെ തടസ്സം മാത്രം മാറ്റിയാല്‍ മതിയാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വേലിയേറ്റ സമയത്ത് വെള്ളം നഗരത്തിലേക്ക് കയറുന്നുണ്ട്. മെട്രോ പദ്ധതി നഗരത്തിലെ ഓടകള്‍ അടച്ചുവെന്ന് കോര്‍പ്പറേഷന്‍ ആരോപിക്കുന്നു. വെള്ളം ഒഴുകി പോകാനുള്ള വഴികള്‍ ഇല്ലാതായി. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തുള്ള ഓട പൂര്‍ണമായും മണ്ണിട്ട് മൂടിയാണ് മെട്രോ സ്‌റ്റേഷന്‍ നിര്‍മ്മിച്ചത്. കെഎംആര്‍എല്ലിനെ ഇത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ആലോചിക്കാത്തതിന്റെ കുഴപ്പമാണ് ഈ അശാസ്ത്രീയമായ നിര്‍മ്മാണം.
സിപിഎമ്മിന് പറയാനുള്ളത്
വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കി അധികാരത്തിലെത്തിയ യുഡിഎഫ് 10 വര്‍ഷം കൊണ്ട് ഒന്നും ചെയ്തില്ലെന്ന് സിപിഎം ജില്ലാകമ്മിറ്റിയംഗം എം അനില്‍ കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. പത്ത് വര്‍ഷം ആവശ്യത്തിലധികം സമയമാണ്. എല്‍ഡിഎഫ് അധികാരത്തിലുള്ളപ്പോള്‍ പഠനം നടത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഫണ്ടില്ലാത്തതിനാല്‍ 30 ശതമാനം ജോലിയെ ചെയ്യാന്‍ കഴിഞ്ഞുള്ളു. അത് പൂര്‍ത്തിയാക്കാനുള്ള ഉത്തരവാദിത്വം യുഡിഎഫിനുണ്ടായിരുന്നു. 18 വര്‍ഷം മുമ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് പോലും ഭരണസമിതി തുറന്നു നോക്കിയില്ല. എല്ലാ കാര്യത്തിനും സംസ്ഥാന സര്‍ക്കാരിനെ ആശ്രയിക്കുകയാണ് കോര്‍പ്പറേഷന്‍. റോഡിനും മാലിന്യസംസ്‌കരണത്തിനും പണമില്ലെന്നാണ് പറയുന്നത്. ജനകീയ ആസൂത്രണഫണ്ട് ഉള്‍പ്പെടെ ഉപയോഗിക്കുന്നില്ലെന്നും സിപിഎം ആരോപിക്കുന്നു.
കയ്യേറ്റങ്ങള്‍ തൊടാതെ വെള്ളക്കെട്ടിന് പരിഹാരമില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണം അടഞ്ഞ ഓടകളും സ്വാഭാവികമായ നീരൊഴുക്കുകള്‍ തടസ്സപ്പെടുത്തിയുള്ള അനധികൃത കയ്യേറ്റങ്ങളുമാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ തുടങ്ങുമ്പോള്‍ വ്യക്തമാക്കിയിരുന്നു. അടഞ്ഞ ഓടകള്‍ തുറക്കാനും വെള്ളം ഒഴുക്കിവിടാനും മാത്രമായിരുന്നു ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിലൂടെ ശ്രമിച്ചതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കയ്യേറ്റങ്ങളെ തൊടാന്‍ ജില്ലാഭരണകൂടം തയ്യാറായില്ല.
കായല്‍ കയ്യേറ്റങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ജില്ലാ ഭരണകൂടം നടപടിയെടുത്തില്ലെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ആരോപിക്കുന്നു. പേരണ്ടൂര്‍ കനാലിലെ കയ്യേറ്റത്തില്‍ അളന്ന് തിട്ടപ്പെടുത്തിയ റിപ്പോര്‍ട്ടിന് മുകളില്‍ ജില്ലാ കളക്ടര്‍ അടയിരിക്കുകയാണ്. പേരണ്ടൂര്‍ കനാലിന്റെ വീതി കൂട്ടിയാല്‍ കൊച്ചിയിലെ എല്ലാ വെള്ളവും കായലിലേക്ക് കൊണ്ടുപോകാന്‍ കഴിയും. പോളയും ചെളിയും വന്ന് അടിഞ്ഞിരിക്കുകയാണ്. കായല്‍മുഖത്തെ മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ വെള്ളം ഒഴുകി പോകില്ലെന്നും ഹരീഷ് പറയുന്നു.
തിരുവനന്തപുരത്തെ ഓപ്പറേഷന്‍ അനന്ത വിജയിച്ചത് അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത് കൊണ്ടാണ.് ചീഫ് സെക്രട്ടറി നേരിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. സര്‍ക്കാരിന്റെ സ്ഥലം കയ്യേറി, വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയെന്നതിനാലാണ് ചീഫ് സെക്രട്ടറി തന്നെ ഇതില്‍ ഇടപെട്ടത്. ദുരന്തനിവാരണ ആക്ട് പ്രകാരം നടപ്പിലാക്കി ഓപ്പറേഷന്‍ അനന്തയ്‌ക്കെതിരെ ബാറുടമകള്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വന്‍കിട ബാറുകളും, പത്ര ഓഫീസുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നിട്ടും പൊളിച്ച് നീക്കി വെള്ളത്തിന് ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കിയെന്നും ഹരീഷ് ചൂണ്ടിക്കാണിക്കുന്നു.
കൊച്ചിയിലെ കയ്യേറ്റങ്ങളെ തൊടാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ദുരന്തനിവാരണ ആക്ട് പ്രകാരം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയോ ഭാവിയിലേക്ക് ആവശ്യമായ രീതിയില്‍ ഓടകളുടെ വീതി കൂട്ടുകയോ ചെയ്തിട്ടില്ല. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കിയ സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാത്തത് കൊണ്ടാണിത്. കോടികള്‍ മുടക്കി ഓടകളുടെ ആഴം കൂട്ടുക മാത്രമാണ് ചെയ്തത്. മെട്രോയുടെ അശാസ്ത്രീയ നിര്‍മ്മാണവും വെള്ളക്കെട്ടിന് കാരണമാണ്.
ഹരീഷ് വാസുദേവന്‍
കൊച്ചി വാട്ടര്‍ മെട്രോ പ്രൊജക്ടിന് വേണ്ടി നാറ്റ്പാക് നടത്തിയ പഠനത്തില്‍ കനാലുകളുടെ വിസ്തൃതി കുറഞ്ഞുവെന്നാണ് പറയുന്നത്. റിപ്പോര്‍ട്ട് കെഎംആര്‍എല്ലിന് സമര്‍പ്പിച്ചിട്ടുണ്ട്. കനാലുകള്‍ വീതി 40 മീറ്ററായി കൂട്ടണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിയില്ലെന്നതിനാല്‍ 20.5 മീറ്ററായി വീതി കുറയ്ക്കാനായിരുന്നു തീരുമാനം. കയ്യേറ്റങ്ങളിലൂടെ കനാലുകളുടെ വീതി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത കയ്യേറ്റങ്ങളുണ്ടെന്ന് ജില്ലാ കളക്ടര്‍ സമ്മതിച്ചതാണ്. തോടുകളിലെയും കനാലുകളിലേയും കയ്യേറ്റങ്ങളെ തൊടാന്‍ മടിക്കുകയാണ്. റവന്യുവകുപ്പിന്റെ രേഖകളിലെ വിസ്തീര്‍ണത്തിലേക്ക് പുനസ്ഥാപിച്ചാല്‍ വെള്ളക്കെട്ടിന് പരിഹാരമാകും. 40 മീറ്ററിലേക്ക് വീതി കൂട്ടുന്നത് ജലഗതാഗതത്തിന് വേണ്ടി മാത്രമല്ല, വെള്ളക്കെട്ട് കുറയ്ക്കുന്നതിനും കഴിയുമായിരുന്നു.
നിപുണ്‍ ചെറിയാന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍