'ഇഞ്ചക്ഷൻ എടുത്താൽ ഒന്നും ഓർമയുണ്ടാകില്ല', എട്ടാം ക്ലാസുകാരിയെ കാരിയറാക്കി ലഹരിക്കടത്ത്; കർശന നടപടിയെന്ന് മന്ത്രി

'ഇഞ്ചക്ഷൻ എടുത്താൽ ഒന്നും ഓർമയുണ്ടാകില്ല', എട്ടാം ക്ലാസുകാരിയെ കാരിയറാക്കി ലഹരിക്കടത്ത്; കർശന നടപടിയെന്ന് മന്ത്രി
Published on

ആദ്യം ഒരു ബിസ്‌കറ്റാണ് തന്നത്. പരിചയമുള്ള ചേച്ചിയായത് കൊണ്ട് ഞാനത് കഴിച്ച്. അതിനു ശേഷം ഓരോ സ്ഥലത്തും എന്നെ കൊണ്ടുപോയി. കബഡി കളിയിൽ കൂടുതകൾ ഉന്മേഷം കിട്ടുമെന്ന് പറഞ്ഞ് അവർ എനിക്ക് എന്തൊക്കെയോ തന്നു. മൂക്കിൽ മണപ്പിക്കാനും തന്നു. കൈത്തണ്ടയിൽ ഇഞ്ചക്ഷൻ വെക്കുകയും ചെയ്തു.

ലഹരി വിപത്തിനെതിരെ ബോധവൽക്കരണവും ജാ​ഗ്രതാ നടപടികളും സ്കൂളുകൾ തോറും പരിപാടികളുമായി സർക്കാർ നീങ്ങുന്നതിനിടെയാണ് കോഴിക്കോട് അഴിയൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലഹരി മാഫിയ കാരിയർ ആയി ഉപയോ​ഗിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. എട്ടാം ക്ലാസുകാരിയുടെ പെരുമാറ്റത്തിൽ അസാധാരണത്വം തോന്നിയ സ്‌കൂൾ അധികൃതരാണ് വിവരം രക്ഷിതാക്കളെ അറിയിക്കുന്നത്. തുടർന്നാണ് രക്ഷിതാക്കൾ ചോമ്പാല പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. പരാതി നൽകാനെത്തിയപ്പോൾ തനിക്ക് ലഹരി തന്നവർ സ്റ്റേഷൻ പരിസരത്ത് ചുറ്റിക്കറങ്ങിയിരുന്നു എന്നും അപ്പോൾ പേടി തോന്നി എന്നും കുട്ടി പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അഴിയൂർ സ്വദേശി അദ്‌നാനെ പ്രതിയാക്കി പോലീസ് പോസ്‌കോ കേസ് രെജിസ്റ്റർ ചെയ്തു. ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും കുട്ടിയുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് പോലീസ് അദ്നാനെ പറഞ്ഞയക്കുകയായിരുന്നു. പൊലീസ് കേസ് ​ഗൗരവമായി എടുത്തില്ലെന്നും ഭാ​ഗ്യം കൊണ്ടാണ് കുട്ടിയെ തങ്ങൾക്ക് തിരികെ കിട്ടിയതെന്നുമാണ് കുടുംബത്തിന്റെ വാദം. സംഭവം വിവാദമാവുകയും പൊലീസിനെതിരെ കുട്ടിയുടെ കുടുംബം ആരോപണമുന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ കുട്ടിയിൽ നിന്ന് വീണ്ടും മൊഴിയെടുക്കാനൊരുങ്ങുകയാണ് ചോമ്പാല പൊലീസ്. വിദ്യാർത്ഥിനിയെ സ്‌കൂൾ ബാഗിൽ ലഹരിക്കടത്തിന് കാരിയർ ആയി ഉപയോ​ഗിച്ചെന്ന കണ്ടെത്തലിൽ അന്വേഷണ സംഘങ്ങളെ സംയോജിപ്പിച്ച് ശക്തമായ നടപടിക്ക് ഒരുങ്ങുകയാണെന്ന് മന്ത്രി എം.ബി രാജേഷ് ബുധനാഴ്ച നിയമസഭയെ അറിയിച്ചിരുന്നു.

സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രി എം.ബി രാജേഷ് നിർദേശം നൽകിയിട്ടുണ്ട്. ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശം നൽകി.

'ഇഞ്ചക്ഷൻ അടിച്ചാൽ പിന്നെ ഒന്നും ഓർമയുണ്ടാവില്ല'

'ആദ്യം ഒരു ബിസ്‌കറ്റാണ് തന്നത്. പരിചയമുള്ള ചേച്ചിയായത് കൊണ്ട് ഞാനത് കഴിച്ച്. അതിനു ശേഷം ഓരോ സ്ഥലത്തും എന്നെ കൊണ്ടുപോയി. കബഡി കളിയിൽ കൂടുതകൾ ഉന്മേഷം കിട്ടുമെന്ന് പറഞ്ഞ് അവർ എനിക്ക് എന്തൊക്കെയോ തന്നു. മൂക്കിൽ മണപ്പിക്കാനും തന്നു. കൈത്തണ്ടയിൽ ഇഞ്ചക്ഷൻ വെക്കുകയും ചെയ്തു. ഇഞ്ചക്ഷൻ എടുത്ത് കഴിഞ്ഞാൽ പിന്നെ ഒന്നും ഓർമയുണ്ടാവില്ല. നെഞ്ചൊക്കെ വേദനിക്കും. അന്ന് പിന്നെ ഉറക്കം കിട്ടില്ല. മറ്റ് സ്ഥലങ്ങളിലേക്ക് ലഹരി കടത്തുമ്പോൾ എനിക്ക് അടയാളമായി തന്നത് എക്സ് എന്ന അക്ഷരമായിരുന്നു. സ്‌കൂളിലെ മറ്റു കുട്ടികൾക്ക് ഒരു സ്മൈലിങ് ഇമോജി ആണ് നൽകിയത്. ലഹരിയുമായി ഞാൻ തലശേരി ഡൗൺ ടൗൺ മാളിലാണ് പോയത്. അവിടെ മുടിയൊക്കെ നീട്ടിവളർത്തിയ ഒരാൾ വരും. അയാൾക്കാണ് ഇത് കൊടുക്കുക.' ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോട് വിദ്യാർത്ഥിനി പറഞ്ഞത് ഇതാണ്.

ലഹരിക്കടത്തിനു കുട്ടികൾ തയ്യാറാകാതിരിക്കുമ്പോൾ നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ലെന്നും നിങ്ങളുടെ കാലിലെ അടയാളം നോക്കി ആളുകൾ ഇങ്ങോട്ട് വന്ന് സാധനം കൈപ്പറ്റുമെന്നുമായിരുന്നു സംഘം പറഞ്ഞിരുന്നത്. പലപ്പോഴും ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ കൊണ്ട് സംഘം ലഹരിക്കടത്ത് നടത്തിയത്. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി വെളിപ്പെടുത്തിയിരുന്നു.

എക്സ് ആകൃതിയിൽ കാലിൽ പ്രത്യേക അടയാളം വരപ്പിച്ചാണ് സംഘം ലഹരിക്കടത്ത് നടത്തിയതെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നു. കബഡി കളിയിൽ മിടുക്കിയായിരുന്ന കുട്ടിയ മൈതാനത്ത് വെച്ച് ബിസ്‌കറ്റ് നൽകിയാണ് സംഘം വശത്താക്കിയത്. കളിയിൽ കൂടുതൽ ഉന്മേഷവും ശക്തിയും ലഭിക്കാൻ സഹായിക്കുമെന്ന് പറഞ്ഞ് ലഹരി പദാർത്ഥം മണപ്പിക്കുകയും ഇഞ്ചക്ഷൻ കുത്തി വെയ്ക്കുകയും ചെയ്തു. ഒരു തവണ ബിസ്‌കറ്റ് കഴിച്ചാൽ വീണ്ടുമത് കഴിക്കാൻ തോന്നിയിരുന്നതായി കുട്ടി പറയുന്നു.

കെ.പി മോഹനൻ എംഎൽഎ ആണ് നിയമസഭയിൽ വിഷയം ഉന്നയിച്ചത്. കുട്ടികളെ ലഹരിവാഹകരാക്കുന്നത് ഗൗരവകരമായ വിഷയമാണെന്നും നിയമത്തിന്റെ പഴുതിലൂടെ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യമുണ്ടെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. അഴിയൂരിൽ പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി സഭയെ അറിയിച്ചു. സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് കെ.കെ രമ ആക്ഷേപമുന്നയിച്ചു. സംഭവത്തിൽ വീഴ്ചയുണ്ടായില്ലെന്നാണ് ചോമ്പാല പൊലീസിന്റെ വാദം.

പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് ചോമ്പാല എസ്.എച്ച്.ഒ

പോലീസ് നടപടി കൈക്കൊണ്ടില്ലെന്ന തരത്തിലുള്ള ആക്ഷേപം ശരിയല്ലെന്ന് ചോമ്പാല എസ്.എച്ച്.ഒ മനീഷ് ദ ക്യുവിനോട് പറഞ്ഞു. പരാതി നൽകുമ്പോൾ കുട്ടി പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ചാനലുകളിൽ നടത്തിയ വെളിപ്പെടുത്തലൊന്നും പോലീസിനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നിട്ടും പോക്സോ വകുപ്പിൽ കേസ് രെജിസ്റ്റർ ചെയ്യുകയും പ്രതിയെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. മൊഴിയിലെ പൊരുത്തക്കേട് കാരണമാണ് പറഞ്ഞയച്ചത് എന്നും എസ്എച്ച്ഒ പറഞ്ഞു. 'ഡിസംബർ രണ്ടിന് വൈകീട്ടാണ് കുട്ടി പരാതി നൽകിയത്. ഡിസംബർ മൂന്നിന് തന്നെ പ്രതിയെ ഞങ്ങൾ സ്റ്റേഷനിൽ കൊണ്ടുവന്നു. പരാതിയിൽ പറഞ്ഞ പ്രകാരം നവംബർ 21ന് പ്രതി കുട്ടിയുടെ കവിളിൽ പിടിച്ചെന്നും എന്തോ മണപ്പിക്കാൻ കൊടുത്തതെന്നുമാണുള്ളത്. എന്നാൽ അന്നേ ദിവസം കോളേജ് വിദ്യാർത്ഥിയായ പ്രതി ക്ലാസിലായിരുന്നു. ഒരുപക്ഷെ കുട്ടിക്ക് ദിവസം മാറിപ്പോയതായിരിക്കാം. അതുകൊണ്ട് പെട്ടെന്ന് ഒരു തീരുമാനത്തിൽ എത്താൻ പോലീസ് കഴിയില്ലായിരുന്നു. കൂടുതൽ അന്വേഷണം നടത്തേണ്ടതുള്ളത് കൊണ്ടാണ് പ്രതിയെ പറഞ്ഞുവിട്ടത്.' കൂടുതൽ വെളിപ്പെടുത്തൽ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടതുണ്ടെന്നും അതൊരു കൗൺസിലറുടെ സാന്നിധ്യത്തിൽ ഇന്നോ നാളെയോ എടുക്കുമെന്നും എസ.എച്ച്.ഒ മനീഷ് ദ ക്യുവിനോട് പ്രതികരിച്ചു.

'പോലീസ് കള്ളം പറയുന്നു. ഈ ഗതി ഇനി മറ്റൊരു കുട്ടിക്കും ഉണ്ടാവരുത്.': കുട്ടിയുടെ കുടുംബം

സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ ദ ക്യു കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. പോലീസ് പറയുന്നത് ശരിയല്ലെന്നാണ് വിദ്യാർത്ഥിനിയുടെ അമ്മാവൻ പ്രതികരിച്ചത്. ഡിസംബർ രണ്ടിന് കാലത്ത് തന്നെ പോലീസ് സ്റ്റേഷൻ പോയിരുന്നെന്നും ലഹരിയുടെ കാര്യമടക്കം പറഞ്ഞിരുന്നെന്നും അദ്ദേഹം പറയുന്നു. എന്നാൽ അങ്ങനെയൊന്നും സംഭവിച്ച് കാണില്ല എന്ന ഒഴുക്കൻ സമീപനമാണ് പോലീസ് എടുത്തത്. ഡിസംബർ രണ്ടിന് രാവിലെ പോലീസ് സ്റ്റേഷൻ എത്തിയെങ്കിലും വൈകുന്നേരം വരെ പോലീസ് കുട്ടിയെ പല കുറി ചോദ്യം ചെയ്തിരുന്നു. ലഹരിയുടെ വകുപ്പ് ചേർക്കണമെങ്കിൽ തെളിവ് വേണമെന്ന് പറഞ്ഞ് പോലീസ് പോക്‌സോ വകുപ്പിൽ മാത്രം കേസ് എടുക്കുകയുമാണ് ചെയ്തത്. 'ഭാഗ്യം കൊണ്ടാണ് ഇപ്പോഴെങ്കിലും ഇത് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത്. ഞങ്ങളെ സംബന്ധിച്ച് ഈ ഗതി ഇനി മറ്റൊരു കുട്ടിക്കും ഉണ്ടാവരുത്. ആ സ്‌കൂളിൽ തന്നെ ഇതുപോലെ കുറെ കുട്ടികൾ ഇതിന്റെ ഇരകളാണ്. അവർക്കൊക്കെ നീതി കിട്ടണമെങ്കിൽ ലഹരിയുടെ കാര്യം കേസിൽ ഉൾപ്പെടുത്തണം. പക്ഷെ പോലീസ് അതിനു തയ്യാറായില്ല.' അദ്ദേഹം പറഞ്ഞു.

'ഗുരുതരം, പിന്നിൽ വൻ മാഫിയ'

ലഹരിക്കടത്തിനു ഉപയോഗിക്കപ്പെട്ട വിദ്യാർത്ഥിനിയെ നേരിട്ടറിയാമെന്നും സംഭവം അതീവ ​ഗുരുതരമാണെന്നും അഴിയൂർ പഞ്ചായത്ത് മെമ്പർ സലിം അഴിയൂർ. അദ്ദേഹം ദ ക്യു വിനോട് പറയുന്നത് ഇങ്ങനെ 'അവൾ വളരെ സ്മാർട്ട് ആയ ഒരു കുട്ടിയാണ്. കബഡി കളിക്കുമായിരുന്നു. അവളുടെ സ്‌കൂളിൽ തന്നെയുള്ള പ്ലസ് വണ്ണിന് പഠിക്കുന്ന ഒരു പെൺകുട്ടിയാണ് ഇവൾക്ക് ആദ്യമായി ബിസ്‌ക്കറ് നൽകുന്നത്. കബഡി കളിക്ക് ഉന്മേഷം കിട്ടും എന്നൊക്കെ പറഞ്ഞാണ് കൊടുത്തത്. ഒരു പ്രാവശ്യം ഇത് കഴിച്ചതോടെ കുട്ടിക്ക് പിന്നെയും വേണമെന്ന തോന്നലുണ്ടായി. അങ്ങനെ പല പ്രാവശ്യം കുട്ടി ബിസ്‌ക്കറ് വാങ്ങിക്കഴിച്ചിരുന്നു. വീണ്ടും ചോദിച്ചപ്പോഴാണ് ബസ് സ്റ്റോപ്പിൽ ഒരു ചേച്ചിയുണ്ട് അവർ നിനക്ക് ഈ ബിസ്‌ക്കറ് തരും എന്ന പറഞ്ഞത്. അങ്ങനെയാണ് നിരഞ്ജന എന്ന പറയുന്ന സ്ത്രീ വരുന്നത്. അവർ കുട്ടിക്ക് സ്‌കൂളിന് പുറത്ത് ഇടവഴികളിലൊക്കെ വെച്ച് കുട്ടിക്ക് ബിസ്‌ക്കറ് നൽകി. നിരഞ്ജനയുടെ സുഹൃത്ത് എന്ന രീതിയിലാണ് ഇപ്പോൾ അറസ്റ്റിലായ അദ്നാൻ വരുന്നത്. അദ്‌നാനാണ് കുട്ടിക്ക് പൊടികൾ നൽകിയത്. കുട്ടി പറഞ്ഞത് മൊബൈൽ ഫോണിൽ പൊടി ഇട്ട് എടിഎം കാർഡ് കൊണ്ട് പൊടിച്ചാണ് നൽകിയിരുന്നത് എന്നാണ്. പിന്നീട് അത് ഇഞ്ചക്ഷനായി. അങ്ങനെയാണ് കുട്ടിയെ അവർ പല സ്ഥലങ്ങളിലേക്കും ലഹരിക്കടത്തിനായി കൊണ്ടുപോയത്. പുറത്ത് പറഞ്ഞാൽ ആസിഡ് മുഖത്ത് ഒഴിക്കുമെന്നും വീട്ടിൽ കയറി കൊല്ലുമെന്ന് വരെയും ഭീഷണിപ്പെടുത്തിയാണ് ഓരോ വട്ടവും സ്‌കൂൾ ബാഗിൽ ലഹരി കടത്താൻ കുട്ടിയെ അവർ ഉപയോഗിച്ചത്. ഇതൊരു വലിയ ലഹരി മാഫിയയാണ്. ഇതിനെ വേരോടെ പിഴുതെടുത്തില്ലെങ്കിൽ ഇനിയും കുറെ കുട്ടികൾ ഇതിന്റെ ഇരകളായിക്കൊണ്ടിരിക്കും.'

ഉറവിടങ്ങൾ കണ്ടെത്തണം, കോളജുകൾ ലഹരി മാഫിയയുടെ പ്രധാന കേന്ദ്രം

സ്‌കൂളുകളേക്കാള്‍ കോളേജുകളാണ് ലഹരി സംഘങ്ങളുടെ ഇഷ്ട ഇടമെന്ന് എക്സൈസ്-വിജിലൻസ് എസ്.പി വൈ. മുഹമ്മദ് ഷാഫി. ലഹരി സംഘം നമ്മുടെ സ്‌കൂളുകളിൽ അത്ര വ്യാപകമല്ല. ഒറ്റപ്പെട്ട സംഭവങ്ങൾ ഇല്ലെന്നല്ല. ഹയർസെക്കണ്ടറി സ്‌കൂളുകളിൽ 'കൂൾ' എന്ന പേരുള്ള ഹാൻസ് പോലുള്ള ലഹരി വസ്തുവിന്റെ ഉപയോഗം കണ്ടെത്തിയിട്ടുണ്ട്. അത് തടയിടാൻ പോലീസ് നടപടികളും കൈക്കൊണ്ടിട്ടുണ്ട്. അഴിയൂരിലെ സംഭവത്തിന്റെ യഥാർത്ഥ ചിത്രം ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ആ സംഭവം കേരളത്തിലെ എല്ലാ സ്‌കൂളിലുകളും നടക്കുന്നുണ്ടെന്ന താരത്തിലുള പ്രചാരണം ശരിയല്ലെന്നും മുഹമ്മദ് ഷാഫി.

പോലീസ് ശക്തമായ ഇടപെടലാണ് ഈ കാര്യത്തിൽ നടത്തുന്നത്. അതുകൊണ്ടാണ് മുമ്പെങ്ങുമില്ലാത്ത വിധം വാർത്തകൾ പുറത്ത് വരുന്നതും. വിദ്യാർത്ഥികൾ ഇടനിലക്കാരാണ്. അവരിലേക്ക് എത്തിച്ച് കൊടുക്കുന്ന ഉറവിടങ്ങൾ കണ്ടെത്തിയാൽ മാത്രമേ ഇതിനു അറുതിയുണ്ടാകൂ. പോലീസ് അതിനുള്ള ശ്രമത്തിലാണ്. പലയിടങ്ങളിലും ലഹരിസംഘങ്ങളെ വലയിലാക്കാനും പൊലീസിന് കഴിഞ്ഞിട്ടുണ്ട്.

വയനാട്ടിലെ മേപ്പാടി പോളി ടെക്‌നിക്ക് കോളേജിലെ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അപർണ ​ഗൗരിയെ ലഹരി സംഘം ​ഗുരുതരമായി ആക്രമിച്ച് പരുക്കേൽപ്പിച്ചത് സമീപ ദിവസങ്ങളിലാണ്. 'ട്രാബിയോക്ക്' എന്ന പേരിൽ വിദ്യാർത്ഥികളുടെ ലഹരി സംഘം ആണ് അപർണ ഗൗരിയെ ആക്രമിച്ചതെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. കേരളത്തിലെ കലാലയങ്ങളിലും സ്‌കൂളുകളിലും ലഹരി മാഫിയ പിടിമുറുക്കുന്നതും വിദ്യാർത്ഥികളെ ലഹരി കടത്തിന്റെ കാരിയർ ആയി ഉപയോ​ഗിക്കുന്നതും ഞെട്ടലുണ്ടാക്കുന്ന വാർത്തകളാണ്. ഒരു പ്രത്യേക സ്ഥലത്ത് കൂടുതൽ ഉപഭോക്താക്കളെ ലഭിക്കുന്നു എന്നതാവാം ലഹരിസംഘങ്ങൾക്ക് കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിക്കാൻ പ്രേരണയാകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in