ശ്രീലങ്കയ്ക്കായി ചേരമാന്‍ മസ്ജിദില്‍ പ്രത്യേക പ്രാര്‍ത്ഥന; ഒരാളെ കൊല്ലുമ്പോള്‍ ഒരു തലമുറയില്ലാതാവുന്നുവെന്ന് സന്ദേശം

ശ്രീലങ്കയ്ക്കായി ചേരമാന്‍ മസ്ജിദില്‍ പ്രത്യേക പ്രാര്‍ത്ഥന; ഒരാളെ കൊല്ലുമ്പോള്‍ ഒരു തലമുറയില്ലാതാവുന്നുവെന്ന് സന്ദേശം

ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയ്ക്ക് സമീപം ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായിരുന്നു സ്‌ഫോടനം. ശ്രീലങ്കയെ നടുക്കിയ ആക്രമണത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Published on

ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയര്‍പ്പിച്ച് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവും അനുശോചനവുമര്‍പ്പിച്ച് കൂട്ടപ്രാര്‍ത്ഥന നടന്നത്. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയ്ക്ക് സമീപം ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമായിരുന്നു സ്‌ഫോടനം. ശ്രീലങ്കയെ നടുക്കിയ ആക്രമണത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു. 500 ലേറെ പേര്‍ക്ക് പരിക്കേറ്റു. മലയാളിയുള്‍പ്പെടെ 8 ഇന്ത്യക്കാരും മരണപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തത്.

ഈസ്റ്റര്‍ ഞായറാഴ്ചയ്ക്ക് ശേഷം വന്ന ആദ്യ വെള്ളിയാഴ്ചയാണ് ചേരമാന്‍ ജുമാ മസ്ജിദില്‍ പ്രത്യേക സ്മരണാഞ്ജലി സംഘടിപ്പിച്ചത്. വെള്ളിയാഴ്ചകളിലെ പതിവ് കുത്തുബയ്‌ക്കൊപ്പമായിരുന്നു പ്രാര്‍ത്ഥന. മതത്തിന്റെ പേരിലുളള രക്തം ചിന്തല്‍ ഇസ്ലാംവിശ്വാസങ്ങള്‍ക്ക് എതിരാണെന്ന സന്ദേശമുയര്‍ത്തിയായിരുന്നു ചടങ്ങ്. എല്ലാത്തരും അക്രമങ്ങളും എതിര്‍ക്കപ്പെടണം, ജാതിയോ മതമോ വിഭാഗങ്ങളോ പരിഗണിക്കാതെ അക്രമങ്ങളെ തള്ളിപ്പറയണം. വയലന്‍സിന് സ്വീകാര്യത കൈവരുത്താനുള്ള ശ്രമങ്ങള്‍ ചെറുക്കപ്പെടണം. അക്രമം എന്നത് ഇസ്ലാം വിരുദ്ധമാണെന്ന തിരിച്ചറിവുണ്ടാകണമെന്നും ഓര്‍മ്മിപ്പിച്ചായിരുന്നു സ്മരണാഞ്ജലി.

ഒരാളെ കൊല്ലുമ്പോള്‍ ഒരു തലമുറയെയാണ് ഇല്ലാതാക്കുന്നതെന്ന ഖുര്‍ ആന്‍ വചനമടക്കം ഉദ്ധരിച്ചായിരുന്നു പ്രാര്‍ത്ഥന. നിയമപരമായാണ് അക്രമങ്ങളെ നേരിടേണ്ടത്. വിദ്വേഷം പ്രചരിപ്പിച്ച് ആര്‍ക്കും ദീര്‍ഘകാലം മുന്നോട്ടുപാകാനാകില്ല. ഇസ്രയേലിലുള്‍പ്പെടെ ലോകത്ത് എവിടെയായാലും വയലന്‍സിനെതിരെ പ്രതികരണങ്ങളുണ്ടാകേണ്ടതുണ്ട്. മുസ്ലിം-ഹൈന്ദവ-ക്രിസ്ത്യന്‍ വര്‍ഗീയത ഒരുപോലെ എതിര്‍ക്കപ്പെടണം. സഹവര്‍ത്തിത്വവും സമഭാവനയും ഉയര്‍ത്തിപ്പിടിച്ചാണ് ലോകം മുന്നോട്ട് പോകേണ്ടതെന്ന് ആഹ്വാനം ചെയ്താണ് പ്രാര്‍ത്ഥന പൂര്‍ത്തിയായത്. ഇത്തരം സാമൂഹ്യ വിഷയങ്ങളില്‍ ചേരമാന്‍ പള്ളിയില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കാറുണ്ടെന്ന് മുഖ്യ സംഘാടകരിലൊരാളായ ഡോ. മുഹമ്മദ് സയീദ് പറഞ്ഞു.

ഇന്ത്യയിലെ ആദ്യ മുസ്ലിം പളളിയാണ് ചേരമാന്‍ ജുമാ മസ്ജിദ്. രാജ്യത്ത് ആദ്യമായി ജുമാ നമസ്‌കാരം നടന്നത് ഇവിടെയാണ്. ക്രിസ്തുവര്‍ഷം 629 ലാണ് പള്ളി രൂപീകൃതമായതെന്നാണ് കരുതപ്പെടുന്നത്. അറബ് നാട്ടില്‍ നിന്നെത്തിയ മാലിക് ഇബ്‌നുവാണ് പള്ളി പണികഴിപ്പിച്ചതെന്നാണ് ചരിത്രം.

logo
The Cue
www.thecue.in