മഹാപ്രളയത്തില്‍ അസം: മരണസംഖ്യ 55, ദുരന്തബാധിതര്‍ 70 ലക്ഷം
അസം, ബീഹാര്‍ സംസ്ഥാനങ്ങളിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ഏകദേശം എഴുപത് ലക്ഷം ജനങ്ങള്‍ ഇരു സംസ്ഥാനങ്ങളിലുമായി പ്രളയ ദുരിതത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
അസമിലെ 33 ജില്ലകളും പ്രളയക്കെടുതിയിലാണ്. കാണ്ടാമൃഗങ്ങളുടെ വാസകേന്ദ്രമായ കാസിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനം വെള്ളത്തിലാണെന്ന് വനമന്ത്രാലയം അറിയിച്ചു. യുനെസ്‌കോ പൈതൃക പട്ടികയില്‍ പെടുത്തിയിട്ടുള്ള സ്ഥലത്തെ മൃഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും ആക്രമണം ഒഴിവാക്കാനും വിവിധ സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ബോളിവുഡ് താരം അക്ഷയ് കുമാര്‍ 2 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നറിയിച്ചിട്ടുണ്ട്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും. ഒരു കോടി കാസിരംഗ ദേശീയോദ്യാനത്തനുമാണ് സംഭാവന ചെയ്യുകയെന്ന് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.
മനാസ് ദേശീയോദ്യാനം, പൊബിത്തോറ വന്യമൃഗസങ്കേതം, എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മൃഗങ്ങള്‍ സമീപ പ്രദേശങ്ങളിലേക്ക് കുടിയേറുകയാണ്.മിക്ക ജില്ലകളിലും ബ്രഹ്മപുത്രയും പോഷക നദികളും അപകട നിലയിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നതെന്ന് ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്. ഗുവാഹത്തിയില്‍ വിവിധ സ്ഥലങ്ങളില്‍ ബ്രഹ്മപുത്ര നദി നാശം വിതച്ചു.
ബ്രഹ്മപുത്ര കരവിഞ്ഞൊഴുകിയതോടെ 4,100 ഗ്രാമങ്ങള്‍ വെള്ളത്തിലായി. 43 ലക്ഷം പേരെ പ്രളയം ബാധിച്ചു. 80,000 ഹെക്ടര്‍ കൃഷി നശിച്ചു. 24 ജില്ലകളിലായി 327 ദുരിതാശ്വാസ ക്യാംപുകള്‍ അധികൃതര്‍ തുറന്നിട്ടുണ്ട്. 17,000 പേരാണ് ക്യാംപുകളില്‍ മാത്രം കഴിയുന്നത്. ദുരന്ത നിവാരണ സേനയുടെ 380 ഭടന്‍മാരാണ് മേഖലയില്‍ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ജൂലൈ 11നും 16നും ഇടയില്‍ പതിനായിരത്തോളം പേരെ എന്‍ഡിആര്‍എഫ് രക്ഷിച്ചു. ദുരന്തബാധിതര്‍ക്ക് മരുന്നും ഭക്ഷണവും കുടിവെള്ളവും എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മഴ തുടരുമെന്നും ബ്രഹ്മപുത്രയിലെ ജലനിരപ്പ് വീണ്ടുമുയരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
നേപ്പാളില്‍ അപ്രതീക്ഷിതമായിട്ടുണ്ടായ കനത്ത മഴയാണ് ബീഹാറിനെ വെള്ളത്തിനടിയിലാക്കിയത്. സംസ്ഥാനത്തെ 16 ജില്ലകളിലും പ്രളയം ബാധിച്ചപ്പോള്‍ 33 ആളുകളാണ് ഇന്നലെ വരെ മരിച്ചത്. ഒരു ലക്ഷത്തിലധികം പേരെ സംസ്ഥാനത്തു നിന്ന് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മിസോറാമില്‍ നേരത്തെ ഏഴ് പേര്‍ മഴയെ തുടര്‍ന്ന് മരിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. രാവിലെ പല സ്ഥലങ്ങളിലും നദികള്‍ കരകവിഞ്ഞ് ഒഴുകി വെള്ളം കയറിയിരുന്നുവെങ്കിലും വൈകുന്നേരത്തോടെ വെള്ളം താഴ്ന്നു തുടങ്ങിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഇന്ന് രാവിലെ 8:30 വരെ 29.22 എംഎം മഴ ലഭിച്ചു. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ അളവാണിത്. ഹിമാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും ചെറിയ തോതില്‍ മഴ പെയ്തിരുന്നു.
വരുന്ന രണ്ട് ദിവസത്തിനകം കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ 204എംഎം മഴ അടുത്ത ഇരുപത്തിനാല് മണിക്കൂറില്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്. തുടര്‍ന്ന് ജൂലായ് 18,19,20 ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.