‘പരാതിയില്‍ പോലീസ് നടപടിയെടുത്തില്ല’ ;സഭ ഇരയ്‌ക്കൊപ്പം നില്‍ക്കണമെന്നും സിസ്റ്റര്‍ ലൂസി

‘പരാതിയില്‍ പോലീസ് നടപടിയെടുത്തില്ല’ ;സഭ ഇരയ്‌ക്കൊപ്പം നില്‍ക്കണമെന്നും സിസ്റ്റര്‍ ലൂസി

Published on

കത്തോലിക്ക സഭ എപ്പോഴും നീതിക്കൊപ്പമല്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ സഭ തയ്യാറാകണം. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന തന്റെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്നും സിസ്റ്റര്‍ ലൂസി കുറ്റപ്പെടുത്തി.

കന്യാസ്ത്രീ സമൂഹത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ നോബിള്‍ തോമസിനെ പോലുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ് സഭ. ഇവര്‍ക്കെതിരെ സഭ നടപടി സ്വീകരിച്ചില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

സിസ്റ്റര്‍ ലൂസിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചി വഞ്ചി സ്‌ക്വയറില്‍ കൂട്ടായ്മ സംഘടിപ്പിച്ചു. ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സിസ്റ്റര്‍ ലൂസിക്കെതിരായ നടപടികള്‍ പിന്‍വലിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. കൂടാതെ കന്യാസ്ത്രീ മഠത്തില്‍ ചേരുന്നതിനുള്ള പ്രായം 23 ആക്കി ഉയര്‍ത്തണം, ലൂസിയെ അപകീര്‍ത്തിപ്പെടുത്തിയ വൈദികര്‍ക്കെതിരെ നടപടി സ്വീകരിക്കണം, ചര്‍ച്ച് ആക്ട് നടപ്പിലാക്കണം എന്നീ ആവശ്യങ്ങളും മുന്നോട്ട് വെയ്ക്കുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീ സമരത്തെ പിന്തുണച്ചതാണ് സിസ്റ്റര്‍ ലൂസിക്കെതിരെ സഭ നടപടിയെടുക്കാന്‍ കാരണം. ആഗസ്റ്റ് ഏഴിന് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കുന്നതായി കത്ത് നല്‍കി. തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരുടെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണത്തിനായി ഉപയോഗിച്ചുവെന്ന് കാണിച്ച് മാനന്തവാടി രൂപത പിആര്‍ഒയ്‌ക്കെതിരെ സിസ്റ്റര്‍ ലൂസി പരാതി നല്‍കിയിരുന്നു. ബന്ധുക്കളും ഒരുവിഭാഗം വിശ്വാസികളും ലൂസിക്ക് പിന്തുണയുമായി രംഗത്തുണ്ട്.

logo
The Cue
www.thecue.in