മുഹമ്മദ് ഹനീഷിനും രേണു രാജിനും പദവി മാറ്റം ; ഐപിഎസ് തലപ്പത്തും അഴിച്ചുപണി
ഐഎഎസ്-ഐപിഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്ന് എപിഎം മുഹമ്മദ് ഹനീഷിനെ തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. നികുതി എക്‌സൈസ് സെക്രട്ടറിയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതികേസില്‍ ഇദ്ദേഹത്തിനെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടരി ടി ഒ സൂരജ് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനചലനം. അല്‍കേഷ് കുമാര്‍ ശര്‍മ്മയാണ് കൊച്ചി മെട്രോയുടെ പുതിയ എംഡി. ദേവികുളം സബ് കളക്ടര്‍ വി ആര്‍ രേണു രാജിനെ പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കിയാണ് ഉത്തരവിട്ടിരിക്കുന്നത്.
സ്ഥാനക്കയറ്റം നല്‍കിയാണ് നിയമനം. ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപി ടോമിന്‍ തച്ചങ്കരി ഐപിഎസിന് ക്രൈംബ്രാഞ്ച് എഡിജിപി സ്ഥാനം നല്‍കി. ഭീകരവിരുദ്ധസേന മേധാവിയായിരുന്ന എസ്പി ചൈത്ര തെരേസ ജോണിനാണ് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ചുമതല. ഐടി ആന്റ് ടെക്‌നോളജി എസ്പി ഡോ. ദിവ്യ.വി ഗോപിനാഥിന് വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റിന്റെ അധിക ചുമതലയും നല്‍കി. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ പി സുരേഷ് ബാബുവിനെ ഉദ്യോഗസ്ഥ പരിഷ്‌കാര വകുപ്പ് ജോയിന്റ് സെക്രട്ടറിയായും അവധി കഴിഞ്ഞെത്തിയ നവജോത് ഖസയെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡിയായും നിയോഗിച്ചു.
കെടി വര്‍ഗീസ് പണിക്കരാണ് പുതിയ ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍. അവധി പൂര്‍ത്തിയാക്കി എത്തിയ ജോഷി മൃണ്‍മയി ശശാങ്കിന് ജലനിധി ഡയറക്ടര്‍ സ്ഥാനവും തിരുവനന്തപുരം സബ് കളക്ടര്‍ കെ. ഇമ്പാശേഖറിനെ കേരള ഗുഡ്‌സ് ആന്റ് സര്‍വീസസ് ടാക്‌സ് വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പദവിയും നല്‍കി. ആലപ്പുഴ സബ് കളക്ടര്‍ വിആര്‍കെ തേജയെ വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറായും കോഴിക്കോട് സബ് കളക്ടര്‍ വി. വിഘ്‌നേശ്വരിയെ കോളജ് വിദ്യാഭ്യാസ ഡയറക്ടറായും നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.