പരാതികള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സഭ; തനിക്ക് നേരെ ദ്രോഹം തുടരുന്നുവെന്നും മഠം വിട്ടിറങ്ങില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര
വത്തിക്കാനും അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ സഭയില്‍ നിന്ന് പുറത്തു പോകുകയോ പരാതികള്‍ പിന്‍വലിച്ച് മാപ്പ് പറയുകയോ വേണമെന്നാവശ്യപ്പെട്ട് സിസ്‌ററര്‍ ലൂസി കളപ്പുരയ്ക്ക് എഫ്‌സിസിയുടെ കത്ത്. സഭയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും പോലീസില്‍ നല്‍കിയ പരാതികളും പിന്‍വലിച്ച് മാപ്പ് പറയണം. അത് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഇതിന് തയ്യാറല്ലെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.
സഭ ദ്രോഹം തുടരുകയാണ്. മാപ്പ് പറയാന്‍ തയ്യാറല്ല. ഒരിക്കലും മഠത്തില്‍ നിന്നും ഇറങ്ങില്ല.
സിസ്റ്റര്‍ ലൂസി
സഭാചട്ടങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്ന് കാരണം പറഞ്ഞാണ് വത്തിക്കാന്‍ സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിയത്. തനിക്ക് പറയാനുള്ളത് കേട്ടില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സഭ ചെയ്യുന്നതെന്നും സിസ്റ്റര്‍ ലൂസി കുറ്റപ്പെടുത്തിയിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പരസ്യമായി പിന്തുണച്ചതിന്റെ പേരിലാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കിയത്.സഭാചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു പുറത്താക്കല്‍. 10 ദിവസത്തിനകം മഠത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് സൂപ്പീരിയര്‍ ജനറല്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സിസ്റ്റര്‍ ലൂസി തയ്യാറായിരുന്നില്ല.