‘ഷെയിനിന്റേത് പ്രൊഫഷണല്‍ മര്യാദകേട്, രണ്ട് ചിത്രങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കരുത്’; ഫെഫ്കയ്ക്ക് ഡയറക്ടേഴ്‌സ് യൂണിയന്റെ കത്ത്
ഷെയിന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയതോടെ പാതിവഴിയിലായ രണ്ട് ചിത്രങ്ങളും പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ഫെഫ്കയ്ക്ക് ഡയറക്ടേഴ്‌സ് യൂണിയന്റെ കത്ത്. വെയില്‍, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് പാതിവഴിയില്‍ ഉപേക്ഷിക്കാനുള്ള തീരുമാനം ശരിയല്ലെന്നും പിന്‍വലിക്കണമെന്നുമാണ് ആവശ്യം. ഷെയിന്‍ നിഗത്തിന്റെ ഭാഗത്തുനിന്ന് പ്രൊഫഷണല്‍ മര്യാദകേടാണുണ്ടായത്. നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ട്. ഇന്‍ഡസ്ട്രിക്ക് അനുസരിച്ച് നടനെ പരുവപ്പെടുത്തേണ്ടത് സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും ചുമതലയാണ്. അതിനുള്ള അവസരം ഒരുക്കണമെന്നും കത്തില്‍ ഡയറക്ടേഴ്‌സ് യൂണിയന്‍ വിശദീകരിക്കുന്നു.
ഡയറക്ടേഴ്‌സ് യൂണിയന്റെ കത്ത് കിട്ടിയ പശ്ചാത്തലത്തില്‍ ഷെയിന്‍ നിഗം വിഷയത്തില്‍ സമവായ ചര്‍ച്ചകള്‍ വേണമെന്നാവശ്യപ്പെട്ട് ഫെഫ്ക അമ്മയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും കത്ത് നല്‍കും. അടുത്തയാഴ്ചയായിരിക്കും സമവായ ചര്‍ച്ചകള്‍. ഇതിനായി സംഘടനകള്‍ നീക്കമാരംഭിച്ചിട്ടുണ്ട്. അജ്മീര്‍ യാത്രയ്ക്ക് ശേഷം ഷെയിന്‍ 4 ാം തിയ്യതിയാണ് എറണാകുളത്ത് തിരിച്ചെത്തുന്നത്. അന്നുതന്നെ അമ്മ പ്രതിനിധികള്‍ ഷെയിനുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് പിറ്റേന്ന് ഫെഫ്ക നേതാക്കളും നിര്‍മ്മാതാക്കളുടെ സംഘടനാ തലപ്പത്തുള്ളവരും നടനുമായി കൂടിക്കാഴ്ച നടത്തും.അതേസമയം സെറ്റില്‍ യുവതാരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെക്കുറിച്ച് തെളിവുണ്ടെങ്കില്‍ നിര്‍മ്മാതാക്കള്‍ അത് നല്‍കാന്‍ തയ്യാറാകണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടിട്ടുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം