സഞ്ജീവ് ചെയ്ത കുറ്റം, ഗുജറാത്ത് വംശഹത്യാ ഇരകളുടെ നീതിക്കായി പോരാടിയത്; ആഞ്ഞടിച്ച് ശ്വേത ഭട്ട് 

സഞ്ജീവ് ചെയ്ത കുറ്റം, ഗുജറാത്ത് വംശഹത്യാ ഇരകളുടെ നീതിക്കായി പോരാടിയത്; ആഞ്ഞടിച്ച് ശ്വേത ഭട്ട് 

Published on

സത്യസന്ധമായ കൃത്യനിര്‍വഹണവും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടവുമാണ് സഞ്ജീവ് ഭട്ട് ചെയ്ത ഏക കുറ്റമെന്ന് ഭാര്യ ശ്വേത ഭട്ട്. ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കായി നിരന്തരം പോരാടിയതാണ് അദ്ദേഹം ചെയ്ത കുറ്റം. നീതിക്കും മെച്ചപ്പെട്ട ഇന്ത്യക്കും വേണ്ടിയുളള്ള സഞ്ജീവിന്റെ പോരാട്ടം തുടരും. ക്രൂരതകളില്‍ തകരാതെയും ഉലയാതെയും സഞ്ജീവ് നിലകൊള്ളുമെന്നും ശ്വേത ഭട്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ജാമ്യാപേക്ഷയില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്ന സുപ്രീം കോടതി നിലപാടിന് തൊട്ടുപിന്നാലെയാണ് ഫെയ്‌സ്ബുക്കിലൂടെ ആഞ്ഞടിച്ച് ശ്വേത രംഗത്തെത്തിയത്. സഞ്ജീവ് ഭട്ടിന്റെ പേജില്‍ ശ്വേത കുറിച്ചത് ഇങ്ങനെ.

ഇത് ശ്വേത സഞ്ജീവ് ഭട്ടാണ്, അത്യന്തം ഹൃദയവേദനയോടയാണ് ഞാന്‍ ഇതെഴുന്നത്. സഞ്ജീവ് ഭട്ടിനെ നിയമവിരുദ്ധമായി തടവിലാക്കിയിട്ട് 8 മാസം പിന്നിട്ടിരിക്കുന്നു. സഞ്ജീവിന്റെ മോചനത്തിനായുള്ള അപേക്ഷ മാര്‍ച്ചില്‍ പരിഗണിച്ച സുപ്രീം കോടതി ഞങ്ങളോട് ഒന്നര മാസം കാത്തുനില്‍ക്കാനാണ് ആവശ്യപ്പെട്ടത്. ഒടുവില്‍, ജാമ്യാപേക്ഷയില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്ന് മെയ് 9 ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. കേസിന്റെ മെറിറ്റിനെക്കുറിച്ച് പരാമര്‍ശിക്കുന്നതില്‍ നിന്നും കോടതി വിട്ടുനില്‍ക്കുകയും ചെയ്തു. ജാമ്യത്തിനായി ആറ് മാസത്തിന് ശേഷം ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാനുമാണ് കോടതി നിര്‍ദേശം. ഇക്കാലയളവും കൂട്ടിയാല്‍ സഞ്ജീവിന്റെ തടവ് ഒരു വര്‍ഷത്തിലേറെയാകും. 23 വര്‍ഷത്തിന് മുന്‍പുള്ള ഒരു കേസ് പ്രതികാരപൂര്‍വ്വം കുത്തിപ്പൊക്കി ഒരാളെ ഒരു വര്‍ഷത്തിലേറെ തടവില്‍ വെച്ചിരിക്കുന്നു. അഞ്ചുവര്‍ഷം കൊണ്ട് എത്ര താഴ്ചയിലേക്കാണ് നമ്മുടെ ജനാധിപത്യം പതിച്ചതെന്ന് ഓര്‍ത്ത് പരിതപിക്കാനേ നിവൃത്തിയുള്ളൂ. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ തന്റെ ജോലി കൃത്യമായി നിര്‍വ്വഹിച്ചതിന് തടവിലാക്കപ്പെടുന്നു. എന്നാല്‍ കുറ്റം ചുമത്തപ്പെട്ട കൊലയാളികള്‍ ഒരു പ്രത്യേക രാഷ്ട്രീയ പക്ഷത്തിന്റെ സഹകരണത്താല്‍ ജാമ്യത്തില്‍ വിലസുകയും ചെയ്യുന്നു. നിശ്ചയദാര്‍ഢ്യത്തോടെ  പോരാടുന്നവര്‍ തടവടക്കപ്പെടുമ്പോള്‍ ഈ ജനാധിപത്യരാഷ്ട്രത്തിലെ പൗരന്‍മാര്‍ ഏതറ്റംവരെ മൂകസാക്ഷികളായി തുടരുമെന്നോര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെടുകയാണ്. ജാമ്യം പോലും നിഷേധിക്കപ്പെട്ട് അടിസ്ഥാന പൗരാവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ട് സഞ്ജീവ് കസ്റ്റഡിയില്‍ തുടരുന്നു. സത്യസന്ധമായ കൃത്യനിര്‍വ്വഹണവും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ ധൈര്യപൂര്‍വ്വമുള്ള പോരാട്ടവുമാണ് അദ്ദേഹം ചെയ്ത ഒരേ ഒരു കുറ്റം. രാഷ്ട്രീയമായി ആസൂത്രണം ചെയ്യപ്പെട്ട ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കുവേണ്ടി നിരന്തരമായി പോരാടിയതാണ് അദ്ദേഹം ചെയ്ത കുറ്റം. നീതിക്കും മെച്ചപ്പെട്ട ഇന്ത്യക്കും വേണ്ടിയുളള്ള സഞ്ജീവിന്റെ പോരാട്ടം തുടരും. ക്രൂരതകളില്‍ ഉലയാതെ തകരാതെ അഭിമാനവും ഉത്സാഹവും ചോരാതെ അദ്ദേഹം നിലകൊള്ളും. 
ശ്വേത സഞ്ജീവ് ഭട്ട് 
logo
The Cue
www.thecue.in