അടച്ച കവറില്‍ ചീഫ് ജസ്റ്റിസിന് അന്വേഷണ സമിതിയുടെ ക്ലീന്‍ചിറ്റ്, റിപ്പോര്‍ട്ട് പുറത്തുവിടില്ല; പകര്‍പ്പ് ജസ്റ്റിസ് മിശ്രയ്ക്ക് മാത്രം

അടച്ച കവറില്‍ ചീഫ് ജസ്റ്റിസിന് അന്വേഷണ സമിതിയുടെ ക്ലീന്‍ചിറ്റ്, റിപ്പോര്‍ട്ട് പുറത്തുവിടില്ല; പകര്‍പ്പ് ജസ്റ്റിസ് മിശ്രയ്ക്ക് മാത്രം

Published on

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരായ യുവതിയുടെ ലൈംഗിക പീഡന പരാതി സുപ്രീം കോടതി തള്ളിുകയും ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള അന്വേഷണ സമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്ന് പ്രഖ്യാപിക്കുകകയും ചെയ്തു. താന്‍ ഭയപ്പെട്ടതെന്തോ അത് തന്നെ സംഭവിച്ചെന്നാണ് പരാതിക്കാരി ഇതില്‍ പ്രതികരിച്ചത്. ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിച്ചത് സുപ്രീം കോടതിയില്‍ രണ്ടാമനായ എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള സമിതിയാണ്. ചീഫ് ജസ്റ്റിസിന് ക്ലീന്‍ചിറ്റ് നല്‍കിയ സമിതിയുടെ റിപ്പോര്‍ട്ട് പുറംലോകം കാണില്ല.

ആരോപണവിധേയനായ ചീഫ് ജസ്റ്റിസിനും സുപ്രീം കോടതിയില്‍ സീനിയോറിറ്റിയില്‍ മുമ്പിലുള്ള ഒരു ജഡ്ജിക്കുമാണ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത്. അടച്ച കവറില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കും സുപ്രീം കോടതിയില്‍ നാലാമനായ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കുമാണ് സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചത്.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സുപ്രീകോടതിയില്‍ രണ്ടാമന്‍ സമിതിയധ്യക്ഷനായ ജസ്റ്റിസ് ബോബ്ഡെയാണ്. മൂന്നാമനായ ജസ്റ്റിസ് എന്‍ വി രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്താണെന്ന് പരാതിക്കാരി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ അദ്ദേഹം അന്വേഷണ സമിതിയില്‍ നിന്ന് മാറിനില്‍ക്കുകയുണ്ടായി. അതിനാലാണ് നാലാമനായ അരുണ്‍ മിശ്രയ്ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയത്.

2003ലെ ഇന്ദിരാ ജെയ്സിങ് കേസിലെ സുപ്രീംകോടതി ഉത്തരവു പ്രകാരം സമിതി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പരസ്യമാക്കാനാവില്ലെന്ന് സുപ്രീം കോടതി ജനറല്‍ സെക്രട്ടറി പറയുന്നു. പരാതിക്കാരിക്ക് പോലും സുപ്രീം കോടതി സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കില്ല എന്നതാണ് സാഹചര്യം. കോടതിക്ക് എതിരെയുണ്ടായ ഒരു ആരോപണം അതേ സംവിധാനത്തിനകത്തുള്ളവര്‍ മാത്രം അന്വേഷിച്ചും അറിഞ്ഞും അവസാനിപ്പിക്കുന്നതിനെതിരെ പ്രതിഷേധവും വിമര്‍ശനവും ഉയരുന്നുണ്ട്.

ജസ്റ്റിസ് ബോബ്‌ഡേയ്ക്ക് ഒപ്പം ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും ഇന്ദിരാ ബാനര്‍ജിയുമാണ് അന്വേഷണ സമിതിയില്‍ ഉണ്ടായിരുന്നവര്‍. ഏകപക്ഷീയമായ റിപ്പോര്‍ട്ട് എന്നതില്‍ സംശയമില്ലെന്നും അത് പരസ്യപ്പെടുത്തിന്നില്ല എന്ന നിലപാട് തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും അഭിപ്രായം ഉയരുന്നു. സുപ്രീം കോടതി ലൈംഗിക പീഡന പരാതികളില്‍ നേരത്തെ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കുമെല്ലാം ഘടകവിരുദ്ധമാണ് ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉണ്ടായപ്പോള്‍ സ്വീകരിച്ച നടപടികളെന്നാണ് ഉയരുന്ന ആക്ഷേപം.


രഞ്ജന്‍ ഗോഗോയ്ക്ക് സമിതി റിപ്പോര്‍ട്ട് നല്‍കിയത് ആരോപണവിധേയനെന്ന നിലയ്ക്കല്ല, ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്കാണ്. പരാതിക്കാരിക്ക് റിപ്പോര്‍ട്ടായി ലഭിച്ചത് അവരുടെ മൊഴി മാത്രമാണ്, അതും പകര്‍പ്പ് കിട്ടാത്തതിനെ ചോദ്യം ചെയ്തപ്പോള്‍ മാത്രം.

നേരത്തെ സുപ്രീം കോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആഭ്യന്തര സമിതിയുടെ പ്രവര്‍ത്തനത്തോട് വിയോജിപ്പ് അറിയിച്ച് ജസ്റ്റിസ് ബോബ്‌ഡേയ്ക്ക് കത്ത് നല്‍കുക പോലും ചെയ്തിരുന്നു. പുറത്തിനിന്നൊരാളെ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്നും വിഷയം ഫുള്‍ കോര്‍ട്ട് പരിഗണിക്കണമെന്നുമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢിന്റെ നിര്‍ദേശം.

ഒരു സ്ഥാപനത്തിലെ ജീവനക്കാരി ആ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയാല്‍ അക്കാര്യം അന്വേഷിക്കുന്നതിനുള്ള സമിതിയില്‍ സ്ഥാപനത്തിന് പുറത്ത് നിന്നൊരു വനിത വേമെന്നത് സുപ്രീം കോടതി നിലപാടാണ്. ഇത് പാലിക്കപ്പെടാത്തതിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

താന്‍ ഭയപ്പെട്ടതെന്തോ അത് സംഭവിച്ചുവെന്നാണ് പരാതിക്കാരിയുടെ പ്രതികരണം. എന്തുകൊണ്ടാണ് പരാതി തള്ളിയതെന്ന് അറിയാനുള്ള നിര്‍വാഹം പോലുമില്ല. റിപ്പോര്‍ട്ട് നല്‍കില്ലെന്നാണ് പറയുന്നതെന്നും അവര്‍ പ്രതികരിച്ചു. പരാതി നല്‍കിയതിന് ശേഷം താനും കുടുംബവും അനുഭവിച്ച കഷ്ടതകള്‍ക്ക് കണക്കില്ലെന്നും ഇനി എന്ത് ചെയ്യണമെന്ന് അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അവര്‍ പറയുന്നു.

സുപ്രീം കോടതിയില്‍ നീതി നിഷേധമുണ്ടായോ എന്ന വലിയ സംശയവും ചോദ്യവുമാണ് തിങ്കളാഴ്ച സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും സുപ്രീം കോടതിയെ ഈ നടപടികള്‍ സംശയത്തിന്റ നിഴലില്‍ നിര്‍ത്താന്‍ പോന്നതാണ്.

logo
The Cue
www.thecue.in