രാജീവ് ഗാന്ധി വധക്കേസ് ; പേരറിവാളന് ജാമ്യം

രാജീവ് ഗാന്ധി വധക്കേസ് ;  പേരറിവാളന് ജാമ്യം
Published on

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പേരറിവാളന് ജാമ്യം. 32 വര്‍ഷത്തെ തടവും നല്ലനടപ്പും പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ജാമ്യാപേക്ഷ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, ജസ്റ്റിസ്. ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു. പേരറിവാളന്‍ നിലവില്‍ പരോളിലാണെങ്കിലും വീട്ടില്‍ നിന്ന് പുറത്തേക്ക് പോലും ഇറങ്ങാന്‍ കഴിയില്ലെന്ന വ്യവസ്ഥകളെ പ്രതിഭാഗം കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു.

2018 സെപ്തംബര്‍ 9 ന് പേരറിവാളനെ മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ മന്ത്രിസഭാ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം ഗവര്‍ണര്‍ ഇത് രാഷ്ട്രപതിക്ക് കൈമാറുകയായിരുന്നു. ഈ കാലതാമസത്തിനെതിരെ കോടതി വിമര്‍ശനമുയര്‍ത്തി. തങ്ങളുടെ അധികാര പരിധിക്ക് കീഴിലുള്ള കാര്യമല്ലാത്തതിനാല്‍ ഗവര്‍ണറുടെ നടപടിയില്‍ ഇടപെടുന്നില്ലെങ്കിലും ഗവര്‍ണറുടെ നിലപാടില്‍ കോടതിക്ക് അതൃപ്തിയുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

പത്തൊൻപതാം വയസ്സിലാണ് പേരറിവാളൻ കേസിൽ അറസ്റ്റിലാവുന്നത്. 2014 - ൽ ആണ് ദയ ഹർജി പരിഗണിച്ച് പേരറിവാളന്റെ വധ ശിക്ഷ ജീവപര്യന്തമാക്കി സുപ്രീം കോടതി വിധിച്ചത്.

പേരറിവാളന്‍, നളിനി എന്നിവരുള്‍പ്പെടെ കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴ് പേരെ മാനുഷിക പരിഗണന കണക്കിലെടുത്ത് വിട്ടയക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനെതിരെ പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതികളെ വിട്ടയക്കുന്ന കാര്യത്തില്‍ സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നാണ് ഗവര്‍ണറുടെ ഓഫീസ് പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in