ശാന്തിവനത്തില്‍ ഈ സാധ്യത സര്‍ക്കാര്‍ മറന്നതാണോ?, കൊച്ചുവനത്തെ സംരക്ഷിക്കുകയെന്നത് അസാധ്യമായിരുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍
ചിത്രം കടപ്പാട് : കലാകക്ഷി 

ശാന്തിവനത്തില്‍ ഈ സാധ്യത സര്‍ക്കാര്‍ മറന്നതാണോ?, കൊച്ചുവനത്തെ സംരക്ഷിക്കുകയെന്നത് അസാധ്യമായിരുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍

Published on

ശാന്തിവനത്തിലെ ജൈവസമ്പത്തിനെ തകര്‍ത്ത് വൈദ്യുതി ലൈന്‍ വലിക്കാനുള്ള തീരുമാനവുമായി സര്‍ക്കാരും കെഎസ്ഇബിയും മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെ പ്രതിഷേധം ശക്തിപ്പെട്ടിരിക്കുകയാണ്. മീനാ മേനോനും മകളും സത്യഗ്രഹ സമരത്തിലാണ്. ശാന്തിവനത്തിലേക്ക് എത്തുന്നവരെ തടഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നതിനിടെ പാരിസ്ഥിതികാഘാതം ഒഴിവാക്കി 110 കെവി ലൈന്‍ വലിക്കാനുള്ള സമാന്തര സംവിധാനം കെഎസ്ഇബിക്ക് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാടുന്നതാണ് സീനിയര്‍ ജേണലിസ്റ്റ് കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെ ജെ ജേക്കബ് എഴുതിയത്

ശാന്തിവനം അപ്‌ഡേ്റ്റ്

അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്നും, മൂന്നു മരങ്ങള്‍കൂടി മുറിച്ചും, അഞ്ചുമരത്തിന്റെ തലവെട്ടിയും പാരിസ്ഥിതികാഘാതം കുറച്ച് പണി മുന്നോട്ടുകൊണ്ടുപോകാനും ഇന്നലെ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇന്ന് പത്തഞ്ഞൂറു പോലീസുകാരുടെ കാവലില്‍ പണി തുടങ്ങിയിട്ടുണ്ട്. ശാന്തിവനം മുഴുവന്‍ വര്‍ക്ക് സൈറ്റാണെന്നു ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിട്ടുണ്ട്; ആളുകളെ അങ്ങോട്ട് അടുപ്പിക്കുന്നില്ല, മീന മേനോനും മകളും സത്യാഗ്രഹം തുടങ്ങിയിട്ടുണ്ട്.

എന്റെ പഴയ അയല്‍വാസിയായിരുന്ന അടുത്തകാലത്തു റിട്ടയര്‍ ചെയ്ത ഇലക്ട്രിസിറ്റി ബോര്‍ഡിലെ ഒരു ചീഫ് എന്‍ജിനീയറെ ഇന്നലെ കണ്ടിരുന്നു. 110 കെ വി അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ എത്രത്തോളം പ്രയോഗികമാണ്, കെ എസ് ഈ ബി എല്‍ അത് ചെയ്യുന്നുണ്ടോ എന്നറിയാനായിരുന്നു അത്.

തൊണ്ണൂറുകള്‍ മുതല്‍ മുതല്‍ കെ എസ് ഈ ബി എല്‍ അത് ചെയ്യുന്നുണ്ട് എന്നും, കൊച്ചുകടവന്ത്രയില്‍നിന്നും നേവല്‍ ബേസിലേക്കുള്ളത് 110 കെ വി യുടെ യു ജി കേബിളാണെന്നും, അത് കംമീഷന്‍ ചെയ്തത് തൊണ്ണൂറുകളുടെ അവസാനമാണെന്നും ഇപ്പോള്‍ കാക്കനാട്ടുനിന്നു സിറ്റിയിലേക്ക് കേബിള്‍ ഇടുന്ന പണി നടക്കുന്നുണ്ട് എന്നും, അതിനുള്ള യന്ത്രങ്ങള്‍ ധാരാളമായി ഉണ്ട് എന്നും, എന്നാല്‍ ചെലവ് വളരെ കൂടുതല്‍ വരും എന്നും അദ്ദേഹം പറഞ്ഞു.

അപ്പോള്‍ ഇരുനൂറു മീറ്ററില്‍ താഴെ വരുന്ന നീളത്തില്‍ കേബിളിട്ട് ഒരു കൊച്ചുവനത്തെ സംരക്ഷിക്കുക എന്നത് അസാധ്യമായ കാര്യമല്ല; അതിനുള്ള വിദ്യ കെ എസ് ഈ ബി യുടെ കൈയിലുണ്ട്; അത് മുന്‍പ് ഉപയോഗിച്ചിട്ടുണ്ട്; ഇനിയും ഉപയോഗിക്കുകയും ചെയ്യും.

അപ്പോള്‍പ്പിന്നെ അത്തരമൊരു വഴി എന്തുകൊണ്ട് നോക്കിയില്ല? ആരോടാണ് ചോദ്യം, അല്ലെ?

ഇനി എന്താണ് ചെയ്യാന്‍ സാധിക്കുക എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. സത്യത്തില്‍ ഞാനും കുഴങ്ങി. 0.62 സെന്റ്‌റ് മാത്രം ഉപയോഗിച്ച് പണിതീര്‍ക്കുമെന്നു പറഞ്ഞുകൊണ്ടിരുന്ന ബോര്‍ഡ് ആ വനത്തിന്റെ നാലിലൊന്നു ഇതിനകം നാശമാക്കി. ഇനിയെന്ത് ആവശ്യമാണ് നമുക്കുള്ളത് എന്ന ചോദ്യം വരുമ്പോള്‍ കുഴങ്ങും. ചെയ്യാവുന്നതിന്റെ പരമാവധി ദ്രോഹം ചെയ്തുകഴിഞ്ഞു. ഇനി ആകെ മൂന്നു മരങ്ങള്‍ കൂടി മാത്രം വെട്ടണം അഞ്ചെണ്ണത്തിന്റെ തലമുറിക്കണം. അത്ര ചെയ്താല്‍ പണി കഴിഞ്ഞു. അത് ചെയ്യാമോ എന്ന് ചോദിച്ചാല്‍ വൈപ്പിന്‍ ഭാഗത്തെ മത്സ്യത്തൊഴിലാളികളുടെ വൈദ്യുതി എന്ന പ്രശ്‌നം നമ്മുടെ മുന്‍പിലേക്ക് ഇട്ടുതരും; ഇനി നമ്മളും അവരും തമ്മിലായിക്കോട്ടെ; കാരണം അവരാണല്ലോ വനം നശിപ്പിച്ചായാലും വൈദ്യുതി വരട്ടെ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്!

കോടതി പോലും തള്ളിയ കേസും പൊക്കിക്കൊണ്ട് വന്നിരിക്കുന്നു എന്ന് ഭക്തര്‍ പാടിനടക്കുന്നുണ്ട്. ജഡ്ജിയുടെ വിധിന്യായം വായിച്ചാല്‍ ഒരു സാധാരണ പൗരന്‍ ഇലക്ട്രിസിറ്റി ബോര്‍ഡുപോലെയുള്ള സംവിധാനങ്ങളോട് കേസുകളിച്ചാല്‍ എന്തുസംഭവിക്കും എന്ന് മനസിലാകും. ഈ സ്ഥലം ഒരിക്കല്‍പ്പോലും സന്ദര്‍ശിക്കാത്ത വക്കീല്‍ എന്താണ് കോടതിയില്‍ പറഞ്ഞത് എന്നറിയില്ല. പക്ഷെ വിധിന്യായത്തിലുള്ളത് ഇതാണ്:

The

petitioner appears to have been maintaining different

plants in this particular area as habitat. She

appears to be more concerned in protecting her plants

which includes medicinal plants as well. The

petitioner also submitted that the property is also

frequented by migratory birds as well.

കോടതിയ്ക്കുമനസിലായത് ഇതാണ്: അവര്‍ കുറച്ചു മരങ്ങള്‍ അവിടെ സംരക്ഷിക്കുന്നുണ്ട്, അതില്‍ ചിലതു ഔഷധ സസ്യങ്ങളാണ്. ഇടയ്ക്കു ചില ദേശാടനപ്പക്ഷികളും വരാറുണ്ട്. അവിടത്തെ ജൈവവൈവിധ്യത്തെപ്പറ്റി കേരളം ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തെപ്പറ്റി വിധിയില്‍ ഒന്നും പറഞ്ഞുകണ്ടില്ല. എങ്ങിനെ പറയും, എന്തായിരിക്കണം വക്കീലിന്റെ വാദം? അതിനെപ്പറ്റി കോടതി പറയുന്നുണ്ട്. She (learned counsel for the petitioner ) narrated the emotional attachments of the petitioner with her property . (വാദിഭാഗത്തിനു സ്ഥലത്തോടുള്ള വൈകാരിക ബന്ധത്തെപ്പറ്റി ഗംഭീരമായി വാദിച്ചിട്ടുണ്ട്.) അപ്പുറത്തു സര്‍ക്കാരും അതിന്റെ ഉപകരണങ്ങളും നില്കുമോള്‍ ഒറ്റയ്ക്കുനില്‍ക്കുന്ന മനുഷ്യന്‍ വൈകാരികത കൊണ്ടുപോയി വച്ചാല്‍ കോടതിയ്ക്കു എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് എനിക്കുപോലും തോന്നുന്നില്ല.

പക്ഷെ വിധി പൊക്കിപ്പിടിച്ചു വന്നവരോട് ഒരു വാക്ക്: റഫാല്‍ കേസില്‍ യാതൊരു കുഴപ്പവും കാണുന്നില്ല എന്ന് സുപ്രീം കോടതിയും പറഞ്ഞതാണ്. കോടതിയുടെ മുന്‍പില്‍ വന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ അതെ കോടതിയ്ക്ക് തീരുമാനിക്കാന്‍ പറ്റൂ. യഥാര്‍ത്ഥ വസ്തുതകള്‍ മുന്‍പില്‍ വന്നപ്പോഴാണ് കേസ് വീണ്ടും കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

ആ വിധിയുടെ ചില സമാനതകള്‍ ഇതിലും കാണാനുണ്ട്. അവിടെ സൈന്യവും സര്‍ക്കാരുമാണ് നയപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്, തങ്ങളല്ല എന്ന് കോടതി പറഞ്ഞു; ഇവിടെ ബോര്‍ഡാണ് വിദഗ്ധബോഡി, അവരാണ് ലൈന്‍ ഏതുവഴി വലിക്കണം എന്ന് തീരുമാനിക്കേണ്ടത് എന്നും കോടതി പറഞ്ഞു. 'വൈകാരികത' എന്ന് വാദിഭാഗം വക്കീല്‍ പറഞ്ഞാല്‍ അതുകേട്ടു വിധിയെഴുതാന്‍ ഒരു കോടതിയ്ക്കും പറ്റില്ല. എങ്കിലും അലൈന്മെന്റിന്റെ കാര്യത്തില്‍ മറ്റുവഴി തേടാനുള്ള പരാതിക്കാരിയുടെ അവകാശം കോടതി തള്ളിക്കളഞ്ഞിട്ടില്ല. However, nothing prevents the petitioner from seeking shifting of line in appropriate manner. അതുതന്നെ ആ ആവശ്യം അന്യായമാണെന്നുള്ള തീര്‍പ്പ് അസാധുവാക്കുന്നു.

ഈ കേസുയര്‍ത്തുന്ന പ്രായോഗിക പ്രശ്‌നം പക്ഷെ റഫാല് പോലെയല്ല. ചെയ്യാവുന്ന അതിക്രമങ്ങള്‍ എല്ലാ ചെയ്തിട്ട് ഇനിയെന്ത് ചെയ്യണം എന്ന ചോദ്യം വളരെ കുഴക്കുന്നതാണ്. അപ്പോള്‍ ഇനിയെന്ത് വേണം എന്ന പഴയ ചീഫ് എന്‍ജിനീയറുടെ ചോദ്യം എന്റെ മുന്‍പിലും ഉണ്ട്. ആ പണി അവിടെ നിര്‍ത്തിവയ്ക്കണം, ലൈന്‍ ഭൂമിയ്ക്കടിയിലൂടെ വലിക്കണം, ആ കൊച്ചുകാട് സംരക്ഷിക്കണം, അത് സംരക്ഷിക്കുന്നിടത്തോളം കാലം സര്‍ക്കാര്‍ അവര്‍ക്കു പ്രതിഫലം കൊടുക്കണം...എന്നൊക്കെയാണ് എന്റെ ആവശ്യം. ചീനക്കടയില്‍ കയറിയ ആനപോലെ അവിടെക്കയറി മെതിച്ചുനടക്കുന്ന ബോര്‍ഡിനോടും, അവര്‍ക്കു കാവല്‌നില്ക്കുന്ന പോലീസിനോടും അവരൊക്കെ പറയുന്നതാണ് ശരി എന്ന് കരുതുന്ന മന്ത്രിയോടും ഇതൊക്കെ പറയാന്‍ പേടിയാണ്.

അതുകൊണ്ടു ഇത് വായിക്കുന്ന മറ്റുള്ളവരോട് എനിക്ക് പറയാനുള്ളത് രണ്ടു മനുഷ്യര്‍ പറഞ്ഞ രണ്ടു കാര്യങ്ങളാണ്:

ഒന്ന്. ജോണ്‍ കെന്നഡി അമേരിക്കക്കാരോട് പറഞ്ഞതാണ്: The rights of every man are diminished when the rights of one man are threatened. ഒരാളുടെ അവകാശങ്ങള്‍ക്കു നേരെ ഭീഷണിയുണ്ടാകുമ്പോള്‍ എല്ലാവരുടെയും അവകാശങ്ങള്‍ ദുര്‍ബലപ്പെടുന്നു.

രണ്ടു കാള്‍ മാര്‍ക്‌സ് ലോകത്തോട് പറഞ്ഞത്: 'Even an entire society, a nation, or all simultaneously existing societies taken together, are not the owners of the earth. They are simply its possessors, its beneficiaries, and have to bequeath it in an improved state to succeeding generations as boni patres familias [good heads of the household].''

'സമൂഹം ഒന്നാകെ, ഒരു രാജ്യം, അല്ലെങ്കില്‍ എല്ലാ സമൂഹങ്ങളും കൂടി എടുത്താല്‍ പോലും അവര്‍ ഈ ഭൂമിയുടെ ഉടമസ്ഥരല്ല. അതിന്റെ ഗുണഭോക്താക്കള്‍ മാത്രമാണ്. കൊള്ളാവുന്ന കുടുംബനാഥന്മാരെപ്പലെ അടുത്ത തലമുറയ്ക്ക് മെച്ചമായി കൈമാറാന്‍ ബാധ്യതപ്പെട്ടവരാണ്.'

ഒരൊറ്റ മനുഷ്യന്റെ അവകാശങ്ങള്‍,

സമൂഹം എന്ന നിലയില്‍ നമ്മുടെ ബാധ്യതകള്‍.

എന്താല്ലേ?

പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലും ശാന്തിവനത്തില്‍ 110 കെവി വൈദ്യുത ടവര്‍ സ്ഥാപിക്കാനുള്ള നീക്കം വേഗത്തിലാക്കി കെഎസ്ഇബി. പോലീസ് കാവല്‍ നില്‍ക്കെ സമരസമിതിക്കാരെ തടഞ്ഞാണ് കെഎസ്ഇബി പൈലിംഗ് നടത്തുന്നത്. പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്നവരെ പൊലീസ് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സമരസമിതി ആരോപിച്ചു. ശാന്തിവനം സംരക്ഷിക്കുന്ന മീനാ മേനോനും മകള്‍ ഉത്തരയും കെഎസ്ഇബുയുടേയും പോലീസിന്റേയും നീക്കത്തിനെതിരെ സത്യാഗ്രഹ സമരം ആരംഭിച്ചിരിക്കുകയാണ്.

  കലക്ടറും ഇവിടം സന്ദര്‍ശിച്ച ജനപ്രതിനിധികളും നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തിയാണ് പോലീസ് പിന്തുണയില്‍ കെഎസ്ഇബി നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്. ഞാനും മകളും സത്യാഗ്രഹം ആരംഭിച്ചിരിക്കുകയാണ്. പ്രകൃതി, ജൈവ വൈവിധ്യത്തെ ഇല്ലാതാക്കുന്നത് ഇവിടത്തെ മാത്രം പ്രശ്‌നമല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ശാന്തിവനത്തിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടവര്‍ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ചത് നാടകമായിരുന്നു. പൈലിംഗ് കഴിഞ്ഞ സ്ഥിതിക്ക് പണിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു കെഎസ്ഇബിയുടെ തീരുമാനം.

മീനാ മേനോന്‍

logo
The Cue
www.thecue.in