മോദി പ്രഖ്യാപിച്ചത് പാലും പഴങ്ങളും ; യുപിയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉപ്പും ചപ്പാത്തിയും
ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കി വരുന്നത് ഉപ്പും ചപ്പാത്തിയും, അല്ലെങ്കില്‍ ഉപ്പും ചോറും. മിര്‍സാപൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള ഇതിന്റെ ദൃശ്യം പുറത്തായി. സ്‌കൂള്‍ വരാന്തയില്‍ നിലത്ത് നിരന്നിരുന്ന് വിദ്യാര്‍ത്ഥികള്‍ ഉപ്പുകൂട്ടി ചപ്പാത്തി കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് ചോറും, ചപ്പാത്തിയും പയറുവര്‍ഗങ്ങളും പാലും പച്ചക്കറികളും പഴങ്ങളുമാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇവയുടെ സ്ഥാനത്താണ് ഒന്നുമുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്ക് കഴിക്കാന്‍ ഉപ്പും ചപ്പാത്തിയും നല്‍കുന്നത്.
ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളിലേറെയും. അവര്‍ നേരിടുന്ന പോഷകാഹാരക്കുറവിന് പരിഹാരം കണ്ടെത്താന്‍ കൊട്ടിഘോഷിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി ,യോഗി സര്‍ക്കാര്‍ യുപിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ചിലപ്പോള്‍ ഉപ്പും ചപ്പാത്തിയും, മറ്റുചിലപ്പോള്‍ ഉപ്പും ചോറുമാണ് സ്‌കൂളില്‍ വിതരണം ചെയ്യുന്നതെന്ന് ഒരു രക്ഷിതാവ് സാക്ഷ്യപ്പെടുത്തി. അപൂര്‍വമായാണ് കുട്ടികള്‍ക്ക് പാല്‍ കിട്ടുന്നത്. പലപ്പോഴും സ്‌കൂളിലെത്തിയാലും പാല്‍ കുട്ടികള്‍ക്ക് ലഭിക്കാറില്ല. പഴവും ഇതുവരെ ലഭ്യമായിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി ഇങ്ങനെയാണെന്നും രക്ഷിതാവ് പറയുന്നു. എന്നാല്‍ സ്‌കൂളിന്റെ ചുമതല വഹിക്കുന്ന അധ്യാപകന്റെ പിഴവാണിതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാദം.
സംഭവത്തില്‍ പ്രസ്തുത അദ്ധ്യാപകനെയും ഗ്രാമ പഞ്ചായത്ത് സൂപ്പര്‍വൈസറെയും സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും വിശദീകരിച്ച് കൈകഴുകുകയാണ് അധികൃതര്‍. സംസ്ഥാനത്താകെ ഒന്നര ലക്ഷത്തോളം സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും ഒരു കോടിയിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ വാദം. പദ്ധതിപ്രകാരം പ്രതിദിനം ഒരു കുട്ടിക്ക് കുറഞ്ഞത് 450 കലോറി ലഭ്യമാക്കാനുതകുന്ന ഭക്ഷണമാണ് നല്‍കേണ്ടത്. പ്രതിദിനം പ്രോട്ടീന്‍ ഓരോ വിദ്യാര്‍ത്ഥിയിലുമെത്തണം. ഇത്തരത്തില്‍ ഒരു വര്‍ഷം 200 ദിവസം കുട്ടികള്‍ക്ക് ഭക്ഷണം ഉറപ്പുവരുത്തണമെന്നുമാണ് പദ്ധതി. എന്നാല്‍ നടത്തിപ്പിലെ ഗുരുതര വീഴ്ചകളാണ് വെളിപ്പെടുന്നത്.