സജീവാനന്ദന്‍ ഒളിവില്‍ കഴിഞ്ഞത് മധൂരിലെ കൃഷിയിടത്തില്‍ ജോലിക്കാരനായി; ഒടുവില്‍ പിടിയില്‍
വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവതിയെയും യുവാവിനെയും ആക്രമിച്ച കേസിലെ മുഖ്യപ്രതി സജീവാനന്ദന്‍ ഒളിവില്‍ കഴിഞ്ഞത് കര്‍ണാടകയിലെ മധൂരില്‍. ഇവിടെ ഒരു കൃഷിയിടത്തില്‍ ജോലിക്കാരനായി കഴിയവെയാണ് എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇവിടത്തെ ഷെഡ്ഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സജീവാനന്ദനെ ചൊവ്വാഴ്ച വയനാട്ടിലെത്തിക്കും. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയാനിരിക്കെയാണ് അറസ്റ്റ്. കൂട്ടുപ്രതിയായ കല്‍പ്പറ്റയിലെ ലോഡ്ജ് നടത്തിപ്പുകാരനായ തിരുവനന്തപുരം നേമം സ്വദേശി കുമാര്‍ നേരത്തേ പൊലീസ് പിടിയിലായിരുന്നു.കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.ജൂലൈ 21 ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം.
കോയമ്പത്തൂര്‍ സ്വദേശിനിക്കും ഊട്ടിക്കാരനായ യുവാവിനുമാണ് മര്‍ദ്ദനമേറ്റത്. സജീവാനന്ദന്‍ ലോഡ്ജില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതോടെ ഇയാള്‍ക്കെതിരെ ബലാത്സംഗശ്രമക്കുറ്റം ചുമത്തി. ഇയാള്‍ യുവതിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും പിന്‍തുടര്‍ന്നെത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. യുവതിയുടെ മൊഴി പ്രകാരമാണ് സജീവാനന്ദന് പുറമെ ലോഡ്ജ് നടത്തിപ്പുകാരനായ കുമാറിനെയും മറ്റൊരാളെയും പൊലീസ് പ്രതിചേര്‍ത്തത്. സജീവാനന്ദനൊപ്പം കുമാറും യുവതിയെ കുമാര്‍ ശല്യം ചെയ്തതായി യുവതി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്തുനിന്നാണ് കുമാറിനെ പിടികൂടിയത്.