ഓണ്‍ലൈന്‍ തട്ടിപ്പില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസിനും രക്ഷയില്ല; ഒറ്റയടിക്ക് നഷ്ടമായത് ഒരു ലക്ഷം
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. സുഹൃത്തിന്റെ ഇ മെയില്‍ ഹാക്ക് ചെയ്താണ് തട്ടിപ്പുകാര്‍ ലോധയുടെ പണം കവര്‍ന്നത്. സംഭവത്തെക്കുറിച്ച് അദ്ദേഹം ഡല്‍ഹി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ. താന്‍ സുഹൃത്തായ ജസ്റ്റിസ് ബിപി സിങ്ങുമായി നിരന്തരം ഇമെയിലിലൂടെ ആശയവിനിമയം നടത്താറുണ്ട്. ഏപ്രില്‍ 19 ന് സിങ്ങിന്റെ ഇ മെയിലില്‍ നിന്ന് തനിക്കൊരു സന്ദേശം ലഭിച്ചു. ഒരു ലക്ഷം രൂപയുടെ അടിയന്തര ആവശ്യമുണ്ടെന്ന് പരാമര്‍ശിച്ചായിരുന്നു ഇ മെയില്‍.
കസിന്‍ ബ്രദറിന്റെ ചികിത്സയ്ക്കായി എത്രയും വേഗം പണം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ഫോണില്‍ ലഭ്യമല്ലാത്തതുകൊണ്ടാണ് മെയില്‍ അയയ്ക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. ചികിത്സാവശ്യമായതിനാല്‍ താന്‍ മറ്റൊന്നും ആലോചിക്കാതെ ആ സന്ദേശത്തിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് ഗഡുക്കളായി ഒരു ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം, ഇ മെയിലിന്റെ നിയന്ത്രണം തിരികെ ലഭിച്ചപ്പോള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്ന്, ബി പി സിങ് അറിയിച്ചു.
അപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിയുന്നത്. വന്ന മെയിലിലെ അക്കൗണ്ട് നമ്പറിലേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചതായി സിങ്ങിനോട് വെളിപ്പെടുത്തി. ഇതോടെ ബി പി സിങ്ങിന്റെ നിര്‍ദേശ പ്രകാരം നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ലോധ പറയുന്നു. ശനിയാഴ്ച അദ്ദേഹം ഡല്‍ഹി പൊലീസിനെ സമീപിച്ച് പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.