പിഡിക്കൊപ്പം രാഹുല്‍;പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ക്ക് പിടികൊടുക്കാതെ
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ പാര്‍ട്ടി നിലംപരിശായതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനമൊഴിയുകയാണെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തോട് തുടരാന്‍ പ്രവര്‍ത്തകസമിതിയും പിസിസികളും നേതാക്കളും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. പദവിയില്‍ നിന്ന് കുറച്ചുകാലത്തേക്ക് മാറിനില്‍ക്കുകയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍.
ലോക്‌സഭാ കക്ഷി നേതൃസ്ഥാനം മാത്രം ഏറ്റെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ അദ്ധ്യക്ഷ പദവിയിലേക്ക് വരണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. ഫലത്തില്‍ കോണ്‍ഗ്രസില്‍ പിരിമുറുക്കം പാരമ്യത്തിലാണ്. നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ അവസരം നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫോണിലൂടെയും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന വിവരങ്ങളും പുറത്തുവരുന്നു.
ഈ അനിശ്ചിതാവസ്ഥകള്‍ക്കിടെയാണ് രാഹുലിന്റെ കാര്‍ സവാരിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തന്റെ അരുമയായ നായ പിഡിയെ പിന്‍സീറ്റിലിരുത്തി കാറോടിച്ചുപോകുന്ന രാഹുലിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അനില്‍ ശര്‍മയെന്ന ട്വിറ്റര്‍ യൂസറാണ് ചൊവ്വാഴ്ച രാവിലെ ചിത്രം പോസ്റ്റ് ചെയ്തത്. തുഗ്ലക് ലെയിനിലെ വസതിയില്‍ നിന്ന് രാഹുല്‍ കാറോടിച്ച് പുറത്തേക്ക് വരുന്നതാണ് ചിത്രത്തില്‍. പുറകിലെ സീറ്റില്‍ പിഡിയെ കാണാം. തന്നെ നോക്കുന്നവര്‍ക്ക് നേരെ കൈ വീശിയാണ് അദ്ദേഹം കടന്നുപോയത്.
ഇതോടെ രാഹുലിന്റെ വളര്‍ത്തുനായയായ പിഡി സമൂഹ മാധ്യമങ്ങളില്‍ താരമായിരിക്കുകയാണ്. അതിനോട് സ്‌നേഹവായ്പ് അറിയിച്ച് നിരവധി പേരാണ് ചിത്രം പോസ്‌ററ് ചെയ്തത്. എത്ര സ്‌നേഹനിര്‍ഭരമായ ചിത്രമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
2017 ല്‍ രാഹുല്‍ തന്നെ പിഡിയെ ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയിരുന്നു. ട്വിറ്ററില്‍ പൊടുന്നനെ രാഹുല്‍ഗാന്ധി സ്വാധീനം വര്‍ധിപ്പിച്ചതോടെ ആരാണ് ഇദ്ദേഹത്തിന് വേണ്ടി പോസ്റ്റുകള്‍ സാധ്യമാക്കുന്നതെന്ന് ചിലര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അവര്‍ക്കുള്ള മറുപടിയായാണ് അന്ന് പിഡിയുടെ വീഡിയോ പങ്കുവെച്ചത്. താനാണ്( പിഡിയാണ്)രാഹുലിന് വേണ്ടി പോസ്റ്റ് ചെയ്യുന്നതെന്ന് നായ പറയുന്ന രീതിയിലായിരുന്നു അന്ന് ട്വീറ്റ്.