‘അങ്ങനെയൊന്നും വിടില്ല, പറയുന്നതിന് ഇപ്പോള്‍ ചെവികൊടുക്കേണ്ട’, ഷീല ദീക്ഷിതും കൂട്ടരും രാഹുലിന്റെ വസതിയില്‍
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം അംഗീകരിച്ചു കൊടുക്കാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത്. കോണ്‍ഗ്രസിന് അങ്ങനെ രാഹുലിനെ വിടാനാവില്ലെന്നും രാഹുലിന്റെ വാക്കുകള്‍ക്ക് ഇപ്പോള്‍ ചെവി കൊടുക്കാനാവില്ലെന്നുമാണ് മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് പറയുന്നത്. രാഹുല്‍ ഗാന്ധി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ അനുനയിപ്പിക്കാനായി ഷീല ദീക്ഷിതും സംഘവും രാഹുല്‍ ഗാന്ധിയുടെ പടിവാതില്‍ക്കലുണ്ട്.
രാഹുലിനെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടിലെത്തി അദ്ദേഹത്തെ നിര്‍ബന്ധിക്കണമെന്നാണ് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടത്. നാല് മണിക്ക് കോണ്‍ഗ്രസ് നേതാക്കളെല്ലാം ചേര്‍ന്ന് വീണ്ടും രാഹുലിനെ കാണുന്നുണ്ട്.
രാജിവെയ്ക്കണമെന്ന നിര്‍ബന്ധ ബുദ്ധിയിലാണ് രാഹുല്‍. പക്ഷേ ഞങ്ങള്‍ ആ രാജി അംഗീകരിക്കില്ല. വളരെ മികച്ച രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ജയവും പരാജയവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ ഏറ്റവും പ്രധാനം പോരാട്ടം തുടരുകയെന്നതാണ്.
ഷീല ദീക്ഷിത്
കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും തങ്ങള്‍ ആ പരാജയത്തെ വിശകലനം ചെയ്യുന്നുണ്ടെന്നും ഷീലാ ദീക്ഷിത് പറഞ്ഞു. തെറ്റുകള്‍ ഞങ്ങള്‍ തിരുത്തുമെന്നാണ് അവര്‍ പറയുന്നത്. ഇന്ദിര ഗാന്ധിയുടെ സമയത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നെന്നും ഷീല ഓര്‍മ്മിപ്പിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരുമായി ചെന്ന് രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനാണ് ഷീലയുടെ ശ്രമം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാനില്ലെന്ന ഉറച്ച തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധിയെന്നും കടുംപിടുത്തത്തിനൊടുവില്‍ സഹോദരി പ്രിയങ്ക ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും രാഹുലിന്റെ തീരുമാനം അംഗീകരിച്ചതായും സൂചനയുണ്ട്.
കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് താന്‍ ഇനി ഉണ്ടാവില്ലെന്നും പകരക്കാരനെ കണ്ടെത്താനും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേലിനോടും പാര്‍ട്ടി ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനോടും പറഞ്ഞിരുന്നു. ലോക്സഭയിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് രാജിവെക്കാന്‍ തീരുമാനമെടുത്ത രാഹുല്‍ ഗാന്ധി വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം അറിയിച്ചിരുന്നു. എന്നാല്‍ ഏവരും ഐകകണ്ഠേനെ അത് തള്ളിയതോടെ രാഹുല്‍ ഗാന്ധി തീരുമാനം മാറ്റുമെന്ന് കരുതി. എന്നാല്‍ രാഹുല്‍ ഉറച്ച തീരുമാനത്തിലാണ്.
മുതിര്‍ന്ന നേതാക്കളും സഹോദരി പ്രിയങ്ക ഗാന്ധിയും 'രാഹുല്‍ ബ്രിഗേഡിലെ' മുന്നണി പോരാളി സച്ചിന്‍ പൈലറ്റുമെല്ലാം വീണ്ടും കണ്ട് സംസാരിച്ചിട്ടും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഈ അവസരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പുത്തന്‍ ഫോര്‍മുലകള്‍ ഉയരുന്നുമുണ്ട്.
ലോക്സഭയില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ചുമതല രാഹുല്‍ ഗാന്ധിയെ ഏല്‍പ്പിച്ച് പുത്തന്‍ ഫോര്‍മുലയ്ക്കായാണ് ശ്രമം. പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്താല്‍ ലോക്സഭയിലും രാജ്യസഭയിലും പാര്‍ട്ടിയെ അദ്ദേഹം നയിക്കുമെന്നതാണ് ഉയര്‍ന്നുവന്ന ഫോര്‍മുലയില്‍ പ്രധാനം. എന്നാലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം വിലപ്പെട്ടതാമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പൊതു സമീപനം.