പിവിഎസ് ആശുപത്രി ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ആശുപത്രി അടച്ചു പൂട്ടില്ലെന്ന് മാനേജ്‌മെന്റിന്റെ ഉറപ്പ് 

പിവിഎസ് ആശുപത്രി ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ആശുപത്രി അടച്ചു പൂട്ടില്ലെന്ന് മാനേജ്‌മെന്റിന്റെ ഉറപ്പ് 

തിങ്കളാഴ്ച ലേബര്‍ കമ്മീഷണര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായേക്കും 
Published on

പിവിഎസ് ആശുപത്രി മാനേജ്‌മെന്റിനെതിരെ ജീവനക്കാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സമരസമിതി. മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും സമരക്കാര്‍ ദ ക്യൂവിനോട് പറഞ്ഞു. തിങ്കളാഴ്ച റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുമായി ചര്‍ച്ചയുണ്ട്. അതില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു.

ശമ്പള കുടിശ്ശിക ഘട്ടം ഘട്ടമായി നല്‍കാമെന്നും ആശുപത്രി അടച്ചു പൂട്ടില്ലെന്നും തുറന്ന് പ്രവര്‍ത്തിക്കുമെന്നും മാനേജ്‌മെന്റ് സമരസമിതിക്ക് വാക്കാല്‍ ഉറപ്പ് നല്‍കി. ശമ്പള കുടിശ്ശിക എന്ന് നല്‍കുമെന്ന കാര്യം തിങ്കളാഴ്ച മാനേജ്‌മെന്റ് ലേബര്‍ കമ്മീഷണറെ അറിയിക്കും. രേഖാമൂലം ഉറപ്പ് ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. വാക്കാലുള്ള ഉറപ്പ് നേരത്തെയും ലഭിച്ചിണ്ടെങ്കിലും മാനേജ്‌മെന്റ് പാലിച്ചില്ലെന്നതാണ് അനുഭവമെന്ന സമരക്കാര്‍ പറയുന്നു.

ശമ്പളം നല്‍കാന്‍ പണമില്ലെന്ന് ചര്‍ച്ചയിലും മാനേജ്‌മെന്റ് ആവര്‍ത്തിച്ചു. ഇരുപത്തിയഞ്ചാം തിയ്യതിക്ക് മുമ്പ് ഒരു മാസത്തെ ശമ്പളം നല്‍കാമെന്നും ജൂണ്‍ പത്തിനുള്ളില്‍ അടുത്ത ഗഡുവും നല്‍കാമെന്നായിരുന്നു മാനേജ്‌മെന്റ് മുന്നോട്ട് വച്ച നിര്‍ദ്ദേശം.

ശമ്പളാനുകൂല്യങ്ങള്‍ നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്നാണ് കഴിഞ്ഞ തവണ നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്റ് സ്വീകരിച്ച നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കുകയായിരുന്നു. അന്തിമ തീരുമാനമറിയിക്കാന്‍ മനേജ്മെന്റിന് മെയ് 20 തിങ്കളാഴ്ച രാവിലെ 10.30 വരെ റീജിണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ സമയം നല്‍കിയിട്ടുണ്ട്.

നേരത്തെ ശമ്പളക്കുടിശ്ശിക സംബന്ധിച്ച് റീജിണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമാകാത്തതിനെ തുടര്‍ന്ന് മാതൃഭൂമി ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രനാണ് പിവി സ്വാമി മെമ്മോറിയല്‍ ആശുപത്രിയുടെ ചെയര്‍മാന്‍. അദ്ദേഹത്തിന്റെ മകള്‍ പിവി മിനിയാണ് ആശുപത്രി എംഡി. ഈ സമരത്തില്‍ ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം എണ്ണൂറോളം പേരാണ് അണിനിരന്നത്. ജില്ലാ കലക്ടര്‍ വിളിച്ച യോഗത്തില്‍ പോലും പിവി മിനി പങ്കെടുത്തിരുന്നില്ല.

ഒരു വര്‍ഷമായി ശമ്പളം നല്‍കാത്തതിനെതുടര്‍ന്ന് അഞ്ഞൂറോളം ജീവനക്കാരാണ് സമരം നടത്തുന്നത്. ഇവിടത്തെ ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാര്‍ക്ക് 8 മാസങ്ങളായും ശമ്പളം നല്‍കിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്ഐ വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നല്‍കിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാര്‍ സാക്ഷ്യപ്പടുത്തുന്നു. നേരത്തെ വിഷയത്തില്‍ കളക്ടര്‍ ഇടപെട്ടപ്പോള്‍ ഫെബ്രുവരി 28 നകം കുടിശ്ശിക നല്‍കാമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയില്ല. യുഎന്‍എ, യുഎച്ച്എസ്എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂര്‍ണപിന്‍തുണയിലാണ് സമരം. അതേസമയം ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം വരുത്താതെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

logo
The Cue
www.thecue.in