‘കക്കാടം പൊയിലില്‍ പത്തിടത്താണ് ഉരുള്‍പൊട്ടിയത്,കൂടെക്കരഞ്ഞ് പിവി അന്‍വറിനെ നന്മമരമാക്കി മണ്ടന്‍മാരാകുന്നു’; കുറിപ്പ്
ഉരുള്‍പൊട്ടല്‍ വന്‍ ദുരന്തം വിതച്ച കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍നിരയിലുള്ള പിവി എന്‍വര്‍ എംഎല്‍എയുടെ ഇരട്ടത്താപ്പിനെതിരെ എന്‍ എസ് യു ദേശീയ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. പരിസ്ഥിതി ലോല വ്യവസ്ഥയെ വെല്ലുവിളിച്ച് പിവി അന്‍വര്‍ പാര്‍ക്കുണ്ടാക്കിയ കക്കാടംപൊയിലില്‍ ജൂണ്‍ 13,14 ദിവസങ്ങളില്‍ മാത്രം പത്തിടത്താണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. ഈ പ്രളയകാലത്ത് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും അന്‍വറിനെ ഹീറോയാക്കുകയാണ്.
‘എന്നാല്‍ പാര്‍ക്കില്‍ ഉല്ലസിക്കാന്‍ വരുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ പോലും അപകടത്തിലാക്കി വിറ്റ് കാശുണ്ടാക്കുന്നവന്‍ കവളപ്പാറയില്‍ എത്തി കഴുത്തില്‍ തോര്‍ത്തിട്ട് കണ്ഠം ഇടറുമ്പോലെ മിമിക്രി കാട്ടുകയാണ്. അത് വിശ്വസിച്ച് കൂടെ കരഞ്ഞ് നന്മ മരം ആകാന്‍ സഹായിക്കുന്ന മലയാളികളെ മണ്ടന്‍മാര്‍ എന്നല്ലാതെ എന്ത് വിളിക്കണമെന്നും’ രാഹുല്‍ ചോദിക്കുന്നു. ‘ദുരന്തമുണ്ടായ നിലമ്പൂരില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെയാണ് കക്കാടംപൊയില്‍. ഇനിയൊരു കാലത്ത് പത്രത്തിന്റെ മുന്‍ പേജില്‍ മരണത്തിന്റെ കണക്ക് കൊണ്ട് മനസ്സില്‍ സങ്കടക്കടലിന്റെ കവിത തീര്‍ക്കുക കക്കാടം പൊയിലാണെന്നും’ രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.
‘നാളെ ഗോവിന്ദച്ചാമി ശിക്ഷയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി സ്ത്രീ സുരക്ഷാ സമ്മേളനം സംഘടിപ്പിച്ചാലും അയാളെ തോളിലേറ്റി നോട്ടുമാലയിടും നമ്മള്‍. കവികള്‍ അയാളുടെ സ്ത്രീ സംരക്ഷണ മനസ്സിനെ പ്രകീര്‍ത്തിച്ച് ഭീമനോടുപമിച്ച് മഹാകാവ്യം എഴുതും.സൈബര്‍ നിഷ്പക്ഷ എഴുത്തുകാര്‍ നീണ്ട ലേഖനമെഴുതി കാക്കത്തൊള്ളായിരം ലൈക്കുകള്‍ വാങ്ങും.ഒബി വാനുകള്‍ അയാള്‍ക്ക് പിന്നാലെ പായും. നമ്മള്‍ #ഗോവിന്ദച്ചാമിഉയിര്‍ എന്ന് ഏറ്റുപറഞ്ഞ് പ്രൊഫൈല്‍ പിക്കിടും.ഇതു കണ്ട് ദൂരെ മാറിയിരുന്ന് നമ്മുടെ മറവിയെ പരിഹസിച്ച് ഒരു അരണ പൊട്ടിച്ചിരിക്കുമെന്നും’ പരാമര്‍ശിച്ചാണ് രാഹുല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രളയകാലത്ത് ഞാൻ ഒരു കഥ പറയാം,
എന്റെ പരിചയത്തിൽ ഒരു സുനിലണ്ണനുണ്ട്. എന്നും രാത്രിയിൽ നല്ല തണ്ണിയടിച്ചിട്ട് വന്ന് നാട്ടിലെ LP സ്കൂളിൽ പുള്ളി വന്ന് കിടക്കും, എന്നിട്ട് ഓഫീസിന്റെ വാതിൽക്കലെ ബഞ്ചിൽ കിടന്ന് ഛർദ്ദിക്കുകയും അപ്പിയിടുകയും ചെയ്യും.... രാവിലെ കുട്ടികൾ എത്തുമ്പോൾ കാണുന്ന കാഴ്ച്ച, അടുത്തുള്ള കിണറിൽ നിന്നും വെള്ളം കോരി വന്നിട്ട് ഓഫിസ് പരിസരം വൃത്തിയാക്കുന്ന സുനിലണ്ണനെയാണ്. ഈ വൃത്തിയാക്കുന്നത് മാത്രം കണ്ടു കൊണ്ട് വരുന്ന കുട്ടികൾക്ക് ഹീറോയാണ് സുനിലണ്ണൻ, കാരണം പ്രതിഫലമാഗ്രഹിക്കാതെ തങ്ങളുടെ സ്കൂൾ വൃത്തിയാക്കുന്ന ചേട്ടനോട് ആരാധനയല്ലാതെ മറ്റെന്ത് തോന്നാനാണവർക്ക്. യാഥാർത്ഥ്യമറിയുന്ന പ്രിൻസിപ്പാൾ സുനിലണ്ണനെ വഴക്ക് പറയുമ്പോൾ അറിവാകാത്ത കുരുന്നുകൾക്കത് വിഷമമാണ്. അതവരുടെ പ്രായത്തിന്റെ നിഷ്കളങ്കതയാണ്.
പറഞ്ഞു വന്നത് പ്രബുദ്ധരെന്ന് നാം സ്വയം കരുതുന്ന നമ്മൾ മലയാളികൾ എന്ത് മണ്ടന്മാരാണ്? എന്തു പെട്ടെന്നാണ് ആളുകൾ നമ്മെ വിഡ്ഢികളാക്കുന്നത്?. അല്ലെങ്കിൽ ഒരു കാര്യം മാത്രം ഓർത്തു നോക്കു, P V അൻവർ എന്ന മുതലാളി കുറച്ച് ദിവസമായി നമ്മുടെ ചിന്താശേഷിയുടെയും മസ്തിഷക്കത്തിന്റെയും മുകളിലിരുന്ന് സുനിലണ്ണനെ പോലെ ഛർദ്ദിക്കുകയും മല വിസർജനം നടത്തുകയും ചെയ്തിട്ട് നമ്മുക്കത് തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ! . ഇന്ന് നാം വേദനയോടെ ചർച്ച ചെയ്യുന്ന നിലമ്പൂരെ കവളപ്പാറയിൽ നിന്നും 20 km മാത്രം അകലെ മറ്റൊരു കുന്നുണ്ട്, പേര് കക്കാടംപൊയില. ഇനിയൊരു കാലത്തെ പത്രത്തിന്റെ മുൻ പേജിൽ മരണത്തിന്റെ കണക്ക് കൊണ്ട് മനസ്സിൽ സങ്കടക്കടലിന്റെ കവിത തീർക്കുക കക്കാടംപൊയിലയാണ്. ഇതു പറയാനുള്ള കാരണം ഇക്കഴിഞ്ഞ ജൂൺ 13, 14 ന് മാത്രം ആ കുന്നിൽ പത്തിടത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. ആ ഉരുൾപൊട്ടലിന്റെ കാരണം ആ കുന്ന് കയ്യേറി അവിടുത്തെ പരിസ്ഥിതി ലോല വ്യവസ്ഥയെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്ന PVR എന്ന വാട്ടർ തീം പാർക്കാണ്. ആരാണ് ആ പാർക്കിന്റെ ഉടമയെന്ന് ചോദിച്ചാൽ ഈ പ്രളയകാലത്തെ നമ്മുടെ മാധ്യമങ്ങളുടെയും സമൂഹ മാധ്യമങ്ങളുടെയും ഹീറോ സാക്ഷാൽ P V അൻവർ. (ഈ അടുത്ത കാലത്തായി അൻവറിന്റെ ഭാര്യയുടെ പേരിലാക്കി)
ജീവിക്കാനുള്ള അതിജീവന സമരത്തിന്റെ ഭാഗമായി ആ പാർക്കിനെതിരായി അവിടുത്തെ നാട്ടുകാർ രംഗത്ത് വന്നപ്പോഴാണ് "ജപ്പാനിൽ മഴ പെയ്യിക്കുന്ന" വിചിത്ര തിയറി അൻവർ പറഞ്ഞത്. സമരം ചെയ്യുന്നവരെ അൻവറിന്റെ ഗുണ്ടകൾ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് കരക്കമ്പി. ഇനി പറയു എന്ത് ധാർമ്മികതയാണ് അൻവറിന്റെ പ്രളയകാലത്തെ കണ്ണീർ നാടകത്തിനുള്ളത്. ശക്തമായ ഒരു PR ടീമിനെ ഉപയോഗിച്ച് അയാൾ, അയാളെ തന്നെ വെള്ളപൂശിക്കൊണ്ടിരിക്കുന്ന ഈ നിമിഷവും കുടരഞ്ഞി വില്ലേജ് ഓഫീസർ "അൻവറിന്റെ പാർക്ക് കാരണം അവിടെ ഉരുൾപ്പൊട്ടലുണ്ടാകുന്നുവെന്നും സമുദ്രനിരപ്പിൽ നിന്ന് 2500 അടിയോളം ഉയരത്തിൽ മലയുടെ ഒരുവശം ഇടിച്ച് നിർമിച്ച പാർക്ക് തന്നെ അപകട ഭീഷണിയിലാണെന്നും" പറഞ്ഞ് സമർപ്പിച്ച ഒരു റിപ്പോർട്ട് താലൂക്ക് ഓഫീസിലെ മേശയിൽ 'വെളിച്ചം കാണാതെയിരുന്ന് റിപ്പോർട്ട് കുഞ്ഞുങ്ങളെ പ്രസവിക്കുന്നുണ്ട് '. ആ നാട്ടിലെ സ്ഥിരതാമസക്കാരെപ്പോലെ തന്നെ ആ പാർക്കിൽ ഉല്ലസിക്കാൻ വരുന്ന കുഞ്ഞുങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കി വിറ്റ് കാശുണ്ടാക്കുന്നവൻ കവളപ്പാറയിൽ എത്തി കഴുത്തിൽ ഒരു തോർത്തിട്ട് കണ്ഡം ഇടറുമ്പോലെ മിമിക്രി കാട്ടുമ്പോൾ, അത് വിശ്വസിച്ച് കൂടെ കരഞ്ഞ് അയാളെ നന്മ മരം ആകാൻ സഹായിക്കുന്ന നമ്മൾ മലയാളികളെ മണ്ടന്മാർ എന്നല്ലാതെ എന്ത് വിളിക്കണം?
നാളെ ഗോവിന്ദച്ചാമി ശിക്ഷയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് ഒരു "സ്ത്രീ സുരക്ഷ സമ്മേളനം" സംഘടിപ്പിച്ചാലും നമ്മൾ ആ സമ്മേളനത്തിൽ പങ്കെടുത്ത് അയാളെ തോളിലേറ്റി വേദിയിലെത്തിച്ച് നോട്ടുമാലയിടും നമ്മൾ... കവികൾ അയാളുടെ സ്ത്രീ സംരക്ഷണ മനസ്സിനെ പ്രകീർത്തിച്ച് ഭീമനോടുപമിച്ച് മഹാകാവ്യം എഴുതും.... സൈബർ നിഷ്പക്ഷ എഴുത്തുകാർ നീണ്ട ലേഖനമെഴുതി കാക്കത്തൊള്ളായിരം ലൈക്കുകൾ വാങ്ങും.... OB വാനുകൾ അയാൾക്ക് പിന്നാലെ പായും... നാം ഓരോരുത്തരും ഏറ്റ് പറയും#ഗോവിന്ദച്ചാമി_ഉയിർ എന്നിട്ട് പ്രൊഫൈൽ പിക്കിടും.... ഇതു കണ്ട് ദൂരെ മാറിയിരുന്ന് നമ്മുടെ മറവിയെ പരിഹസിച്ച് ഒരു അരണ പൊട്ടിച്ചിരിക്കും ..... പുകവലി വിരുദ്ധ ദിനം സിഗരറ്റ് കമ്പനികൾക്ക് സ്പോൺസർ ചെയ്യുന്ന കാലത്ത് എന്ത് അൻവർ, ഏത് ഗോവിന്ദച്ചാമി...'