പുന്ന നൗഷാദ് വധത്തില്‍ 7 പേര്‍ കസ്റ്റഡിയില്‍, കൊലയാളികളായ 4 പേരെ തിരിച്ചറിഞ്ഞു, പിന്നില്‍ 22 പേരെന്ന് പൊലീസ്
ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിന്റെ കൊലപാതകത്തില്‍ 7 പേര്‍ പൊലീസ് കസ്റ്റഡിയില്‍. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് സൂചന. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പ്രദേശവാസികളായ 22 പേര്‍ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. 14 പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു. ഇതില്‍ 4 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമിസംഘത്തിന് പ്രാദേശികമായി പിന്തുണ നല്‍കിയവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നത്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ആറ് ബൈക്കുകളിലായാണ് പ്രതികള്‍ രക്ഷപ്പെട്ടത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് എസ്ഡിപിഐ പ്രാദേശിക നതോവായ ഷാജിയെന്നയാളാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കാരി എന്നറിയപ്പെടുന്ന ഇയാള്‍ കൊലയ്ക്ക് മുന്‍പും ശേഷവും പ്രതികള്‍ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നുമാണ് പൊലീസ് നിഗമനം. സംഭവശേഷം പ്രദേശത്ത് നിന്ന് മുങ്ങിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഏറെ നാളത്തെ ആസൂത്രിത ഗൂഢാലോചനയ്ക്ക് ശേഷമാണ് കൊലപാതകമെന്ന് വ്യക്തമായിട്ടുണ്ട്.
ആക്രമണമുണ്ടായതിന് പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. മുഖംമൂടി ധരിച്ചെത്തിയ പതിനഞ്ചംഗ സംഘമാണ് നൗഷാദിനെ ക്രൂരമായി കൊലപ്പെടുത്തിയത്. 6 മാസം മുന്‍പ് പ്രദേശത്തുണ്ടായ കോണ്‍ഗ്രസ് എസ്ഡിപിഐ തര്‍ക്കങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. അന്ന് നൗഷാദുമായ വാക്കേറ്റത്തിലേര്‍പ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. നൗഷാദിനെ കൊല്ലാന്‍ ലക്ഷ്യമിട്ട് തന്നെയാണ് അക്രമിസംഘം എത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തിലെ പരിക്കുകള്‍ ഇത് വ്യക്തമാക്കുന്നുവെന്ന് പൊലീസ് പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ നൗഷാദിന് നേരെയുണ്ടായ ഭീഷണികളും പൊലീസ് പരിശോധിക്കുന്നുണ്ട്.