കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ അഴിമതി ആരോപണം; പെര്‍ഫോമന്‍സ് ഓഡിറ്റിങ് വിഭാഗം പരിശോധന നടത്തി
കൊച്ചി മേയര്‍ സൗമിനി ജെയിനെതിരെ അഴിമതി ആരോപണം. ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്നാണ് പരാതി. സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റിങ്ങ് സംഘം കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് പരിശോധന നടത്തി.
മട്ടാഞ്ചേരി തുരുത്തി കോളനി ഭവനസമുച്ചയ നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയെന്നാണ് സൗമിനി ജെയിനിനെതിരായ പരാതി. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ പരിശോധന നടത്താതെ മുന്‍കൂറായി പണം കൈമാറി. 92 ലക്ഷം രൂപയുടെ അഴിമതി നടത്തുവെന്നാരോപിച്ച് പ്രതിപക്ഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
സൗമിനി ജെയിനിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിലും ഭവനസമുച്ചയ നിര്‍മ്മാണ അഴിമതി ഉന്നയിച്ചിരുന്നു. 38 അംഗങ്ങള്‍ വിട്ടുനിന്നതോടെ ഇത് പരാജയപ്പെടുകയായിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു സൗമിനി ജെയിന്‍ പ്രതികരിച്ചത്. പദ്ധതി നടത്തിപ്പില്‍ സംശയമുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതണമെന്നും സൗമിനി ജെയിന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ പരാതിയിലാണ് ഇപ്പോള്‍ സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റിങ്ങ് സംഘം പരിശോധന നടത്തിയത്.