ജസ്റ്റിസ് വിജയ കെ താഹില്‍രമാനിയുടെ രാജി രാഷ്ടപതി അംഗീകരിച്ചു ; നടപടി പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വിധി പറയാനിരിക്കെ
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമാനിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് രാഷ്ട്രപതി രാജി അംഗീകരിച്ചത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു വിജയയുടെ രാജി. എന്നാല്‍ ഈ നടപടിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വിധി വരാനിരിക്കെയാണ് രാജി അംഗീകരിച്ച് നടപടിയുണ്ടായത്.
ഈ ഹര്‍ജിയില്‍ വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ വാദം നടന്നിരുന്നു. ഡിവിഷന്‍ ബെഞ്ച് വിധി പറയാന്‍ കേസ് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് രാഷ്ട്രപതി രാജി അംഗീകരിച്ചിരിക്കുന്നത്. ഇതോടെ പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് സാധുതയില്ലാതായി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ കൊളീജിയമാണ് താഹില്‍രമാനിയെ സ്ഥലം മാറ്റിയത്. മേഘാലയ ചീഫ് ജസ്റ്റിസായിരുന്ന എ കെ മിത്തലിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചുകൊണ്ടുമായിരുന്നു ഉത്തരവ്. എന്നാല്‍ ഇത് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊളീജിയത്തെ വിജയ സമീപിച്ചെങ്കിലും ആവശ്യം നിരാകരിക്കപ്പെട്ടു. രാജ്യത്തെ മുന്‍നിര കോടതിയില്‍ നിന്ന് താരതമ്യേന ചെറിയ കോടതിയിലേക്ക് സ്ഥലംമാറ്റി തന്നെ തരംതാഴ്ത്തുകയാണെന്ന് കാണിച്ചായിരുന്നു വിജയയുടെ രാജി.
ഇത്തരമൊരു മാറ്റം കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ചെറിയ കോടതികളിലേക്കുള്ള സ്ഥലം മാറ്റങ്ങള്‍ ശിക്ഷണ നടപടിയായി വിലയിരുത്തപ്പെടാറുണ്ട്. ഈ സാഹചര്യത്തില്‍കൂടിയായിരുന്നു അവരുടെ വിയോജിപ്പ്. ആവശ്യം കൊളീജിയം തള്ളിയതോടെ സെപ്റ്റംബര്‍ 7 ന് ഇവര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിച്ചു. ഇതിന്റെ പകര്‍പ്പ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കും സമര്‍പ്പിച്ചു. 2020 ഒക്ടോബര്‍ 3 വരെ സര്‍വീസുണ്ടെന്നിരിക്കെയായിരുന്നു പദവി ഒഴിയല്‍. 2018 ഓഗസ്റ്റ് എട്ടിനാണ് വിജയ മദ്രാസ് ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ടത്. എന്നാല്‍ 2019 ഓഗസ്റ്റ് 28 ന് സ്ഥലംമാറ്റ ഉത്തരവ് നല്‍കുകയായിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗകേസിലെ 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത് ജസ്റ്റിസ് വിജയ ആയിരുന്നു.