രാഷ്ട്രപതി സ്ഥാനത്തേക്ക് ബി.ജെ.പി പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകളിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ പേര് ഉയര്‍ന്നിരിക്കുന്നത്. കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ടിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെയാണ് ആര്‍.എസ്.എസ് നിര്‍ദേശിച്ചിരിക്കുന്നത്.
ആദിവാസി മേഖലയില്‍ നിന്നുള്ള വനിതാ നേതാക്കളുടെ പേരും രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നുണ്ട്. ഛത്തീസ്ഗഢ് ഗവര്‍ണര്‍ അനുസുയി ഉയ്‌കേ, ഝാന്‍ഖണ്ഡ് ഗവര്‍ണറായിരുന്ന ദ്രൗപദി മുര്‍മു എന്നിവരാണ് പരിഗണിക്കപ്പെടുന്നത്. ആദിവാസി വിഭാഗം, സ്ത്രീ എന്നിവ മാനദണ്ഡമായാല്‍ ഈ പേരുകള്‍ക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.
ആരിഫ് മുഹമ്മദ് ഖാന്റെയും താവര്‍ചന്ദ് ഗെഹ്ലോട്ടിന്റെയും പേരുകള്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കമാണ് നടത്തുന്നത്.