വനിതാ വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ സ്വാധീനിച്ചു ; വീഡിയോയില്‍ കുടുങ്ങിയ ഏജന്റ് അറസ്റ്റില്‍
ഹരിയാനയിലെ ഫരീദാബാദില്‍ വോട്ടര്‍മാരെ സ്വാധീനിച്ച പോളിങ് ഏജന്റ് അറസ്റ്റില്‍. ഇയാള്‍ വനിതാ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം. വീഡിയോ വൈറലായതോടെ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെടുകയായിരുന്നു. ഇയാള്‍ ഏത് പാര്‍ട്ടിക്കാരനാണെന്ന് വ്യക്തമല്ല.
ഫരീദാബാദ് മണ്ഡലത്തിലെ അസോട്ടി ബൂത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. നീലഷര്‍ട്ടുകാരന്‍ ബൂത്തിലിരിക്കുന്നത് വീഡിയോയില്‍ കാണാം. വോട്ടര്‍മാരായ സ്ത്രീകളുടെ ക്യൂവും ദൃശ്യമാണ്. സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ തയ്യാറായെത്തുമ്പോള്‍ ഇയാള്‍ മെഷീന് അടുത്തെത്തുകയും ഏത് ചിഹ്നത്തിലാണ് അമര്‍ത്തേണ്ടതെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. മൂന്ന് വോട്ടര്‍മാരെ ഇയാള്‍ സ്വാധീനിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്.
ബൂത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരാരും ഇത് തടയാന്‍ തയ്യാറായതുമില്ല. പോളിങ് ബൂത്തിലുള്ള മറ്റൊരാള്‍ ഇയാളുടെ പ്രവൃത്തി മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. ഉചിതമായ നടപടിയെടുത്തതെന്നും ഇയാള്‍ക്കെതിരെ കേസെടുത്തെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു. മേഖലയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഇതേക്കുറിച്ച് അന്വേഷിച്ച് വരികയാണ്. കൂടാതെ പൊലീസ് പരിശോധനയും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ബൂത്ത് കയ്യേറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മൂന്ന് വോട്ടര്‍മാരെ സ്വാധീനിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളതെങ്കിലും കൂടുതല്‍ തവണ ഇയാള്‍ ഇത് നടത്തിയിട്ടുണ്ടോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് കമ്മീഷന്റെ നിലപാട്. ഹരിയാനിയല്‍ 69.50 ആണ് പോളിങ് ശതമാനം. ഫരീദാബാദില്‍ 64.46 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്. അസോട്ടി ബൂത്തില്‍ ആകെ 1271 വോട്ടുകളാണുള്ളത്. ഇവിടെ 68 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്.