ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നേരത്തേയാകുമോ? കെജ്രിവാളിന് ശേഷം ആരാകും ഡല്‍ഹി മുഖ്യമന്ത്രി? ഡല്‍ഹി രാഷ്ട്രീയത്തില്‍ സംഭവിക്കുന്നതെന്ത്?

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നേരത്തേയാകുമോ? കെജ്രിവാളിന് ശേഷം ആരാകും ഡല്‍ഹി മുഖ്യമന്ത്രി? ഡല്‍ഹി രാഷ്ട്രീയത്തില്‍ സംഭവിക്കുന്നതെന്ത്?
Published on

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രാജി പ്രഖ്യാപനം ഡല്‍ഹി രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ് കൊണ്ടുവന്നിരിക്കുകയാണ്. 2025 ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെജ്രിവാളിന്റെ ഈ അപ്രതീക്ഷിത നീക്കം ബിജെപിയെ പോലും ഞെട്ടിച്ചിരിക്കുകയാണെന്നതാണ് വാസ്തവം. കേസില്‍ ആദ്യം അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അരവിന്ദ് കെജ്രിവാളും ഇനി ജനവിധി തേടിയതിനു ശേഷം മാത്രമേ അധികാര സ്ഥാനത്തേക്ക് തിരിച്ചെത്തൂ എന്നും പ്രഖ്യാപിച്ചിരിക്കുന്നു.

നവംബറില്‍ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയിലെ തെരഞ്ഞെടുപ്പും നടത്തണമെന്ന ആവശ്യവും കെജ്രിവാള്‍ ഉന്നയിച്ചു കഴിഞ്ഞു. ജയില്‍ മോചിതരായ ആംആദ്മി പാര്‍ട്ടി നേതാക്കള്‍ വര്‍ദ്ധിച്ച ആത്മവിശ്വാസവുമായാണ് രാഷ്ട്രീയ ഗോദയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കെജ്രിവാളിന് ശേഷം കുറഞ്ഞ കാലത്തേക്കാണെങ്കിലും ആരായിരിക്കും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയെന്നതും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

വിദ്യാഭ്യാസ മന്ത്രി അതിഷി സിംഗ്, ആംആദ്മി പാര്‍ട്ടി ദേശീയ വക്താവ് സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപിയായ രാഘവ് ഛദ്ദ, ആഭ്യന്തര മന്ത്രി കൈലാഷ് ഗെഹ്ലോട്ട്, മറ്റൊരു രാജ്യസഭാ എംപിയായ സഞ്ജയ് സിങ് എന്നിവരാണ് മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ കെജ്രിവാളിന്റെയും സിസോദിയയുടെയും അഭാവത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കെജ്രിവാള്‍ നിയോഗിച്ചത് അതിഷി സിങ്ങിനെ ആയിരുന്നു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്‌സേന ഈ പദ്ധതി അട്ടിമറിച്ചെങ്കിലും എഎപി നേതൃത്വത്തിന് അത്രയേറെ വിശ്വാസം അതിഷിയിലുണ്ട്. മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യം ചൊവ്വാഴ്ചക്കുള്ളില്‍ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ കെജ്രിവാളിന്റെ രാജി പ്രഖ്യാപനത്തെ നാടകമെന്നും പിആര്‍ സ്റ്റണ്ടെന്നുമൊക്കെയാണ് ബിജെപി വിശേഷിപ്പിച്ചത്. കെജ്രിവാളിന്റെ പ്രസ്താവന പൊള്ളയാണെന്ന് ബിജെപി ഡല്‍ഹി പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ പരിഹസിച്ചു. സുപ്രീം കോടതിയില്‍ നിന്നുള്ള പരോക്ഷ സമ്മര്‍ദ്ദത്തിന്റെ ഫലമാണ് രാജിയെന്നും ബിജെപി വിമര്‍ശിച്ചു. സ്വന്തം ഭാര്യയെ അടുത്ത മുഖ്യമന്ത്രിയാക്കാനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് രാജിയെന്നാണ് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞത്.

കഴിഞ്ഞ ആറുമാസം ജയിലിലായിരുന്നിട്ടും രാജി വെക്കാന്‍ തയ്യാറാകാതിരുന്ന കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തു വന്നതിന് ശേഷം രാജി പ്രഖ്യാപിച്ചതിനെ ബിജെപിയാണ് സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നത്. രണ്ടാം നിരയിലുള്ള നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കുകയും തെരഞ്ഞെടുപ്പിലൂടെ അഗ്നിശുദ്ധി നേടി വീണ്ടും അധികാരത്തില്‍ തിരിച്ചെത്താമെന്നും കെജ്രിവാളും സംഘവും കണക്കുകൂട്ടുന്നു. ഈ പ്രഖ്യാപനങ്ങളില്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസമാണ് പ്രധാന എതിരാളിയായ ബിജെപിയെ ആശങ്കയിലാക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in