അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ആരാണ് അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി എത്തുന്ന വനിത

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ആരാണ് അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി എത്തുന്ന വനിത
Published on

അരവിന്ദ് കെജ്രിവാളിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷി മര്‍ലേന സിങ് എത്തും. തന്റെ പിന്‍ഗാമിയെ അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് പ്രഖ്യാപിച്ചത്. ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായത്. മുഖ്യമന്ത്രിയെ കെജ്രിവാള്‍ തന്നെ തെരഞ്ഞെടുക്കട്ടെയെന്ന് ദിലീപ് പാണ്ഡേ എംഎല്‍എ നിര്‍ദേശിച്ചു. അതിഷിയുടെ പേര് കെജ്രിവാള്‍ പ്രഖ്യാപിച്ചപ്പോള്‍ മറ്റ് എംഎല്‍എമാര്‍ അത് അംഗീകരിക്കുകയും പാര്‍ലമെന്ററി പാര്‍ട്ടി നേതാലവായി അവരെ ഔദ്യോഗികമായി തെരഞ്ഞെടുക്കുകയുമായിരുന്നു. കെജ്രിവാള്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് അവര്‍. സുഷമ സ്വരാജിനും ഷീല ദീക്ഷിനും ശേഷം ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിത കൂടിയാണ് അതിഷി സിങ്.

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ആരാണ് അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി എത്തുന്ന വനിത
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഡല്‍ഹിയിലെ വിദ്യാഭ്യാസ മേഖലയെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ മുന്നില്‍ നിന്നയാളെന്ന നിലയിലാണ് അതിഷി പ്രസക്തയാകുന്നത്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പൂര്‍വ്വവിദ്യാര്‍ത്ഥിയും റോഡ്‌സ് സ്‌കോളറുമായ ഇവര്‍ കല്‍ക്കാജിയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ അറസ്റ്റിലായതിന് ശേഷമാണ് 43 കാരിയായ അതിഷി മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. പിന്നീട് കെജ്രിവാള്‍ കൂടി അറസ്റ്റിലായതിന് ശേഷം പാര്‍ട്ടിയുടെ നിലപാടുകള്‍ സമ്മേളങ്ങളിലും മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രഖ്യാപിച്ചിരുന്നത് അതിഷിയായിരുന്നു. കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലിലായിരുന്നപ്പോള്‍ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കെജ്രിവാള്‍ നിയോഗിച്ചത് അതിഷിയെയായിരുന്നു. എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്‌സേന ഈ നീക്കത്തെ എതിര്‍ക്കുകയായിരുന്നു.

മുഖ്യമന്ത്രി പദം രാജിവെക്കുകയാണെന്ന് ജയില്‍ മോചിതനായ ശേഷം കെജ്രിവാള്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകളും സജീവമായി. മുഖ്യമന്ത്രി പദത്തില്‍ എത്താന്‍ സാധ്യതയുണ്ടായിരുന്ന അഞ്ച് പേരുകളില്‍ ഒന്നാമത്തേത് അതിഷിയുടേതായിരുന്നു. ആറ് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ജനവിധി നേടിയതിനു ശേഷം മാത്രമേ ഇനി അധികാര സ്ഥാനങ്ങളില്‍ തിരികെയെത്തൂ എന്നാണ് കെജ്രിവാളും മനീഷ് സിസോദിയയും പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരിയിലാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. കെജ്രിവാള്‍ രാജി വെക്കുന്നതോടെ ഒരു ഇടക്കാല മുഖ്യമന്ത്രി സ്ഥാനം മാത്രമേ ആവശ്യമായി വരുന്നുള്ളു. എങ്കിലും അതിഷിയെ പോലെ പ്രമുഖയായ ഒരാളെ മുഖ്യമന്ത്രിയാക്കുകയാണ് ആം ആദ്മി ചെയ്തിരിക്കുന്നത്. ഭാര്യയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണ് കെജ്രിവാളിന്റെ രാജിയെന്ന ബിജെപി പരിഹാസത്തിന് മറുപടി കൂടിയാണ് ഈ നടപടി.

Related Stories

No stories found.
logo
The Cue
www.thecue.in