'ആത്മാഭിമാനം, അപമാനം, ആത്മാര്‍ത്ഥത'; പാലക്കാട് ബിജെപിയില്‍ സന്ദീപ് വാര്യര്‍ക്കും സി.കൃഷ്ണകുമാറിനും ഇടയില്‍ സംഭവിക്കുന്നതെന്ത്?

'ആത്മാഭിമാനം, അപമാനം, ആത്മാര്‍ത്ഥത'; പാലക്കാട് ബിജെപിയില്‍  സന്ദീപ് വാര്യര്‍ക്കും സി.കൃഷ്ണകുമാറിനും ഇടയില്‍ സംഭവിക്കുന്നതെന്ത്?
Published on

മൂന്നു മുന്നണികളും ശക്തമായി ഏറ്റുമുട്ടുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് എതിരെ ആദ്യത്തെ രാഷ്ട്രീയ ബോംബ് പൊട്ടിച്ചയാളാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. 1991ലെ പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ ചെയര്‍മാനും സിപിഎം നേതാവുമായിരുന്ന എം.എസ്.ഗോപാലകൃഷ്ണന്‍ ബിജെപിയുടെ പിന്തുണ തേടിയെന്ന് സന്ദീപ് ആരോപിക്കുകയും തെളിവായി അന്നത്തെ ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന ടി.ചന്ദ്രശേഖരന് ഗോപാലകൃഷ്ണന്‍ അയച്ചുവെന്ന് കരുതുന്ന കത്തിന്റെ പകര്‍പ്പ് പുറത്തു വിടുകയും ചെയ്തു. ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് തുടക്കം കുറിച്ച ഈ സംഭവത്തിന് പിന്നാലെ സന്ദീപ് വാര്യര്‍ പ്രചാരണത്തില്‍ നിന്ന് പിന്നോട്ടു പോകുന്നതാണ് കണ്ടത്. എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സന്ദീപിന് ഇരിപ്പിടം നല്‍കാതെ അവഗണിച്ചുവെന്നതാണ് സന്ദീപിന്റെ നിസ്സഹകരണത്തിന് കാരണമായി പറയുന്നത്. പാലക്കാട് ബിജെപിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വാരസ്യമാണ് ഇതോടെ പുറത്തു വന്നത്. സന്ദീപ് പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹങ്ങള്‍ ഉയരുകയും സന്ദീപിനോട് വെറുപ്പില്ലെന്ന് സിപിഎം സംസ്ഥാന സമിതിയംഗം എ.കെ.ബാലന്‍ പ്രഖ്യാപിക്കുക കൂടി ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ സന്ദീപ് പരസ്യമായി പ്രതികരിച്ചിരുന്നില്ല. തിങ്കളാഴ്ച ഫേസ്ബുക്കിലൂടെ പുറത്തുവിട്ട പ്രതികരണത്തില്‍ സന്ദീപ് ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ്. എന്നാല്‍ സംഘടനയോട് ആത്മാര്‍ത്ഥതയുള്ള, സംഘടനയില്‍ ഉറച്ചു നില്‍ക്കുന്ന ആര്‍ക്കും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാകില്ലെന്നാണ് കൃഷ്ണകുമാര്‍ പ്രതികരിച്ചത്. ഇരു പ്രതികരണങ്ങളില്‍ നിന്നും അഭിപ്രായ വ്യത്യാസം വ്യക്തമാണ്. എ ക്ലാസ് മണ്ഡലമായി ബിജെപി ദേശീയ നേതൃത്വം കണക്കാക്കുന്ന പാലക്കാട് മണ്ഡലത്തില്‍ പ്രചാരണം ശക്തമായി മുന്നേറുന്നതിനിടെയാണ് ബിജെപിയില്‍ കല്ലുകടിയുണ്ടായിരിക്കുന്നത്.

താന്‍ നേരിട്ട അപമാനം ഒരു പരിപാടിയില്‍ മാത്രം സംഭവിച്ചതല്ലെന്നും സംഭവങ്ങളുടെ ശൃംഖലയാണെന്നുമാണ് സന്ദീപ് പറഞ്ഞത്. തന്റെ അമ്മ മരിച്ചപ്പോള്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും വെച്ചില്ല, ആശ്വസിപ്പിക്കാന്‍ എതിര്‍ പക്ഷത്തു നിന്നുള്ളവര്‍ വരികയും ഫോണില്‍ വിളിക്കുകയും ചെയ്തപ്പോള്‍ പോലും സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കൃഷ്ണകുമാര്‍ വന്നില്ലെന്ന് സന്ദീപ് കുറ്റപ്പെടുത്തുന്നു. ആത്മാഭിമാനമെന്നത് മനുഷ്യന് പരമപ്രധാനമാണ്. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിലെ വാചകങ്ങള്‍

കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മര്‍ദ്ധത്തിലാണ്. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല. അതവരുടെ ധര്‍മ്മം. നിര്‍വ്വഹിക്കട്ടെ. ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്. സ്‌നേഹിക്കുന്നവരുടെ വികാരങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. അവരുടെ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ നമസ്‌കരിക്കുകയാണ്. പുറത്തു വന്ന വാര്‍ത്തകള്‍ പലതും വാസ്തവ വിരുദ്ധവും അര്‍ദ്ധസത്യങ്ങളുമാണ്. കണ്‍വെന്‍ഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യര്‍ പിണങ്ങിപ്പോയി എന്നാണ് വാര്‍ത്ത. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്‌നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍.

പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാന്‍ സാധിക്കില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാന്‍ കഴിയില്ല. Sorry to say that. ഈ അവസരത്തില്‍ ആ കാര്യങ്ങള്‍ മുഴുവന്‍ തുറന്നു പറയാന്‍ ഞാന്‍ തയ്യാറല്ല. പ്രിയ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍. കൃഷ്ണകുമാര്‍ ഏട്ടന്‍ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോര്‍ച്ച കാലം മുതല്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ?

എന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ , അന്ന് ഞാന്‍ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോള്‍ പ്രകാരം വേദിയില്‍ ഇരിക്കേണ്ട ആള്‍. എന്റെ അമ്മ എന്നത് പോട്ടെ, സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിര്‍മ്മിക്കാന്‍ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയില്‍ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്‍കിയ ഒരു അമ്മ, മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. ഇന്ന് നിങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ സരിന്‍ എന്റെ വീട്ടില്‍ ഓടി വന്നിരുന്നു. ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആര്‍എം ഷഫീര്‍, വിറ്റി ബല്‍റാം, മുകേഷ് എംഎല്‍എ തുടങ്ങി എതിര്‍പക്ഷത്തുള്ളവര്‍ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ ഒരു ഫോണ്‍കോളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങള്‍ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്‌നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാന്‍ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതല്‍ സ്‌നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.

സന്ദീപ് വാര്യര്‍ മാറിനില്‍ക്കരുത് എന്ന് നിങ്ങള്‍ പുറത്തേക്ക് പറയുമ്പോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തില്‍ ഒന്ന് സംസാരിക്കാന്‍ ഒരാള്‍ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതല്‍ ഒന്നും പറയാനില്ല. കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എന്നാല്‍ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാന്‍ ഞാന്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്‌നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇത്രമാത്രം പങ്കുവെക്കുന്നത്.

സന്ദീപിന്റെ അമ്മ മരിച്ചപ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്നും എങ്കിലും ഫോണില്‍ വിളിച്ചിരുന്നുവെന്നുമാണ് സി.കൃഷ്ണകുമാര്‍ പ്രതികരിച്ചത്.

കൃഷ്ണകുമാറിന്റെ വാക്കുകള്‍

സന്ദീപ് എന്റെയൊരു സഹപ്രവര്‍ത്തകനാണ്. സന്ദീപിന് അങ്ങനെയെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ സന്ദീപുമായി സംസാരിച്ച് പരിഹാരം കാണും. സഹപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. എന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായാല്‍ അത് പരിഹരിക്കും. ഒരു ബിജെപി പ്രവര്‍ത്തകനും അപമാനം സഹിക്കേണ്ട ആവശ്യമില്ല. കാരണം ബിജെപിയുടെ പ്രവര്‍ത്തകര്‍ക്ക് ഒപ്പം ബിജെപിയുടെ നേതാക്കളും സംസ്ഥാന നേതൃത്വവുമൊക്കെയുണ്ട്. അദ്ദേഹത്തിന്റെ അമ്മ മരിച്ച സമയത്തൊക്കെ ഞാന്‍ ഫോണില്‍ വിളിച്ചതാണ്. സന്ദീപിന്റെ തെറ്റിദ്ധാരണയായിരിക്കും അദ്ദേഹം പറഞ്ഞത്. ഞാനപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. സംഘടനയോട് ആത്മാര്‍ത്ഥതയുള്ള, സംഘടനയില്‍ ഉറച്ചു നില്‍ക്കുന്ന ഒരാള്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയില്ല.

സംസ്ഥാന വക്താവ് സ്ഥാനത്തിരിക്കെയുണ്ടായ വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ പിന്‍നിരയിലേക്ക് തള്ളപ്പെട്ട നേതാവാണ് സന്ദീപ് വാര്യര്‍. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ വാദങ്ങള്‍ ശക്തമായി അവതരിപ്പിച്ചിരുന്ന സന്ദീപിന് പിന്നീട് സ്വന്തം ജില്ലയായ പാലക്കാട് പോലും അര്‍ഹമായ പരിഗണന ലഭിച്ചിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ജില്ലാ അധ്യക്ഷന്‍ കൂടിയായ സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിനെയാണ് സന്ദീപ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിലേക്കും കുറ്റപ്പെടുത്തല്‍ നീളുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in