സമസ്തയെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ലീഗ് നീക്കം; വീണ്ടും സമരത്തിന് ഇറങ്ങാന്‍ സമ്മര്‍ദ്ദം

സമസ്തയെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ലീഗ് നീക്കം; വീണ്ടും സമരത്തിന് ഇറങ്ങാന്‍ സമ്മര്‍ദ്ദം

Published on

വഖഫ് നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കബളിപ്പിച്ചുവെന്ന പ്രചരണമുയര്‍ത്തി സമസ്തയെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ മുസ്ലിംലീഗ് നീക്കം. മുസ്ലിം സംഘടനകളില്‍ ഭിന്നിപ്പിക്കുക മാത്രമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യമെന്നാണ് ലീഗിനെ അനുകൂലിക്കുന്ന സമസ്തയിലെ ഒരുവിഭാഗവും വാദിക്കുന്നത്. വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ തുടര്‍ ചര്‍ച്ച നടത്തുന്നില്ലെന്ന പ്രചരണം മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന പ്രചരണം ശക്തമാണ്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നും പ്രചരിപ്പിക്കുന്നു. വഖഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ സമസ്ത സമരത്തിനിറങ്ങണമെന്നാണ് ലീഗിന്റെ ആവശ്യം.

സര്‍ക്കാര്‍ നടപടികളെ പ്രതീക്ഷയോടെയാണ് സമസ്ത നേതൃത്വം കാണുന്നത്. വഖഫ് നിയമന വിഷയത്തില്‍ തത്സ്ഥിതി തുടരുമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ മുന്നോട്ട് പോകാനാണ് സമസ്തയുടെ തീരുമാനം. വഖഫ് വിഷയത്തില്‍ മാറ്റങ്ങളൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നതെന്നും പി.എസ്.സിക്ക് വിടുന്നുണ്ടെങ്കില്‍ മാത്രമേ തുടര്‍ ചര്‍ച്ചകള്‍ ആവശ്യമുള്ളുവെന്നുമാണ് സമസ്ത ഇതില്‍ നല്‍കുന്ന വിശദീകരണം. നിലവിലുള്ള സ്ഥിതി തുടരുന്നതില്‍ ചര്‍ച്ചയുടെ ആവശ്യമില്ല. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും സമസ്ത കരുതുന്നു.

നിയമസഭ ചേരുമ്പോള്‍ പാസാക്കിയ ബില്ല് റദ്ദാക്കാനുള്ള നടപടികളാണ് സ്വീകരിക്കാനുള്ളത്. ആ സമയത്ത് സര്‍ക്കാരുമായി വീണ്ടും ആശയവിനിമയം നടത്താനാണ് സമസ്തയുടെ തീരുമാനം. സമസ്തയിലെ ഭിന്നിപ്പുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും നേതൃത്വം കരുതുന്നു. സമസ്തയുടെ ഇടപെടലിലൂടെയാണ് സര്‍ക്കാര്‍ പി.എസ്.സി വിഷയത്തില്‍ നിലപാട് മാറ്റിയതെന്നും അതില്‍ ലീഗിനുള്ള അസംതൃപ്തിയാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നുമാണ് സമസ്തയിലെ ഒരുവിഭാഗം പറയുന്നു.

വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധമുയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ സമസ്തയെ മുന്നില്‍ നിര്‍ത്താനായിരുന്നു മുസ്ലിംലീഗിന്റെ ശ്രമം. പള്ളികളിലെ പ്രതിഷേധത്തിനെതിരെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരസ്യമായി നിലപാട് സ്വീകരിച്ചത് ലീഗിന് തിരിച്ചടിയായി. ലീഗിനെ ഒഴിവാക്കി സമസ്ത നേതൃത്വവുമായ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാരും ശ്രമിച്ചു. ഇതിന് മറുപടിയായി കോഴിക്കോട് കടപ്പുറത്ത് പ്രതിഷേധ റാലി നടത്തി ലീഗ് ശക്തി തെളിയിച്ചു. ഇതിനിടെ സമസ്തയുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കവും ഉണ്ടായി.

സലഫിസത്തോടും കമ്യൂണിസത്തോടും സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് സമസ്തയ്ക്കുള്ളില്‍ തര്‍ക്കം നടക്കുന്നുണ്ട്. മുസ്ലിം ലീഗിനൊപ്പമായിരുന്ന സമസ്ത കുറച്ച് കാലമായി ഇടതു സര്‍ക്കാരിനോടും പല വിഷയങ്ങളിലും യോജിച്ച് മുന്നോട്ട് പോകുന്നുണ്ട്. സമസ്തയെ തങ്ങളുടെ പാളയത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം ലീഗ് നടത്തുന്നതിന്‌റെ തുടര്‍ച്ചയാണ് സലഫിസമോ കമ്യൂണിസമോയെന്ന ചര്‍ച്ചയും. നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കമ്യൂണിസത്തെ തള്ളിപ്പറയണമെന്നാണ് ലീഗ് പക്ഷക്കാരുടെ വാദം. മുജാഹിദ് ആശയമായ സലഫിസത്തെയാണ് എതിര്‍ക്കേണ്ടതെന്നാണ് സി.പി.എം അനുകൂലപക്ഷം ഉന്നയിക്കുന്നത്.

logo
The Cue
www.thecue.in