വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും; ഹരിയാന രാഷ്ട്രീയം മാറിമറിയുമോ?

വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും; ഹരിയാന രാഷ്ട്രീയം മാറിമറിയുമോ?
Published on

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇരുവരും ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചനകള്‍. ജുലാന സീറ്റില്‍ വിനേഷ് ഫോഗട്ട് മത്സരിക്കുമെന്നാണ് വിവരം. ബദ്‌ലി മണ്ഡലത്തിലായിരിക്കും ബജ്‌റംഗ് പൂനിയ സ്ഥാനാര്‍ത്ഥിയാവുക. ബജ്‌റംഗ് പൂനിയയും വിനേഷ് ഫോഗട്ടും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷിന് ഇന്ത്യയില്‍ തിരികെയെത്തിയപ്പോള്‍ വന്‍ സ്വീകരണമായിരുന്നു കോണ്‍ഗ്രസ് ഒരുക്കിയത്. പിന്നീട് നാട്ടുകാരും കര്‍ഷക സംഘടനകളും താരത്തിന് സ്വീകരണം നല്‍കിയിരുന്നു. കര്‍ഷക നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഫോഗട്ടും കായിക മേഖലയിലെ രാഷ്ട്രീയവത്കരണത്തിനെതിരെ ശക്തമായി വാദിക്കുന്ന ബജ്‌റംഗ് പൂനിയയും എത്തുന്നത് ഹരിയാനയിലെ കോണ്‍ഗ്രസിന് വന്‍ നേട്ടമാകും. ആംആദ്മി പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയെങ്കിലും ചര്‍ച്ചകള്‍ നടന്നു വരികയാണെന്നാണ് ആംആദ്മി പ്രതികരിച്ചത്. 2014 മുതല്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ പുറത്താക്കുകയാണ് ഇന്ത്യാ സഖ്യത്തിന്റെ ലക്ഷ്യം.

വിനേഷ് ഫോഗട്ടും കര്‍ഷക സമരവും

കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന കര്‍ഷക നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന കായികതാരമാണ് വിനേഷ് ഫോഗട്ട്. ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന് കര്‍ഷക സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒളിമ്പിക് മെഡല്‍ അടക്കം ഗംഗയില്‍ ഒഴുക്കിക്കൊണ്ട് പ്രതിഷേധിക്കാനുള്ള ഗുസ്തി താരങ്ങളുടെ നീക്കം കര്‍ഷക നേതാക്കളാണ് തടഞ്ഞത്. ഒളിമ്പിക്‌സിന് ശേഷം മടങ്ങിയെത്തിയ വിനേഷിന് ഹരിയാനയില്‍ കര്‍ഷക നേതാക്കള്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു. ഹരിയാനയില്‍ നിന്നുള്ള കായികതാരം കൂടിയായ വിനേഷ് കഴിഞ്ഞയാഴ്ച ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുന്ന ശംഭുവില്‍ എത്തി അവരുമായി സംസാരിച്ചിരുന്നു. ശംഭുവിലെ സമരം 200 ദിവസം പിന്നിട്ട ദിവസമായിരുന്നു സന്ദര്‍ശനം. നിങ്ങളുടെ മകളാണ് ഒപ്പം നില്‍ക്കുന്നതെന്നാണ് വിനേഷ് കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.

വിനേഷിന്റെ വാക്കുകള്‍

നിങ്ങളുടെ സമരം ഇന്ന് 200 ദിവസം പിന്നിടുകയാണ്. നിങ്ങള്‍ എന്ത് ആവശ്യത്തിനായാണ് ഇവിടെയെത്തിയത്, അത് ലഭിക്കുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കാം. നിങ്ങളുടെ മകളാണ് നിങ്ങള്‍ക്കൊപ്പം ഈ നില്‍ക്കുന്നത്. ഞങ്ങളും ഈ രാജ്യത്തെ പൗരന്‍മാരാണ്, അതുകൊണ്ടാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തുന്നത്, ഇത് രാഷ്ട്രീയമല്ലെന്ന് സര്‍ക്കാരിനോട് വ്യക്തമാക്കുകയാണ്. സര്‍ക്കാര്‍ ഇത് കേട്ടേ മതിയാകൂ...

ഗുസ്തി താരങ്ങളുടെ സമരം

കഴിഞ്ഞ വര്‍ഷം നടന്ന ഗുസ്തി താരങ്ങളുടെ സമരത്തിലൂടെയാണ് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പൂനിയയും സാക്ഷി മാലിക്കും അടക്കമുള്ള ഗുസ്തി താരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്. ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായിരുന്ന ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെയായിരുന്നു ഇവരുടെ സമരം. പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കമുള്ള ഗുസ്തി താരങ്ങളെ ബ്രിജ്ഭൂഷണ്‍ ലൈംഗികമായി ഉപദ്രവിച്ചു എന്ന ആരോപണത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് പ്രതിഷേധത്തിന് കാരണം. സമരത്തില്‍ നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാരിന് ഒടുവില്‍ കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കേണ്ടി വന്നു. യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് എന്ന രാജ്യാന്തര ഗുസ്തി സംഘടന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യുന്നതു വരെയെത്തി കാര്യങ്ങള്‍. ഇതേത്തുടര്‍ന്ന് പുറത്തായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് നല്‍കിയില്ല. പകരം മകന്‍ കരണ്‍ ഭൂഷണ്‍ ശരണ്‍ സിങ്ങിന് സീറ്റ് നല്‍കി.

പാരീസ് ഒളിമ്പിക്‌സിലെ അയോഗ്യത

പാരീസ് ഒളിമ്പിക്‌സില്‍ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. 53 കിലോഗ്രാം വിഭാഗത്തില്‍ സ്ഥിരമായി മത്സരിച്ചുകൊണ്ടിരുന്ന വിനേഷ് പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിച്ചത്. ഫൈനല്‍ യോഗ്യത നേടിയ വിനേഷ് തുടര്‍ന്ന് നടന്ന ഭാര പരിശോധനയില്‍ അനുവദനീയമായതിലും 100 ഗ്രാം കൂടുതല്‍ രേഖപ്പെടുത്തിയതോടെ അയോഗ്യയാക്കപ്പെട്ടു. രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും നിയമങ്ങളുടെ കാര്‍ക്കശ്യം ചൂണ്ടിക്കാട്ടി വിനേഷിന് മെഡല്‍ നിഷേധിക്കപ്പെട്ടു. പക്ഷേ, തിരിച്ചെത്തിയപ്പോള്‍ സ്വര്‍ണ്ണം നേടിയ താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകരണമായിരുന്നു വിനേഷിനെ തേടിയെത്തിയത്. ബജ്‌റംഗ് പൂനിയ അടക്കമുള്ള താരങ്ങളും കര്‍ഷക നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും അവരെ സ്വീകരിക്കാനെത്തി. സ്വര്‍ണ്ണ മെഡല്‍ നല്‍കിയാണ് കര്‍ഷക നേതാക്കള്‍ സ്വീകരണം ഒരുക്കിയത്.

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയും ബിജെപിക്ക് എതിരെയും സ്വീകരിച്ച കര്‍ശന നിലപാടുകള്‍ ഇരുതാരങ്ങള്‍ക്കും ഹരിയാനയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കിയിട്ടുണ്ട്. ഒളിമ്പിക്‌സ് അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് വ്യക്തമായ തന്‍റെ രാഷ്ട്രീയ നിലപാട് കൂടി പ്രഖ്യാപിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in