‌ബിജെപിക്ക് പുറത്ത് വരുണ്‍ഗാന്ധി കണ്ടെത്തുന്ന വിളനിലങ്ങള്‍

‌ബിജെപിക്ക് പുറത്ത് വരുണ്‍ഗാന്ധി കണ്ടെത്തുന്ന വിളനിലങ്ങള്‍
Published on

ഒടുവില്‍ വരുണ്‍ ഗാന്ധി ബിജെപിയെ എതിര്‍ക്കുന്നവരുടെ പാളയത്തിലേക്ക് നടന്നടുക്കുകയാണോ..?

2014 ലെ തെരഞ്ഞെടുപ്പില്‍ പിലിഭിത്തിൽ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ വരുണ്‍ ഗാന്ധി ഇത്തവണ ആ പാളയത്തില്‍ ഇല്ലെന്ന് ഏറെക്കുറേ വ്യക്തമായിരുന്നു.

43 കാരനായ പിലിഭിത്ത് എംപി, നരേന്ദ്ര മോദിയുടെ സര്‍ക്കാരിനും ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനുമെതിരെ നിരവധി വിഷയങ്ങളില്‍ നിര്‍ണായക നിലപാട് സ്വീകരിച്ചിരുന്നു. അന്നേ ഏതാണ്ട് പ്രകടമായതാണ് ബിജെപിയുടെ ഇപ്പോഴത്തെ നേതൃത്വത്തോടുള്ള വരുണിന്റെ എതിര്‍പ്പ്.

ഡിസംബറില്‍, വിമാനത്താവളങ്ങളിലെ മദ്യവില്‍പ്പനശാലകളുടെ മാതൃകയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വരുണ്‍ ശക്തിയായി എതിര്‍ത്തിരുന്നു. അതിനുമുമ്പ്, 2023 ഒക്ടോബറില്‍, അമേഠിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം യോഗി ആദിത്യനാഥുമായി കൊമ്പുകോര്‍ത്തിരുന്നു.

2020-21ല്‍ കര്‍ഷക സമരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയ ഏക ബിജെപി നേതാവ് വരുണായിരുന്നു. യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്ര ടെനിയുടെ മകന്‍ ആശിഷ് മിശ്ര ഓടിച്ച വാഹനം ഇടിച്ച് നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരുടെ മരണത്തിന് ആരാണ് ഉത്തരവാദിയെന്ന് വരുണ്‍ഗാന്ധിമാത്രമാണ് ആ പാര്‍ട്ടിയില്‍ നിന്നും ചോദ്യം ഉന്നയിച്ചത്.

രാജീവ് ഗാന്ധിയുടെ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും മകനാണ് വരുണ്‍ ഗാന്ധി. ബംഗാളിലെ പ്രമുഖ കോണ്‍ഗ്രസസ് നേതാവായിരുന്ന ദേശബന്ധു ചിത്തരഞ്ജന്‍ ദാസിന്റെ കൊച്ചുമകള്‍ യാമിനി റോയ് ചൗധരിയെയാണ് വരുണ്‍ വിവാഹം കഴിച്ചത്

വരുണ്‍ഗാന്ധിയും, യാമിനി റോയ് ചൗധരിയും
വരുണ്‍ഗാന്ധിയും, യാമിനി റോയ് ചൗധരിയും

1980ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി അധികാരം തിരിച്ചുപിടിച്ചതിന് തൊട്ടുപിന്നാലെയാണ് വരുണ്‍ ജനിച്ചത്. വരുണിന് മൂന്ന് മാസം പ്രായമുള്ളപ്പോള്‍ 1980 ജൂണില്‍ ഒരു വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധി മരിച്ചു. നാല് വയസ്സുള്ളപ്പോള്‍ 1984 ഒക്ടോബര്‍ 31 ന് ഇന്ദിരഗാന്ധിയും കൊല്ലപ്പെട്ടു. ഋഷി വാലി സ്‌കൂളിലും ന്യൂഡല്‍ഹിയിലെ ബ്രിട്ടീഷ് സ്‌കൂളിലും പഠിച്ചശേഷം ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി എസ് സി കരസ്ഥമാക്കി .

1999ലെ തിരഞ്ഞെടുപ്പ് കാലത്താണ് വരുണ്‍ രാഷ്ടീയത്തിലേക്ക് വരുന്നത്. മനേകഗാന്ധിയുടെ തെരഞ്ഞടുപ്പു പ്രചാരണത്തിനിടെ അവര്‍ തന്നെയാണ് വരുണ്‍ ഗാന്ധിയെ പിലിഭിത് മണ്ഡലത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയത്. ഏതാണ്ട് നാല്പതിലേറെ സ്ഥലങ്ങളില്‍ പ്രസംഗിച്ചു. വര്‍ഗീയത ഇളക്കിവിടുന്ന പ്രസംഗത്തിനാണ് ഏറെ കയ്യടി കിട്ടുന്നതെന്ന് അദ്ദേഹം മനസിലാക്കിയതോടെ പ്രസംഗം പിന്നേയും കൊഴുപ്പിച്ചു.

മനേകഗാന്ധി നേരത്തെ ബിജെപി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമായിരുന്നു, എന്നാല്‍ അവരും വരുണും ഔപചാരികമായി 2004 ല്‍ ആണ് ബിജെപിയില്‍ ചേരുന്നത്.

വലിയ, വലിയ സ്വപ്നങ്ങള്‍ കണ്ടുകൊണ്ടിയിരുന്നു വരുണ്‍ ഗാന്ധിയും മനേക ഗാന്ധിയും ബിജെപിയിയേക്ക് ചേക്കേറിയത്.

ചെറിയൊരു കാലയളവിനുള്ളില്‍ തന്നെ വരുണ്‍ ഗാന്ധി ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. തീവ്ര ഹിന്ദുത്വ നിലപാട്, വര്‍ഗീയ വിദ്വേഷം ചീറ്റി അടിക്കുന്ന പ്രസംഗങ്ങള്‍... അങ്ങിനെ ബിജെപി ക്യാമ്പുകളെ ഇളക്കിമറിച്ച യുവനേതാവ്.

2009ലെ പൊതുതിരഞ്ഞെടുപ്പില്‍ മനേക ഗാന്ധിക്ക് പകരം വരുണ്‍ ഗാന്ധിയെ പിലിബിത്ത് മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. കന്നിയങ്കം മോശമായില്ല. 419,539 വോട്ടുകള്‍ നേടി വിജയിക്കുകയും തന്റെ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയായ വി എം സിങ്ങിനെ 281,501 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തുകയും ചെയ്തു. മറ്റൊരുനേട്ടം ആ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിലെ നാല് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു. അവരില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് വരുണ്‍ഗാന്ധി ആയിരുന്നു.

വരുൺ ഗാന്ധി രാംലീല മൈതാനത്ത്  അണ്ണാ ഹസാരയുടെ സമര വേദിയിൽ
വരുൺ ഗാന്ധി രാംലീല മൈതാനത്ത് അണ്ണാ ഹസാരയുടെ സമര വേദിയിൽ

ജന്‍ ലോക്പാല്‍ ബില്ലിനായി 2011ല്‍ വരുണ്‍ ഗാന്ധി ശക്തമായി വാദിച്ചു . സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് വരുണ്‍ഗാന്ധി തന്റെ ഔദ്യോഗിക വസതി അണ്ണാ ഹസാരെയ്ക്ക് നിരാഹാരം നടത്താനായി വിട്ടുകൊടുത്തു. ഹസാരെ ജയിലിലായപ്പോള്‍, ജന്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാമെന്ന് വരുണ്‍ഗാന്ധി വാഗ്ദാനം ചെയ്തു. ആഗസ്റ്റ് 24-ന്, അണ്ണാ ഹസാരെയുടെ സമരത്തെ പിന്തുണയ്ക്കാന്‍ അദ്ദേഹം രാംലീല മൈതാനത്തേക്ക് പോയി , അങ്ങിനെ അഴിമതി വിരുദ്ധ സമരത്തെ പരസ്യമായി പിന്തുണച്ചു.

2013-ല്‍ രാജ്നാഥ് സിങ്ങ് വരുണ്‍ഗാന്ധിയെ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പാര്‍ട്ടിയുടെ എക്കാലത്തേയും ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയായി. 2013 മേയില്‍ പശ്ചിമ ബംഗാളിലെ ബിജെപിയുടെ കാര്യങ്ങളുടെ ചുമതല ഏല്‍പ്പിച്ചു.

അപ്പോഴും അമ്മയുടെയും മകന്റെയും ആഗ്രഹം എങ്ങനെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആവുക. അതിനായി മുസ്ലീങ്ങളെ അതിര് കടന്ന് ആക്രമിക്കാനും ഒരുമ്പെട്ടു. താമസം വിന ജയില്‍ ശിക്ഷ കിട്ടി എന്നത് വേറേ കാര്യം..!

വരുണ്‍ ഗാന്ധി,മനേകഗാന്ധി
വരുണ്‍ ഗാന്ധി,മനേകഗാന്ധി

ആയിരക്കണക്കിന് ആളുകള്‍ മരിച്ച ഉത്തരാഖണ്ഡിലെ ദുരന്തം നടന്നത് 2013ലായിരുന്നു. അന്ന് അടിയന്തര സര്‍വകക്ഷിയോഗം വിളിക്കാന്‍ വരുണ്‍ഗാന്ധി ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിനോട് അഭ്യര്‍ത്ഥിക്കുകയും ദുരന്തബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. പണംസ്വരൂപിക്കാന്‍ എംപിഎല്‍എഡി ഫണ്ടില്‍ നിന്നുള്ള സംഭാവനയും , എംപിമാര്‍ മൂന്ന് മാസത്തെ ശമ്പളം വേണ്ടെന്നുവയ്ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കോര്‍പ്പറേറ്റുകള്‍ക്കും വ്യക്തികള്‍ക്കും സഹായത്തിനായി നികുതി ഇന്‍സെന്റീവുകള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. താന്‍ നിരവധി എംപിമാരുമായി സംസാരിച്ചെന്നും അവരെല്ലാം സംഭാവന നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം സ്പീക്കറെ അറിയിച്ചു. അതിനുവേണ്ടി കാര്യക്ഷമമായ ഒരു കര്‍മപദ്ധതി ഏകോപിപ്പിക്കാനും മുന്നിട്ടിറങ്ങിയിരുന്നു.

ഇതിനിടെ ദീര്‍ഘനാളത്തെ രോഗത്തിനും വാര്‍ദ്ധക്യസഹജമായ അസുഖത്തിനും അടിപ്പെട്ട ഭഗവതി പ്രസാദിന്റെ മരണസമയത്ത് അവിടെ ഓടിയെത്തി. അത്യാഹിത വാര്‍ഡില്‍ വെറും തറയില്‍ ഒരു മണിക്കൂറിലധികം ചെലവഴിക്കേണ്ടിവന്നു ആ മനുഷ്യന്‍ മുന്‍ ജനസംഘം നിയമസഭാ അംഗം ആയിരുന്നുവെന്നു പോലും പലര്‍ക്കും അറിയില്ലായിരുന്നു. അത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തുന്നത് വരുണായിരുന്നു.

ഭഗവതി പ്രസാദിന്റെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. അദ്ദേഹത്തിന്റെ മരണശേഷം അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പോലും കുടുംബത്തിന് പണമില്ലായിരുന്നു. അന്തരിച്ച എം.എല്‍.എ സത്യസന്ധതയുടെ മാതൃകയാണെന്ന് വിശേഷിപ്പിച്ചു.

2013 ഓഗസ്ര്റില്‍ തന്റെ എല്ലാ എംപി ലോക്കല്‍ ഏരിയ വികസന ഫണ്ടും നിശ്ചിത സമയത്തിന് മുമ്പ് ചെലവഴിച്ച രാജ്യത്തെ ഏക എംപി വരുണ്‍ഗാന്ധിയാണെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെ വികസനത്തിനാണ് വരുണ്‍ ഗാന്ധി തന്റെ ഫണ്ട് ഉപയോഗിച്ചത്. അതിനേക്കാള്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും വരുണിന്റെ ഭാഗത്തുനിന്നുമുണ്ടായതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.

പിന്നീട് 2014ല്‍ സുല്‍ത്താന്‍പൂരില്‍ നിന്നാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ ആവേശഭരിതരായ ജനക്കൂട്ടത്തോട് വൈകാരികമായ ഒരു പ്രസംഗമാണ് വരുണ്‍ഗാന്ധി നടത്തിയത്. പിതാവ് സഞ്ജയ്ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണ് താന്‍ സുല്‍ത്താന്‍പൂരിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

സഞ്ജയ് ഗാന്ധി
സഞ്ജയ് ഗാന്ധി

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്താണ് കല്ലുകടി ഉണ്ടായത്. രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ നിന്നും മത്സരിക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശം വരുണ്‍ ഗാന്ധി തള്ളി. തിരഞ്ഞെടുപ്പ് തമാശ കളി ആക്കാന്‍ ഇല്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങണമെന്ന് ആവശ്യവും തള്ളി. വരുണിനെയും മനേകയെയും ബിജെപി നേതൃത്വം തഴഞ്ഞു തുടങ്ങി. യുപി നിയമസഭ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോദി വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തിലേക്ക്പോലും വരുണ്‍ ഗാന്ധിയെ ക്ഷണിച്ചില്ല. യുപി മുഖ്യമന്ത്രിയാകാന്‍ മോഹിച്ച വരുണ്‍ ഗാന്ധിക്ക് ഇതില്‍പരം ഒരു അവഹേളനം ലഭിക്കാനുണ്ടോ..?

അതിനിടയില്‍ വ്യക്തിപരമായി നികത്താന്‍ ആവാത്ത വലിയ ഒരു നഷ്ടം വരുണ്‍ ഗാന്ധിക്ക് ഉണ്ടായി. മകളുടെ മരണമായിരുന്നു. ജനിച്ച് മൂന്നാം മാസത്തിലാണ് വരുണിനും ഭാര്യ യാമിനിക്കും മകളെ നഷ്ടമായത്. 'തന്റെ ഈ കൈകളില്‍ കിടന്നാണ് അവള്‍ മരിച്ചത്. ജീവിതത്തില്‍ ഒരു രാഷ്ട്രീയ നേട്ടവും ഒരു പദവിയും ആ നഷ്ടത്തേക്കാള്‍ വലുതല്ല' ഏറെ കാലത്തിനുശേഷം വരുണ്‍ മനസ്സ് തുറന്നു. ഏതാണ്ട് നാല് മാസത്തോളം അദ്ദേഹം വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി. പിന്നീട് സംസാരത്തില്‍ പോലും മിതത്വം പാലിച്ചു തുടങ്ങി. 2014-ല്‍ രണ്ടാമത്തെ മകള്‍ അനസൂയയുടെ ജനനവും ശൈലിയില്‍ മാറ്റം വരുത്തിയില്ല.

മനേകഗാന്ധിയും സോണിയ ഗാന്ധിയും തമ്മില്‍ കണ്ടാല്‍ മിണ്ടുക പോലും ഇല്ല. എന്നാല്‍ മക്കള്‍ തമ്മില്‍ അങ്ങനെ ആയിരുന്നില്ല.1997ല്‍ പ്രിയങ്ക ഗാന്ധിയുടെ വിവാഹത്തിന് രാഹുലിനൊപ്പം വരുണുമുണ്ടായിരുന്നു. വരുണിന്റെ വിവാഹത്തിന് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരുമെത്തിയില്ലെങ്കിലും മകള്‍ മരിച്ചപ്പോള്‍ രാഹുലും പ്രിയങ്കയും ഒപ്പം നിന്നു

കര്‍ഷകരോട് ആഭിമുഖ്യം കാണിക്കുന്നതാണ് വരുണ്‍ തെരഞ്ഞെടുത്ത രാഷ്ട്രീയ പാത. സെന്റര്‍-ലെഫ്റ്റ് ചിന്തയാണ് തന്റേത് എന്ന് വരുണ്‍ സ്വയം വിശേഷിപ്പിക്കുന്നു. റൈറ്റ് വിങ്, ഫയര്‍ബ്രാന്‍ഡ് എന്ന വിശേഷം തനിക്ക് ചേരില്ലെന്ന് പരസ്യമായി പറയുന്നു. നെഹ്റൂവിയന്‍ കാഴ്ചപ്പാടിനോടും ഇടതുലിബറല്‍ ചിന്താരീതിയോടും ഒട്ടിനില്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് നല്‍കുന്ന സന്ദേശം.

എംപി എന്ന നിലയിലുള്ള ശമ്പളം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നല്‍കി സഹായിക്കാന്‍ സന്നദ്ധ കാണിച്ചിട്ടുണ്ട് പലതവണ. എംപിമാരുടെ ശമ്പള വര്‍ദ്ധന ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞു. 2018 ല്‍ സുല്‍ത്താന്‍പൂരിലെ ഒരു പൊതു ചടങ്ങില്‍ വരുണ്‍ ഇങ്ങനെ പ്രസംഗിച്ചു.

'ഏത് മേഖലയിലും കഠിനാധ്വാനവും ജോലിയിലെ മികവും ശമ്പളത്തെ സ്വാധീനിക്കുമ്പോള്‍ പത്തു വര്‍ഷത്തിനുള്ളില്‍ ഏഴ് തവണ ശമ്പളം വര്‍ധിപ്പിക്കാന്‍ എംപിമാര്‍ക്ക് വെറുതെ കൈയുയര്‍ത്തുക മാത്രം മതിയായിരുന്നു.'

ശമ്പളവും അലവന്‍സ് അടക്കം പൊതു ഖജനാവില്‍ നിന്ന് 2.7 ലക്ഷം രൂപ ഒരു എംപിക്കായി ഒരു മാസം നല്‍കുന്നത് അനാവശ്യമാണെന്നായിരുന്നു വരുണിന്റെ വാദം. ഇന്നിപ്പോള്‍ അതിലുമേറെ കൂട്ടിയിരിക്കുന്നു. ഈ കടുത്ത വിമര്‍ശനത്തിനെതിരെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഉടന്‍ താക്കീതിന്റെ രൂപത്തില്‍ ഇണ്ടാസ് വന്നു.

ദി റൂറല്‍ മാനിഫെസ്റ്റോ
ദി റൂറല്‍ മാനിഫെസ്റ്റോ

ഇടക്കാലത്ത് വിവാദ പ്രസംഗകളോട് വിട പറഞ്ഞ അദ്ദേഹം വെറുതെ ഇരിക്കുകയായിരുന്നില്ല. രണ്ടര വര്‍ഷം നീണ്ടുനിന്ന ഗവേഷണഫലമായി ഒരു പുസ്തകം എഴുതി. 850 പേജുള്ള അക്കാദമി പഠനക്കുറിപ്പ്. 'ദി റൂറല്‍ മാനിഫെസ്റ്റോ: അവളുടെ ഗ്രാമങ്ങളിലൂടെ ഇന്ത്യയുടെ ഭാവി സാക്ഷാത്കരിക്കുന്നു' എന്നാണ് പുസ്തകത്തിന്റെ പേര്. പുറത്തിറങ്ങി 10 ദിവസത്തിനുള്ളില്‍ 30,000 കോപ്പികള്‍ വിറ്റു.

വരുണിന്റെ പുസ്തകത്തില്‍ ഒട്ടേറെ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ട് നിലവിലെ പദ്ധതികള്‍ക്ക് എവിടെയാണ് പിഴവ് സംഭവിക്കുന്നത് എന്നു കണ്ടെത്തലുകള്‍ ഉണ്ട്. കൂടാതെ ചില കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കാലാവസ്ഥ വ്യതിയനം കൊണ്ട് കടക്കെണിയില്‍ ആകുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍. അവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒരുക്കേണ്ടതിന്റെ ആവശ്യകത. ഇങ്ങനെ ഒട്ടേറെ നല്ല നിരീക്ഷണങ്ങള്‍ ഉണ്ട്. പാര്‍ട്ടിയുടെ പല പരിപാടികളില്‍ നിന്നും വിട്ടു നിന്നിരുന്നുവെങ്കിലും സ്വന്തം മണ്ഡലത്തിലെ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള കോളേജുകളില്‍ കുട്ടികളോട് സംസാരിക്കുന്നുണ്ട്. രാഷ്ട്രീയമല്ല ഗ്രാമീണ ഇന്ത്യയും കാര്‍ഷിക മേഖലയും അതാണ് മുഖ്യവിഷയം.

വരുൺ ഗാന്ധി കൈകാര്യം ചെയുന്ന കോളം
വരുൺ ഗാന്ധി കൈകാര്യം ചെയുന്ന കോളം

ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഇക്കണോമിക് ടൈംസ്, ദി ഇന്ത്യന്‍ എക്സ്പ്രസ്, ദി ഹിന്ദു, ഔട്ട്‌ലുക്ക് തുടങ്ങി ഇന്ത്യയിലെ നിരവധി ദേശീയ ദിനപത്രങ്ങള്‍ക്കും മാസികകള്‍ക്കും വരുണ്‍ഗാന്ധി ലേഖനങ്ങളും നയരേഖകളും എഴുതുന്നു. 21 പത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ ഏറ്റവും വലിയ സിന്‍ഡിക്കേറ്റഡ് കോളം വരുണ്‍ഗാന്ധി കൈകാര്യം ചെയ്യുന്നു. ഏതാണ്ട് 200 ദശലക്ഷത്തിലധികം വായനക്കാരുണ്ടദ്ദേഹത്തിന്.

Related Stories

No stories found.
logo
The Cue
www.thecue.in