ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മനസില്‍ നന്മയുള്ള ആളാണെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു. ഗവര്‍ണര്‍ അടുത്ത അഞ്ച് വര്‍ഷം കൂടി കേരളത്തില്‍ വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പിന്നീട് ഈ പരാമര്‍ശത്തില്‍ തിരുവഞ്ചൂര്‍ മാധ്യമങ്ങള്‍ക്ക് വിശദീകരണവും നല്‍കി. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്തുണ്ടായിരുന്ന അഞ്ചു കൊല്ലം അദ്ദേഹം സാന്നിധ്യം നന്നായി അറിയിച്ചു. അദ്ദേഹത്തിന് സ്ഥാനം നീട്ടിക്കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ കേരളത്തിലുണ്ട്. അദ്ദേഹത്തിന്റെ മനസില്‍ നന്മയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്നും അത് സമൂഹത്തിന് പൊസിറ്റീവായി വിനിയോഗിക്കാന്‍ പറ്റണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയം സൂര്യകാലടി മനയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. ഗവര്‍ണറായിരുന്നു മുഖ്യാതിഥി. എല്‍ഡിഎഫ് സര്‍ക്കാരുമായി ഗവര്‍ണര്‍ തുറന്ന പോരിലാണെങ്കിലും പ്രതിപക്ഷവും ഗവര്‍ണറെ കാര്യമായി പിന്തുണയ്ക്കുന്ന നിലപാടല്ല സ്വീകരിച്ചിട്ടുള്ളത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. കെഎസ്‌യു അടക്കമുള്ള സംഘടനകള്‍ ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരവും നടത്തിയിട്ടുണ്ട്. ഇതിനിടെയാണ് തിരുവഞ്ചൂര്‍ ഗവര്‍ണറെ അനുകൂലിച്ച് രംഗത്തെത്തിയത്.
തിരുവഞ്ചൂരിന്റെ പ്രസംഗത്തില്‍ നിന്ന്
ഗവര്‍ണര്‍ അടുത്ത അഞ്ചുവര്‍ഷം കൂടി ഈ കേരളത്തില്‍തന്നെ വരട്ടെ എന്ന് പ്രാര്‍ഥിക്കുകയാണ്. ഈ മനയില്‍വന്നുപോയി, പ്രാര്‍ഥനാനിരതമായ അന്തരീക്ഷത്തില്‍നിന്ന് മടങ്ങിയവരാരും ഒരു വിഷമത്തിലുംപെട്ടിട്ടില്ല. അവര്‍ ശ്രേയസിലേക്കേ വരികയുള്ളൂവെന്ന് എനിക്ക് നന്നായി അറിയാം. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഗവര്‍ണര്‍ക്ക് വീണ്ടും സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയില്‍ നില്‍ക്കാനാവും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുകയാണ്
മാധ്യമങ്ങളോട് പറഞ്ഞത്
അദ്ദേഹം ഇരുന്ന അഞ്ച് കൊല്ല കാലയളവില്‍ അദ്ദേഹത്തിന്റെ പ്രസന്‍സ് നന്നായി അറിയിച്ചു. അതില്‍ ശരി കാണുന്നവരുണ്ട്, തെറ്റു കാണുന്നവരുണ്ട്. അദ്ദേഹത്തിന് ഇനി നീട്ടിക്കൊടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയാണ്, രാഷ്ട്രപതിയാണ്. അപ്പോള്‍ സ്വാഭാവികമായും അത് നീട്ടിക്കിട്ടണം എന്ന് ആഗ്രഹിക്കുന്നവര്‍ ഈ കേരള സമൂഹത്തിലുണ്ട്. അദ്ദേഹത്തിന്റെ മനസിലൊരു നന്മയുണ്ടെന്ന വിശ്വാസക്കാരനാണ് ഞാന്‍. അത് നമ്മുടെ സമൂഹത്തിന് ഗുണം ചെയ്യത്തക്ക വിധത്തില്‍ പൊസിറ്റീവായിട്ട് വിനിയോഗിക്കാന്‍ പറ്റണം. ഞാന്‍ പറയുന്ന വാക്കുകള്‍ക്ക് വളരെ അര്‍ത്ഥമുണ്ട്, പൊസിറ്റീവായിട്ട് വിനിയോഗിക്കാന്‍ പറ്റണം. ആ രൂപത്തിലേക്ക് നീട്ടിക്കിട്ടുന്നതില്‍ നമുക്ക് തര്‍ക്കമില്ല. ഇനിയിപ്പോ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയല്ലേ തീരുമാനം എടുക്കേണ്ടത്, രാഷ്ട്രപതിയല്ലേ തീരുമാനം എടുക്കേണ്ടത്. രാഷ്ട്രപതിയുടെ തീരുമാനമായിരിക്കും ഫൈനല്‍. ഗവര്‍ണര്‍ പല സ്റ്റാന്‍ഡും എടുത്തിട്ടുണ്ടല്ലോ? ഒരു സ്റ്റാന്‍ഡ് അനുകൂലമായി, വേറൊരു സ്റ്റാന്‍ഡ് പ്രതികൂലമായി. നിഷ്പക്ഷമായി നമ്മള്‍ നോക്കുമ്പോ ഗവര്‍ണര്‍ ഒരു വര വരച്ചാല്‍ അതില്‍ നില്‍ക്കുന്നയാളല്ല. അതിനപ്പുറവും ഇപ്പുറവുമൊക്കെയായിപ്പോകും. ഇഷ്യൂസിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം നിലപാടെടുക്കുന്നതെന്ന് തോന്നുന്നു. അത് രാഷ്ട്രപതിക്ക് തൃപ്തികരമാവുകയാണെങ്കില്‍ തുടരട്ടെ, അല്ലെങ്കില്‍ പോകട്ടെ. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഗവര്‍ണറുടെ ഇടപെടല്‍ വളരെ ഗുണകരമായിട്ടുണ്ട്. അത് എല്ലാ സന്ദര്‍ഭത്തിലും എന്ന് ഞാന്‍ പറയുന്നുമില്ല.