ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിടണം, 'നമുക്കൊപ്പം നില്‍ക്കുന്നവരുടെ' കൂടെ നിന്നാല്‍ മതി; ബിജെപി നേതാവ് സുവേന്ദു അധികാരി

ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിടണം, 'നമുക്കൊപ്പം നില്‍ക്കുന്നവരുടെ' കൂടെ നിന്നാല്‍ മതി; ബിജെപി നേതാവ് സുവേന്ദു അധികാരി
Published on

ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന ബിജെപി നേതാവും പശ്ചിമബംഗാളിലെ പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തൊട്ടുപിന്നാലെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലും നേരിട്ട തിരിച്ചടിക്കു പിന്നാലെയാണ് സുവേന്ദു അധികാരിയുടെ പരാമര്‍ശം. എന്‍ഡിഎ സര്‍ക്കാരിന്റെ മുദ്രാവാക്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടിയിരുന്ന 'സബ്കാ സാഥ് സബ്കാ വികാസ്' പൊളിച്ചെഴുതണമെന്നും ' ഹം ഉന്‍കേ സാഥ് ജോ ഹമാരേ സാഥ്' (നമ്മള്‍ നമുക്കൊപ്പം നില്‍ക്കുന്നവര്‍ക്കൊപ്പം) എന്നായി മാറ്റണമെന്നും ബിജെപി നേതാവ് പറഞ്ഞു. ദേശീയവാദികളായ മുസ്ലീങ്ങളെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും നമുക്ക് ന്യൂനപക്ഷ മോര്‍ച്ചയുടെ ആവശ്യം ഇനിയില്ലെന്നുമാണ് സുവേന്ദു അധികാരി ബിജെപി പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞത്.

പറഞ്ഞത് വിവാദമായതോടെ സുവേന്ദു അധികാരി വീണ്ടും വിശദീകരണവുമായി രംഗത്തെത്തി. ബംഗാളില്‍ ബിജെപിയെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നവരെ മാത്രം സഹായിച്ചാല്‍ മതിയെന്ന നിലപാടാണ് താന്‍ പറഞ്ഞതെന്ന് അധികാരി പറഞ്ഞു. നമുക്കൊപ്പം നില്‍ക്കാത്തവരെന്നാല്‍ രാജ്യത്തിനും ബംഗാളിനും എതിരെ പ്രവര്‍ത്തിക്കുന്നവര്‍ എന്നാണ് അര്‍ത്ഥം. മമതാ ബാനര്‍ജി ചെയ്യുന്നതുപോലെ ജനങ്ങളെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും വിഭജിക്കുകയല്ല, അവരെ ഇന്ത്യക്കാരായി കാണുകയാണ് താന്‍ ചെയ്യുന്നതെന്ന് സുവേന്ദു എക്‌സില്‍ എഴുതി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50 ലക്ഷത്തോളവും ഉപതെരഞ്ഞെടുപ്പുകളില്‍ രണ്ടു ലക്ഷത്തിലേറെയും ഹിന്ദുക്കളെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 'ജിഹാദി ഗുണ്ടകള്‍' വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നും സുവേന്ദു അധികാരി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in