ചരിത്രത്തില്‍ ആദ്യത്തെ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് കോപ്പുകൂട്ടി മുന്നണികള്‍; വൈഎസ്ആര്‍ കോണ്‍ഗ്രസ് വോട്ട് എന്‍ഡിഎക്ക്

ചരിത്രത്തില്‍ ആദ്യത്തെ സ്പീക്കര്‍ തെരഞ്ഞെടുപ്പിന് കോപ്പുകൂട്ടി മുന്നണികള്‍; വൈഎസ്ആര്‍ കോണ്‍ഗ്രസ് വോട്ട് എന്‍ഡിഎക്ക്
Published on

ലോക്‌സഭയുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്ലാ കാര്യങ്ങളും ഭദ്രമാക്കാന്‍ അവസാനവട്ട ഒരുക്കങ്ങളുമായി മുന്നണികള്‍. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി നേതാക്കളുടെ യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവാകുന്ന കാര്യത്തിലും അന്തിമ തീരുമാനം എടുത്തു. കൊടിക്കുന്നില്‍ സുരേഷിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കിയത് കൂടിയാലോചനയില്ലാതെയാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ചെറുതായി ഇടഞ്ഞെങ്കിലും സമവായ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്. പ്രോടേം സ്പീക്കര്‍ പദവിയിലും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലും പ്രതിപക്ഷത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇന്ത്യാ സഖ്യം സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് എന്‍ഡിഎ എംപിമാരുടെ യോഗം അമിത് ഷാ വിളിച്ചു ചേര്‍ത്തിരുന്നു. രാവിലെ 10.30ന് പാര്‍ലമെന്റില്‍ എത്തിച്ചേരണമെന്ന് എല്ലാ അംഗങ്ങള്‍ക്കും എന്‍ഡിഎ വിപ്പ് നല്‍കിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍സിപി ഇതിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഓം ബിര്‍ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. നാല് എംപിമാരാണ് പാര്‍ട്ടിക്ക് ലോക്‌സഭയിലുള്ളത്. എന്‍ഡിഎ മുന്നണിയിലെ 293 വോട്ടുകള്‍ക്ക് പുറമേ നാല് വോട്ടുകള്‍ കൂടി കിട്ടുന്നതോടെ ഓം ബിര്‍ള 297 വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് കരുതുന്നത്. 232 വോട്ടുകളാണ് പ്രതിപക്ഷത്തിനുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in