പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമ ശേഷിക്കേ അപ്രതീക്ഷിതമായാണ് ബിജെപി നേതാവായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപിയില്‍ താന്‍ ഒറ്റപ്പെടുത്തലും വേട്ടയാടലും അനുഭവിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസില്‍ താന്‍ ചേര്‍ന്നതിന് ഉത്തരവാദി കെ.സുരേന്ദ്രനും കൂട്ടാളികളുമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഏകാധിപത്യ പ്രവണതയുള്ള, ജനാധിപത്യത്തെ പാടെ മതിക്കാത്ത ഒരു സിസ്റ്റത്തില്‍ വീര്‍പ്പുമുട്ടി കിടക്കുകയായിരുന്നുതാന്‍. എല്ലാ ദിവസവും രാവിലെ എണീറ്റു കഴിഞ്ഞാല്‍ വൈകുന്നേരം വരെ വെറുപ്പ് മാത്രം ഉദ്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന ഒരു സ്ഥലത്തുനിന്ന് ഏറെക്കാലം സ്‌നേഹവും കരുതലുമൊക്കെ പ്രതീക്ഷിച്ചുവെന്നതാണ് താന്‍ ചെയ്ത തെറ്റ്. സ്വന്തം അഭിപ്രായങ്ങള്‍ പറയാനോ, വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ ഏതെങ്കിലും വിഷയത്തില്‍ മനുഷ്യപക്ഷത്തു നിന്നൊരു നിലപാട് പറയാനോ ഉള്ള സ്വാതന്ത്ര്യമില്ലാതെ അച്ചടക്ക നടപടി നേരിട്ടയാളാണ് താന്‍. ഇനിമുതല്‍ സ്‌നേഹത്തിന്റെ കടയില്‍ ഒരു മെംബര്‍ഷിപ്പ് എടുക്കാനാണ് താന്‍ തീരുമാനിച്ചത്. അങ്ങേയറ്റത്തെ വെറുപ്പും വിദ്വേഷവും ഉദ്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയില്‍ ഇത്രകാലം ജോലിയെടുത്തു എന്ന ജാള്യതയാണ് ഇപ്പോള്‍ എന്നെ പേറുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
രാഷ്ട്രീയത്തിന് അപ്പുറം വ്യക്തിപരമായ സൗഹൃദങ്ങള്‍, മാനവികമായ ബന്ധങ്ങള്‍ എക്കാലവും നിലനില്‍ക്കണമെന്ന് എക്കാലവും ആഗ്രഹിച്ചിട്ടുള്ളയാളാണ് ഞാന്‍. ആ രീതിയിലാണ് എന്റെ പെരുമാറ്റം എല്ലാക്കാലത്തും ഉണ്ടായിട്ടുള്ളത്. പ്രത്യേകിച്ച് അത്തരത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കന്‍മാരുമായി അത്തരത്തിലുള്ള നല്ല ബന്ധം കാത്തുസൂക്ഷിക്കുമ്പോള്‍ അത് പൊതുസമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നല്ല രീതിയില്‍ വിനിയോഗിച്ചിട്ടുമുണ്ട്. അത് ഞാന്‍ ഇടയ്‌ക്കൊക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്റെ സാമൂഹ്യമാധ്യമ പോസ്റ്റുകളിലൊത്തെ ഇത്തരം കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ളയാളാണ്. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയ പ്രവേശനത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് മാനവികമായി ചിന്തിക്കുക, മനുഷ്യത്വപരമായി ചിന്തിക്കുക എന്നത് പരമ പ്രധാനമാണെന്ന് വിശ്വസിക്കുകയാണ്.
എന്തിനാണ് ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് സ്വാഭാവികമായും സംഘടയ്ക്ക് അകത്തു നിന്ന് നമുക്ക് സ്‌നേഹത്തിന്റെ, അതുപോലെ സാഹോദര്യത്തിന്റെ ഒരു കരുതല്‍, താങ്ങല്‍ സ്വാഭാവികമായും പ്രതീക്ഷിക്കും. എല്ലാ ദിവസവും രാവിലെ എണീറ്റു കഴിഞ്ഞാല്‍ വൈകുന്നേരം വരെ വെറുപ്പ് മാത്രം ഉദ്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന ഒരു സ്ഥലത്തുനിന്ന് ഏറെക്കാലം സ്‌നേഹവും കരുതലുമൊക്കെ പ്രതീക്ഷിച്ചുവെന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. ഒരു സംഘടയില്‍ പെട്ട സഹപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പല ഘട്ടങ്ങളിലും ഞാന്‍ പ്രതീക്ഷിച്ച പിന്തുണ, സ്‌നേഹം, കരുതല്‍ ഇതൊക്കെ ലഭിക്കാതെ ഒരു ഓട്ടോക്രാറ്റിക്കായ സിസ്റ്റത്തിന് അകത്ത് പെട്ടുപോയ അവസ്ഥയിലായിരുന്നു ഞാനുണ്ടായിരുന്നത്.
ഏകാധിപത്യ പ്രവണതയുള്ള, ജനാധിപത്യത്തെ പാടെ മതിക്കാത്ത ഒരു സിസ്റ്റത്തിന് അകത്തു നിന്ന് വീര്‍പ്പുമുട്ടി കഴിയുന്ന അവസ്ഥയിലായിരുന്നു ഞാനുണ്ടായിരുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ പറയാനോ, വ്യക്തിത്വം കാത്തുസൂക്ഷിക്കാനോ ഏതെങ്കിലും വിഷയത്തില്‍ മനുഷ്യപക്ഷത്തു നിന്നൊരു നിലപാട് പറയാനോ ഉള്ള സ്വാതന്ത്ര്യമില്ലാതെ അച്ചടക്ക നടപടി നേരിട്ടയാളാണ് ഞാന്‍. കേരളത്തില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും പര്‌സ്പരം ഉപരോധം ഏര്‍പ്പെടുത്തി ജീവിക്കാനാവില്ലെന്ന് സാമൂഹ്യ മാധ്യമ പോസ്റ്റിട്ടില്ല എന്നതിന്റെ പേരില്‍ ഒരു വര്‍ഷക്കാലം അച്ചടക്ക നടപടി നേരിട്ടയാളാണ് ഞാന്‍. മാധ്യമ ചര്‍ച്ചകള്‍ക്ക് പോകണ്ട, സന്ദീപ് ഇനി പങ്കെടുക്കണ്ട എന്ന് നിശ്ചയിക്കപ്പട്ടയാളാണ് ഞാന്‍. ഞാന്‍ ജനിച്ചു വളര്‍ന്ന, ജീവിച്ചു വന്ന എന്റെ സാമൂഹ്യ പരിസരത്ത് എനിക്കുള്ള സൗഹൃദങ്ങള്‍, എനിക്കുള്ള ബന്ധങ്ങള്‍ അതിലെവിടെയും മതം തിരയാനോ അതിലെവിടെയെങ്കിലും കാലുഷ്യമുണ്ടാക്കാനോ എനിക്ക് താല്‍പര്യമേയില്ല.
അതുകൊണ്ട് തികച്ചും വ്യക്തിപരമായ അഭിപ്രായമെന്ന് സൂചിപ്പിച്ച് ഞാനിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒരു വര്‍ഷം സംഘടയുടെ കയ്യാലപ്പുറത്ത് എന്നെ നിര്‍ത്തുകയുണ്ടായി. അത്യന്തം ഹീനമായ സാമൂഹ്യ മാധ്യമ അതിക്രമം തന്നെ ആ സമയത്ത് എനിക്ക് നേരിടേണ്ടി വന്നു. പക്ഷേ ആ കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും സംഘടനയെ തള്ളിപ്പറയാന്‍ ഞാന്‍ തയ്യാറായിട്ടില്ല. എല്ലാ സമയത്തും ഞാന്‍ വിശ്വസിച്ചു വന്നിരുന്ന പ്രത്യയശാസ്ത്രത്തിന്റെ, സംഘടനയുടെ നാവായി ഞാന്‍ നിലകൊണ്ടിട്ടുണ്ട്. പതിനാലു ജില്ലകളുടെ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് ആ സംഘടനയ്ക്ക് വേണ്ടി തൊണ്ടപൊട്ടുമാറ് ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍, ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഇവിടെയിരിക്കുന്ന പല സുഹൃത്തുക്കളുമായും ഒരുപക്ഷേ, അങ്ങേയറ്റത്തെ നിലയിലേക്ക് എന്റെ പാര്‍ട്ടിയെ, അന്ന് ഞാന്‍ വിശ്വസിച്ച പ്രസ്ഥാനത്തെ പ്രതിരോധിക്കാന്‍ വേണ്ടി ഭാഷയുടെ എല്ലാ സാധ്യതകളും ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. കാഠിന്യമേറിയ പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, അത് എന്റെ വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയല്ല, പ്രസ്ഥാനത്തിന് വേണ്ടിയാണെന്ന ഉത്തമമായ ബോധ്യത്തോടു കൂടിയാണ് ഞാനത് ഏറ്റെടുക്കുന്നത്.
പക്ഷേ, തിരിച്ച് ഇങ്ങോട്ട് എന്താണ് കിട്ടിയത്. കഴിഞ്ഞ കുറേ വര്‍ഷമായി ബിജെപിക്ക് അകത്തു നിന്ന് എനിക്ക് കിട്ടിയത് അങ്ങേയറ്റത്തെ ഒറ്റപ്പെടുത്തലും വേട്ടയാടലുമാണ്. ഞാന്‍ ഇന്നീ നിമിഷം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു കമ്മിറ്റിയോഫീസില്‍ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന്റെയും ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവിന്റെയും സാന്നിധ്യത്തില്‍ ത്രിവര്‍ണ്ണ ഷാളണിച്ച് ഇരിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി കെ.സുരേന്ദ്രനും സംഘവുമാണ്. കേരളത്തിലെ സിപിഐഎമ്മുമായി ചേര്‍ന്ന്, മുഖ്യമന്ത്രിയുമായി ചേര്‍ന്ന് നടത്തുന്ന അഡ്ജസ്റ്റ്‌മെന്റ് പൊളിറ്റിക്‌സിനെതിരെ നിലപാടെടുത്തു എന്നതാണ് ഞാന്‍ ചെയ്ത കുറ്റം. കരുവന്നൂരിനെയും കൊടകരയെയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തുവെന്നതാണ് ഞാന്‍ ചെയ്ത കുറ്റം. ധര്‍മ്മരാജന്റെ കോള്‍ ലിസ്റ്റില്‍ പേരില്ലാതെ പോയി എന്നതാണ് ഞാന്‍ ചെയ്ത കുറ്റം. അതുകൊണ്ട് ആ കുറ്റങ്ങള്‍ ഒരു കുറവാണെങ്കില്‍ ആ കുറവുകള്‍ അംഗീകരിച്ചുകൊണ്ട് ഇനിമുതല്‍ സ്‌നേഹത്തിന്റെ കടയില്‍ ഒരു മെംബര്‍ഷിപ്പ് എടുക്കാനാണ് ഞാന്‍ തീരുമാനിച്ചത്.
അങ്ങേയറ്റത്തെ വെറുപ്പും വിദ്വേഷവും ഉദ്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയില്‍ ഇത്രകാലം ജോലിയെടുത്തു എന്ന ജാള്യതയാണ് ഇപ്പോള്‍ എന്നെ പേറുന്നത്. എന്റെ സഹപ്രവര്‍ത്തകരായിരുന്ന ചിലയാളുകളില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ഞാന്‍ ഒറ്റുകൊടുത്തവന്‍, ബലിദാനികളെ മറന്നവനാണെന്ന് പറഞ്ഞു. ഇതു കണ്ടുകൊണ്ടിരിക്കുന്ന സ്വയംസേവകരോട് എനിക്ക് ചോദിക്കാനുള്ളത് ചരിത്രത്തില്‍ എവിടെയെങ്കിലും ഒരു ബലിദാനിയുടെ ഫോട്ടോയ്‌ക്കൊപ്പം സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ വെച്ച് വോട്ട് തേടുന്ന നിലയിലേക്ക് എന്നുമുതലാണ് ഈ സംഘടന തരംതാഴ്ന്നു പോയത്. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പില്‍ ബലിദാനിയായ ശ്രീനിവാസന്റെ ഫോട്ടോ വെച്ച് വോട്ട് തേടുന്ന നിലയിലേക്ക് എന്നാണ് ഈ സംഘടന തരംതാഴ്ന്നു പോയത് എന്ന ചോദ്യം നിങ്ങള്‍ ഉന്നയിക്കണം.
ആ സംഘടയില്‍ ഇന്നും തുടരുന്ന, അന്ധമായി വിശ്വസിച്ച് പിന്തുടരുന്ന സാധാരണക്കാരായ മനുഷ്യരുണ്ട്. അവരെല്ലാവരും സാധാരണക്കാരാണ്, നിത്യജീവിതത്തില്‍ എല്ലാ മതസ്ഥരുമായും ഇടപെട്ട് മുന്നോട്ടു പോകുന്ന ആളുകളാണ്. പക്ഷേ, അവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു, ബലിദാനികളുടെ പേര് പറഞ്ഞുകൊണ്ട്. കെപിസിസി പ്രസിഡന്റിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും ബിജെപി പ്രസിഡന്റ് ഏതോ ബാന്ധവമൊക്കെ ആരോപിച്ചിരിക്കുകയാണ്. ഞാന്‍ പാലക്കാട്ടെ സ്വയംസേവകരോടും ബിജെപി പ്രവര്‍ത്തകരോടും പറയാന്‍ ആഗ്രഹിക്കുകയാണ് ബലിദാനികളുടെ പടം വെച്ച് എന്നെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നിങ്ങള്‍ വേട്ടയാടി. ഞാനിത് പറയാന്‍ ആഗ്രഹിച്ചതേയല്ല. പക്ഷേ, ശ്രീനിവാസന്‍ വധക്കേസില്‍ എങ്ങനെയാണ് 17 പ്രതികള്‍ക്ക് ജാമ്യം കിട്ടാനുള്ള സാഹചര്യമുണ്ടായതെന്നത് സംബന്ധിച്ച് ബിജെപി നേതൃത്വം മറുപടി പറഞ്ഞിട്ട് വേണം ബലിദാനികളുടെ ഫോട്ടോ വെച്ച് വോട്ട് തേടാന്‍. യുഎപിഎ ചുമത്തിയ കേസില്‍ 17 പ്രതികള്‍ക്ക് ജാമ്യം കിട്ടിയിരിക്കുന്നു. എങ്ങനെ ജാമ്യം കിട്ടി.
പ്രതികള്‍ക്ക് വേണ്ടി സുപ്രീം കോടതി സീനിയര്‍ കോണ്‍സല്‍ ഹാജരായപ്പോള്‍ പ്രോസിക്യൂഷന് വേണ്ടി കേരളത്തിലെ, ഞാനദ്ദേഹത്തെ ചെറുതായി കാണുകയല്ല, സുപ്രീം കോടതി സീനിയര്‍ കോണ്‍സല്‍ ഒരു കേസില്‍ ഹാജരായിക്കഴിഞ്ഞാല്‍ അത് കോടതിയില്‍ എത്രമാത്രം സ്വാധീനമുണ്ടാക്കുമെന്ന് നിയമവിദഗ്ദ്ധര്‍ക്ക് അറിയാം. ശ്രീനിവാസന്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി സുപ്രീം കോടതി വക്കീല്‍ ഹാജരായപ്പോള്‍ മറുപക്ഷത്ത്, ബിജെപിയില്‍ എത്രയോ കേന്ദ്രനേതാക്കന്‍മാര്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടല്ലോ. എന്തേ ഒരാള്‍ പോലും ബലിദാനിയായ ശ്രീനിവാസനു വേണ്ടി ഹാജരായില്ല?
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ അടിസ്ഥാനമായി പറഞ്ഞ വിഷന്‍ 2047 എന്ന ഡോക്യുമെന്റ്, ആ ഡോക്യുമെന്റ് പോലും ഈ വിധിപ്പകര്‍പ്പില്‍ ജാമ്യ ഹര്‍ജിയെ എതിര്‍ക്കാന്‍ ഉന്നയിച്ചതെങ്കില്‍ പോലും അതുപോലും കോടതി പരിഗണിക്കാതെ വന്നത് എന്തുകൊണ്ടാണ്? നിങ്ങളുടെ ആത്മാര്‍ത്ഥത എത്രത്തോളമുണ്ട്, ആരെ സഹായിക്കാനാണ് നിങ്ങളാ നിലപാടെടുത്തത്, ആരാണ് ഇതിന്റെ പിന്നില്‍ കളിച്ചത്? നിങ്ങള്‍ ബാന്ധവം ആരോപിക്കുമ്പോള്‍ ആ ബാന്ധവം എത്തിനില്‍ക്കുന്നത് സ്വന്തം പാളയത്തിലാണ് എന്നത് ഓര്‍മ്മ വേണം, ഇവിടുത്തെ സ്ഥാനാര്‍ത്ഥി മറുപടി പറയണം. ശ്രീനിവാസന്‍ വധത്തിന് തൊട്ടുതലേന്ന് നടന്ന മറ്റൊരു കൊലക്കേസില്‍ ഇതേപോലെ ഗൂഢാലോചനക്കേസില്‍ പെട്ടിട്ടുള്ള ആര്‍എസ്എസിന്റെ ജില്ലാ സഹകാര്യവാഹി ഇപ്പോഴും ജയിലില്‍ കിടക്കുകയാണ്.
അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ബലിദാനികളെ ഒറ്റിക്കൊടുത്തവനെന്ന് എനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട സ്വയംസേവകര്‍ എന്നോടല്ല ആ ചോദ്യം ചോദിക്കേണ്ടത്, ഒറ്റുകാരന്‍ നിങ്ങളുടെ കൂട്ടത്തിലാണുള്ളത്. ആ വിധിപ്പകര്‍പ്പ് എടുത്ത് വായിച്ചു നോക്ക്, ഇതുവരെ ഞാന്‍ ഇക്കാര്യം സംഘടനയ്ക്കുള്ളില്‍ മാത്രമേ പറഞ്ഞിട്ടുള്ളു. ശ്രീനിവാസന്‍ വധം നടക്കുന്നതിന് തലേദിവസം ഇവിടെ കൊലപാതകം നടന്ന സമയത്ത് ഏറ്റവും അധികം സുരക്ഷാ ഭീഷണിയുണ്ടായിരുന്ന ആളാരായിരുന്നെന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തിലെ രണ്ടേ രണ്ട് നേതാക്കളുടെ പേര് പറഞ്ഞാണ് വധഭീഷണി മുഴക്കിയത്. അതിലൊന്ന് ഞാനായിരുന്നു. പക്ഷേ, ആ കൊല നടന്നയുടന്‍ ബിജെപി ഓഫീസില്‍ നിന്ന് മറ്റ് പ്രധാന നേതാക്കന്‍മാര്‍ക്ക് മുഴുവന്‍ മാറി നില്‍ക്കാനുള്ള സന്ദേശം വന്നപ്പോള്‍ അന്ന് എന്റെ വീട്ടില്‍ വിഷുദിവസമുള്ള എനിക്ക് മാത്രം അവരാ സന്ദേശം തന്നില്ല.
കൊല്ലുകയാണെങ്കില്‍ സന്ദീപിനെ കൊന്നോട്ടെ എന്ന് കരുതിയിട്ടായിരുന്നോ? എന്റെ ഭാഗ്യം കൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത്. എന്റെ വീട്ടുകാരുടെ ഭാഗ്യം കൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത്. സന്ദീപ് തീര്‍ന്നുപോയാല്‍ അത്രയും സൗകര്യം എന്ന് കരുതിയിട്ടാണോ? മറ്റാര്‍ക്കാ ഭീഷണിയുണ്ടായിരുന്നത്, കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് അറിയാമല്ലോ. ആ സംഘടനയുടെ നാവായി നിന്ന് സംസാരിച്ചതുകൊണ്ടാണ് എനിക്ക് ഭീഷണി വന്നത്. അതുകൊണ്ട് ഒറ്റുകാരന്റെ റോള്‍ ചേരുന്നത് ആ സംഘടനയ്ക്ക് അകത്തിരിക്കുന്നവര്‍ക്കാണ്. ഒരേ കുറ്റം ആരോപിക്കപ്പെട്ട ജില്ലാ സഹകാര്യവാഹക് ജയിലില്‍ കിടക്കുന്നു. ശ്രീനിവാസന്‍ വധക്കേസിലെ 17 പ്രതികള്‍ക്ക് ജാമ്യം കിട്ടുന്ന അവസ്ഥയുണ്ടായിരിക്കുന്നു. അതുകൊണ്ട് എന്നെ ഒറ്റു കാരനെന്ന് വിളിക്കാതെ നിങ്ങള്‍ ചോദ്യം ചെയ്യേണ്ടത് നിങ്ങളുടെ നേതൃത്വത്തെയാണ്.
വിശ്വസിച്ചു പോയതുകൊണ്ട് അവസാനം വരെയും അവിടെ തുടരാന്‍ വേണ്ടി ഞാന്‍ ആത്മാര്‍ത്ഥമായ പരിശ്രമം നടത്തിയിട്ടും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എന്നെക്കുറിച്ച് എന്തൊക്കെയാ പറഞ്ഞത്. ഏതുവരെ പോകട്ടെയെന്ന് നോക്കാം, അല്ലേ. ഈ വീരാരാധനയൊക്കെ എത്ര ദിവസമുണ്ടാകുമെന്നാണ് സംസ്ഥാന പ്രസിഡന്റ് ചോദിച്ചത്. അപ്പോള്‍ ഞാന്‍ പറഞ്ഞു വീരാരാധനയുടെ എക്‌സ്പയറി ഡേറ്റ് അറിയുന്നയാള്‍ കെ.സുരേന്ദ്രന്‍ തന്നെയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പരമത വിദ്വേഷത്തിന്റെയും ക്യാമ്പില്‍ നിന്ന് മോചിതനായി പുറത്തു വന്നതിന്റെ ആഹ്ലാദത്തിലാണ് ഞാന്‍ സന്തോഷത്തിലാണ് ഞാന്‍. ഇനിയുള്ള കാലം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ഉണ്ടാകുമെന്ന ഉറപ്പ് നല്‍കിക്കൊണ്ട് അവസാനിപ്പിക്കുന്നു.