സാദിഖലി തങ്ങള്‍ക്കെതിരായ പ്രസ്താവന, സിഐസി, ഖാസി ഫൗണ്ടേഷന്‍; ലീഗിനും സമസ്തയ്ക്കും ഇടയില്‍ സംഭവിക്കുന്നതെന്ത്?

സാദിഖലി തങ്ങള്‍ക്കെതിരായ പ്രസ്താവന, സിഐസി, ഖാസി ഫൗണ്ടേഷന്‍; ലീഗിനും സമസ്തയ്ക്കും ഇടയില്‍ സംഭവിക്കുന്നതെന്ത്?
Published on

ഒരു ഇടവേളയ്ക്ക് ശേഷം സമസ്തയ്ക്കും മുസ്ലീം ലീഗിനും ഇടയില്‍ ആശയ സംഘര്‍ഷം വീണ്ടും ഉടലെടുത്തിരിക്കുകയാണ്. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ നടത്തിയ വിമര്‍ശനമാണ് പുതിയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. മലപ്പുറം എടവണ്ണപ്പാറയില്‍ സമസ്ത മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് മൗലീദ് കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തില്‍ സാദിഖലി തങ്ങളെ ഉമര്‍ ഫൈസി കടുത്ത വാക്കുകളില്‍ വിമര്‍ശിച്ചു. കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറിയായി ഹക്കീം ഫൈസി ആദൃശേരിയെ തിരികെ കൊണ്ടുവരാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മുന്‍കൈ എടുത്തതും ഖാസി ഫൗണ്ടേഷന്‍ എന്ന പേരില്‍ പാണക്കാട് തങ്ങള്‍മാരുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപീകരിച്ചതും സമസ്തയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശത്തിന് പിന്നില്‍ ഈ അഭിപ്രായഭിന്നതയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉമര്‍ ഫൈസിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ലീഗ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയും സമസ്തയ്ക്കുള്ളില്‍ തന്നെ ഒരു വിഭാഗം പരസ്യ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു.

സമസ്തയുടെ കീഴിലുള്ള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റാണ് സാദിഖലി ശിഹാബ് തങ്ങള്‍. സിഐസി പ്രസിഡന്റും സാദിഖലി തങ്ങള്‍ തന്നെയാണ്. സമസ്ത നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയ ഹക്കീം ഫൈസി ആദൃശേരിയെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് തിരികെ കൊണ്ടുവരാന്‍ സാദിഖലി തങ്ങള്‍ മുന്‍കൈയെടുത്തത് ഉമര്‍ ഫൈസി മുക്കം അടക്കമുള്ള ചിലരുടെ രോഷത്തിന് കാരണമായിട്ടുണ്ട്. കൂടാതെ 400ഓളം മഹല്ലുകളുടെ ഖാസിമാരായ പാണക്കാട് തങ്ങള്‍മാര്‍ രൂപീകരിച്ച ഖാസി കൗണ്‍സിലിനെയും അവര്‍ എതിര്‍ക്കുകയാണ്. സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഉമര്‍ ഫൈസിയെ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടെങ്കിലും ഉമര്‍ ഫൈസിയെ പിന്തുണച്ചുകൊണ്ട് സമസ്ത മുശാവറയിലെ ചില അംഗങ്ങള്‍ സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. ഉമര്‍ ഫൈസിയുടെ പ്രസ്താവന സമസ്തയുടേതല്ലെന്ന് നേതൃത്വം വ്യക്തമാക്കിയതിനു ശേഷമായിരുന്നു സമസ്തയുടെ പ്രധാന സമിതിയായ മുശാവറയിലെ ചില അംഗങ്ങള്‍ വേറിട്ട പ്രസ്താവനയുമായി രംഗത്തെത്തിയത്.

സമസ്തയുടെ വിദ്യാഭ്യാസനയമാണ് സിഐസിയിലൂടെ നടപ്പിലാക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സിഐസി അധ്യക്ഷ സ്ഥാനത്ത് ഇരുന്നയാളാണ്. മുശാവറ അംഗവും സമസ്ത വൈസ് പ്രസിഡന്റുമായിരുന്നു അദ്ദേഹം. സമുദായത്തിലെ മുതിര്‍ന്ന പണ്ഡിതന്‍ എന്ന പരിഗണന ഹൈദരലി തങ്ങള്‍ക്ക് സമസ്ത നല്‍കിയിരുന്നു. എന്നാല്‍ മുശാവറ അംഗം പോലുമല്ലാത്ത സാദിഖലി തങ്ങളെ 400ലേറെ മഹല്ലുകളുടെ ഖാസിയായി നിയമിച്ചതിനെ സമസ്തയിലെ ഒരു വിഭാഗം എതിര്‍ക്കുന്നു. മത ബിരുദ പഠനം പൂര്‍ത്തിയാക്കി, അനുഭവപരിചയം നേടിയയാളുകള്‍ക്ക് മാത്രമേ ഖാസി പദവിയില്‍ എത്താന്‍ കഴിയൂ. മതപഠനം പൂര്‍ത്തിയാക്കാത്ത, മതവിധികളില്‍ ആഴത്തില്‍ ഗ്രാഹ്യമില്ലെന്ന് സമസ്തയിലെ ഒരു വിഭാഗം കരുതുന്ന സാദിഖലിക്ക് ഖാസി സ്ഥാനം നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഉമര്‍ ഫൈസി പറയുന്നതിന് കാരണവും ഇതാണ്.

ഉമര്‍ ഫൈസി മുക്കം പറഞ്ഞത്.

ഇതൊക്കെ നമ്മള്‍ മനസിലാക്കുന്ന, അറിയുന്ന സംഗതിയല്ലേ? ഒരു ഖാസിയുടെ നിയമമെന്താ? ഇതൊക്കെ നമുക്ക് അറിയാത്തകൊണ്ടല്ല. പറയാത്തതെന്തെന്ന് ചോദിച്ചാ കുഴപ്പമൊന്നും ഉണ്ടാക്കണ്ടാ എന്ന് വെച്ച് പറയാതെ നില്‍ക്കാ. ഇവരെല്ലാം എനിക്ക് ഖാസിയാകണം ആക്കിക്കോളീ എന്ന് പറഞ്ഞാ എന്താ കാട്ടാ. ആക്കാന്‍ ചിലര് തയ്യാറാണ് രാഷ്ട്രീയപ്പേരിലും മറ്റുമായിട്ട്. അതിന് നമ്മുടെ കൂട്ടത്തില്‍ നിന്നും കുറേ ആള്‍ക്കാര്‍ കൂടിക്കൊടുക്കുകയാണ്. അത്തരം കാര്യങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ പരിഹാരം ഉണ്ടാകണം. അല്ലെങ്കില്‍ നമുക്ക് ജനങ്ങളോട് തുറന്നുതന്നെ പറയണം. പറയാതിരിക്കുന്നതെല്ലാം അവസാനിപ്പിക്കണം.

ഖാസിയെ സംബന്ധിച്ചിടത്തോളം എന്തു വേണം? അവരുടെ മുന്നില്‍ വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വിവരം അദ്ദേഹത്തിന് വേണ്ടേ? അങ്ങനെയുണ്ട് എന്ന് അവര്‍ അവകാശപ്പെടുന്നില്ല. മൂപ്പര് കിതാബ് ഓതിയ ആളാണ്. അല്ലെങ്കില്‍ അങ്ങനത്തെ ആളാണെന്ന് ആരും പറയുന്നില്ല. സമസ്ത സിഐസി വിഷയത്തില്‍ ഒരു കാര്യം പറഞ്ഞു. അത് കേള്‍ക്കാന്‍ തയ്യാറായില്ല. പണ്ട് ഈ സാദാത്തുക്കളും അവര്‍ നേതൃത്വം കൊടുക്കുന്ന സംഘടനകളുമൊക്കെ സമസ്ത എന്തു പറയും അതിന്റെ കൂടെ നിക്കുമായിരുന്നു. ഇന്നതിന് തയ്യാറല്ല, സമസ്തയെ വെല്ലുവിളിച്ചുകൊണ്ട് വേറെ പാര്‍ട്ടിയുണ്ടാക്കുവാ, വേറെ സംഗതിയുണ്ടാക്കുവാ. അതിന്റെ ഭാഗമാണ് അത്. അവര്‍ കരുതിയിരുന്നോണം നമ്മളുടെ അടുത്ത് ആയുധങ്ങളുണ്ട്. ആയുധങ്ങളുണ്ട് എന്നതുകൊണ്ട് നമ്മളത് ദുരുപയോഗം ചെയ്യാതെ ആവശ്യം വരുമ്പോള്‍, അന്ത്യഘട്ടത്തില്‍ അത് എടുക്കും എന്നുള്ള ഭയം നിങ്ങള്‍ക്കുണ്ടാകുന്നത് നല്ലതാ. അതിരു വിട്ട് പോകുന്നുണ്ട് നിങ്ങള്‍. എല്ലാവരും സഹകരിച്ചു പോകുന്നത് ഈ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും നല്ലതാണ്. ഒരു സ്ഥലത്ത് ഖാസിയാക്കിയാല്‍ അവിടുത്തെ ഖാസിയാണ്. വിവരമില്ലാത്തവനെ ഖാസിയാക്കിയാലും അവന്‍ അവിടത്തെയല്ലാതെ വേറെ ഖാസിയാകുമോ? എന്നിട്ട് എല്ലാവരെയും വിളിച്ചു കൂട്ടി ഖാസി ഫൗണ്ടേഷന്‍. ഇതിന്റെ അര്‍ത്ഥമെന്താണ്? ഇത് ഞങ്ങള്‍ക്ക് തിരിയില്ലാന്ന് വിചാരിച്ചോ?

ഉമര്‍ ഫൈസി നടത്തിയ പ്രസ്താവന അപഹാസ്യമാണെന്നും പാണക്കാട് കുടുംബത്തെ അപമാനിച്ച് ലീഗിനെ തകര്‍ക്കാനുള്ള ചില രാഷ്ട്രീയക്കാരുടെ ശ്രമമാണ് ഇതെന്നുമാണ് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞത്. എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുന്ന സാദിഖലി തങ്ങളുടെ ഖാസി സ്ഥാനത്തെ ചോദ്യം ചെയ്തത് ശരിയായില്ലെന്ന് എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂരും പ്രതികരിച്ചു.

ഉമര്‍ ഫൈസിയുടെ പ്രസ്താവന സമസ്തയുടേതല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ആദ്യ പ്രതികരണം. സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കാന്‍ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഉമര്‍ ഫൈസിയുടെ പ്രസ്താവന സമൂഹത്തില്‍ സ്പര്‍ദ്ദ വളര്‍ത്തുന്നതാണെന്നും അതിന്റേതായ ഗൗരവത്തില്‍ സമസ്ത നേതൃത്വം കാണും എന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍

ഉത്തരവാദിത്തപ്പെട്ട ഒരു നേതൃത്വം സമസ്തയ്ക്കുണ്ട്. ഇക്കാര്യത്തിന്റെ ഗൗരവം അവര്‍ ഒട്ടും കുറച്ചു കാണില്ല എന്നാണ് പ്രതീക്ഷ. സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനയാണ് അത്. ഗുഡ് സെന്‍സിലുള്ള ഒരു പ്രസ്താവനയല്ല അത്. മോശം പ്രസ്താവനയാണ്. മോശം പ്രസ്താവനയെ തീര്‍ച്ചയായും അതിന്റേതായ ഗൗരവത്തില്‍ സമസ്ത നേതൃത്വം കാണും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അങ്ങനെ കാണാതിരുന്നാല്‍ അത് കൂടുതല്‍ സ്പര്‍ദ്ദ വളര്‍ത്തും കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സ്ഥിതിയുണ്ടാവരുതല്ലോ. അതു സംബന്ധിച്ചുള്ള ജനവികാരം അവര്‍ കണക്കിലെടുക്കും എന്നു തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.

Related Stories

No stories found.
logo
The Cue
www.thecue.in