‘ശബരിമല അണികള്‍ക്കിടയില്‍ ആഘാതം സൃഷ്ടിച്ചു’; ജനമനസ് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടെന്നും സിപിഐഎം അവലോകനറിപ്പോര്‍ട്ട്  
Deccan Chronicle

‘ശബരിമല അണികള്‍ക്കിടയില്‍ ആഘാതം സൃഷ്ടിച്ചു’; ജനമനസ് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടെന്നും സിപിഐഎം അവലോകനറിപ്പോര്‍ട്ട്  

Published on

ശബരിമല യുവതീ പ്രവേശനത്തിന് ശേഷമുണ്ടായ പ്രചാരണങ്ങള്‍ കേരളത്തിലെ പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. പതിവായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യാറുള്ളവരില്‍ ഒരുവിഭാഗത്തെ ആകര്‍ഷിക്കാന്‍ ബിജെപിക്കും കോണ്‍ഗ്രസിനും കഴിഞ്ഞു. ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു.

റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. ഇത് പരിശോധിക്കണം.

ബിജെപി കേന്ദ്രത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസ്സുകളില്‍ യുഡിഎഫിന് അനുകൂലമായി ചുവടുമാറ്റത്തിന് ഇടയാക്കി.

കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന് വിശ്വാസം നേടാന്‍ കഴിഞ്ഞില്ല.

സിപിഐഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തോല്‍വി ഉറപ്പാക്കാന്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച് ബിജെപി വോട്ടിന്റെ ഒരുഭാഗം യുഡിഎഫിന് അനൂകൂലമായി ചെയ്തു.

കേരളത്തിലെ രാഷ്ട്രീയ അക്രമത്തില്‍ പാര്‍ടി മാത്രമാണ് ഉത്തരവാദി എന്ന വിഷലിപ്തമായ പ്രചാരണം യുഡിഎഫും ബിജെപിയും പ്രമുഖ മാധ്യമങ്ങളും സംഘടിപ്പിച്ചു. എതിരാളികള്‍ക്ക് പാര്‍ട്ടിയെ രാഷ്ട്രീയാക്രമകാരികളായി ചിത്രീകരിക്കുന്നതിന് അവസരങ്ങള്‍ ഉണ്ടാകില്ല എന്ന് പാര്‍ടി ഉറപ്പുവരുത്തണം.

തങ്ങളുടെ വോട്ടില്‍ ഒരു ഭാഗം യുഡിഎഫിനു കൈമാറിയശേഷവും 15.56 ശതമാനം വോട്ടുകള്‍ നേടുന്നതില്‍ ബിജെപി വിജയിച്ചു. ഇത് അതിയായ ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനുള്ള ക്ഷമാപൂര്‍വവും ഏകോപിതവുമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര- സംഘടനാപ്രവര്‍ത്തനം ആവശ്യമാണ്.

ചില പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പാര്‍ടിയുടെ വോട്ടിങ് ശേഷിയില്‍ ചോര്‍ച്ചയുണ്ടായി. പാര്‍ടിയുടെ അശ്രാന്തപരിശ്രമവും സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനവും ഉണ്ടായിട്ടും അടിത്തറ വികസിക്കാത്തത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കണം.

പഠിക്കേണ്ട പാഠങ്ങള്‍

പാര്‍ട്ടി രാഷ്ട്രീയാടിത്തറ വിപുലപ്പെടുത്തുന്നതിലും സംഘടനാശേഷിയും പ്രവര്‍ത്തനവും വര്‍ധിപ്പിക്കുന്നതിലും രാഷ്ട്രീയ ഇടപെടല്‍ കഴിവ് വികസിപ്പിക്കുന്നതിലും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് മോശപ്പെട്ട തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം പൊളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കണം. 2015 ഡിസംബറില്‍ ചേര്‍ന്ന കൊല്‍ക്കത്താ പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കിയതിന്റെ വിശദമായ അവലോകനം നടക്കേണ്ടതാണ്. ബഹുജന സംഘടനകളുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവര്‍ത്തനത്തിന്റെ ആവശ്യം തുടര്‍ച്ചയായ പ്രമേയങ്ങള്‍ എടുത്തുകാണിച്ചിട്ടും നടപ്പാക്കപ്പെട്ടിട്ടില്ല. പാര്‍ടിയുടെ എല്ലാ തലങ്ങളിലും ഇലക്ട്രോണിക് വാര്‍ത്താ വിനിമയ ശൃംഖല ശക്തിപ്പെടുത്തണം. ജനങ്ങളുടെ പൊള്ളുന്ന പ്രശ്‌നങ്ങളില്‍ സമരങ്ങള്‍ സ്വതന്ത്രമായും സമാനചിന്താഗതിക്കാരായ പാര്‍ട്ടികളും സാമൂഹ്യശക്തികളുമായും ചേര്‍ന്നു നടത്താനുള്ള പദ്ധതികള്‍ തയ്യാറാക്കണം.

logo
The Cue
www.thecue.in