ജാതിവ്യവസ്ഥ ഇന്ത്യന്‍ സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തി! ജാതി അനുകൂല എഡിറ്റോറിയലുമായി ആര്‍എസ്എസ് പ്രസിദ്ധീകരണം, പാഞ്ചജന്യം

ജാതിവ്യവസ്ഥ ഇന്ത്യന്‍ സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തി! ജാതി അനുകൂല എഡിറ്റോറിയലുമായി ആര്‍എസ്എസ് പ്രസിദ്ധീകരണം, പാഞ്ചജന്യം
Published on

ജാതി വ്യവസ്ഥ ഇന്ത്യന്‍ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തിയെന്ന് ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യത്തിന്റെ എഡിറ്റോറിയല്‍. തൊഴിലിനും പാരമ്പര്യത്തിനും അനുസൃതമായി വ്യത്യസ്ത വിഭാഗങ്ങളെ ഒരുമിപ്പിച്ച ചങ്ങലയാണ് ജാതി വ്യവസ്ഥയെന്നാണ് പാഞ്ചജന്യം എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ എഡിറ്റോറിയലില്‍ പറയുന്നത്. അധിനിവേശ ശക്തികള്‍ ജാതിവ്യവസ്ഥയെ നോട്ടമിട്ടു. മുഗളന്‍മാര്‍ക്ക് ആദ്യം അതിനെ മനസിലാക്കാന്‍ സാധിച്ചില്ല. ബ്രിട്ടീഷുകാര്‍ക്ക് അത് ഇന്ത്യയിലേക്കുള്ള അധിനിവേശത്തിന് തടസമാണെന്ന് മനസിലായി. മുഗളന്‍മാര്‍ അതിനെ വാളും അധികാരവും ഉപയോഗിച്ച് നേരിട്ടപ്പോള്‍ സേവനത്തിന്റെയും പരിഷ്‌കരണത്തിന്റെയും മറവിലാണ് മിഷണറിമാര്‍ അതിനെ തകര്‍ക്കാന്‍ ശ്രമിച്ചത്. ജാതിയാണ് ഇന്ത്യയെ ഒന്നിപ്പിക്കുന്ന സമവാക്യമെന്ന് മുഗളന്‍മാരേക്കാള്‍ മിഷണറിമാരാണ് കൂടുതല്‍ മനസിലാക്കിയത്. ഇന്ത്യയുടെ ആത്മാഭിമാനം തകര്‍ക്കണമെങ്കില്‍ അതിനെ ഏകീകരിക്കുന്ന ആ ഘടകത്തെ ഇല്ലാതാക്കണം. അതിനായാണ് ജാതി വ്യവസ്ഥയെ ബന്ധനമെന്നും ചങ്ങലയെന്നുമൊക്കെ അവര്‍ വിളിച്ചത്. മിഷണറിമാരുടെ ഈ തന്ത്രമാണ് ബ്രിട്ടീഷ് ഭരണകൂടം തങ്ങളുടെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രമാക്കി മാറ്റിയതെന്നും പാഞ്ചജന്യം പറയുന്നു.

കോണ്‍ഗ്രസിനെയും പാഞ്ചജന്യം എഡിറ്റോറിയല്‍ ആക്രമിക്കുന്നുണ്ട്. അന്തസ്, സദാചാര മൂല്യങ്ങള്‍, ഉത്തരവാദിത്തങ്ങള്‍, സാഹോദര്യം എന്നിവയടങ്ങിയ ഹിന്ദു ജീവിതം ജാതിയെ ചുറ്റിപ്പറ്റിയായിരുന്നു. വ്യക്തി കേന്ദ്രിതമായി ചിന്തിക്കുന്ന മിഷണറിമാര്‍ക്ക് ഇത് മനസിലാക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ മതപരിവര്‍ത്തന പരിപാടികള്‍ക്ക് തടസമായി ജാതി വ്യവസ്ഥയെ മിഷണറിമാര്‍ കണ്ടപ്പോള്‍ ഹിന്ദു ഐക്യത്തിലേക്ക് നുഴഞ്ഞു കയറാനുള്ള വിള്ളലായാണ് കോണ്‍ഗ്രസ് കാണുന്നത്. ബ്രിട്ടീഷുകാരുടെ രീതി അവലംബിച്ച് ജാതിയുടെ അടിസ്ഥാനത്തില്‍ ലോക്‌സഭാ സീറ്റുകള്‍ വിഭജിക്കാനും അതിലൂടെ രാജ്യത്തെ തന്നെ വിഭജിക്കാനുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും അതിനായാണ് ജാതി സെന്‍സസിനു വേണ്ടി അവര്‍ വാദിക്കുന്നതെന്നുമാണ് എഡിറ്റോറിയലിലെ വാദം. ജാതി സെന്‍സസ് വേണമെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ നടത്തിയ ജാതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് പാഞ്ചജന്യത്തിന്റെ ജാതി വ്യവസ്ഥയെ അനുകൂലിക്കുന്ന എഡിറ്റോറിയല്‍ പുറത്തു വന്നിരിക്കുന്നത്.

ജാതി സംവരണത്തെ പരസ്യമായി എതിര്‍ക്കാന്‍ ആര്‍എസ്എസ് ബുദ്ധിമുട്ടുന്നതിനിടെയാണ് ഇങ്ങനെയൊരു എഡിറ്റോറിയല്‍ സംഘടനയുടെ പ്രസിദ്ധീകരണം തന്നെ പുറത്തുവിടുന്നതെന്നതും ശ്രദ്ധേയമാണ്. ജാതി സംവരണം അടുത്ത 200 വര്‍ഷത്തേക്ക് തുടരുകയാണെങ്കില്‍, 2000 വര്‍ഷത്തോളമായി താഴ്ന്ന ജാതിക്കാര്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് അതൊരു നഷ്ടപരിഹാരമാകുമെങ്കില്‍ താന്‍ അതിനെ പിന്തുണയ്ക്കുമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ജാതി വിവേചനം ഇന്ത്യയെ തകര്‍ക്കുകയാണെന്നാണ് മോഹന്‍ ഭഗവത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in