ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവാകും; ഇന്ത്യാ യോഗത്തില്‍ തീരുമാനം, സോണിയ ഗാന്ധി പ്രോടേം സ്പീക്കര്‍ക്ക് കത്ത് നല്‍കി

രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി
Published on

രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യാ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. ബുധനാഴ്ച നടക്കാനിരിക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗം ചേര്‍ന്നത്. യോഗത്തിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പ്രോടേം സ്പീക്കര്‍ക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും രാഹുല്‍ പ്രതിപക്ഷനേതാവാകുമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് രാഹുല്‍ പ്രതിപക്ഷനേതൃ സ്ഥാനത്തേക്ക് എത്തുന്നത്. വയനാട്ടിലും റായ്ബറേലിയിലും മത്സരിച്ച രാഹുല്‍ രണ്ടിടത്തും വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചു കയറിയത്. വയനാട്ടില്‍ 3,64,422 വോട്ടും റായ്ബറേലിയില്‍ 3,90,030 വോട്ടുമായിരുന്നു ഭൂരിപക്ഷം. റായ്ബറേലി നിലനിര്‍ത്തിയ രാഹുല്‍ വയനാട് ഒഴിഞ്ഞിരുന്നു.

സ്പീക്കര്‍ സ്ഥാനത്തേക്ക് ലോക്‌സഭയുടെ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുപ്പ് നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഈ സുപ്രധാന തീരുമാനം പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് ലോക്‌സഭകളിലും കാര്യമായ അംഗബലമില്ലാതിരുന്ന പ്രതിപക്ഷത്തിന് പ്രതിപക്ഷ നേതൃസ്ഥാനമോ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയോ ലഭിച്ചിരുന്നില്ല. പ്രധാന പ്രതിപക്ഷ കക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കുകയെന്ന കീഴ് വഴക്കം പാലിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ തയ്യാറായിരുന്നില്ല. പ്രോടേം സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്ത എന്‍ഡിഎ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന പ്രതിപക്ഷ ആവശ്യത്തോടും മുഖംതിരിച്ചു. ഇതോടെ സ്പീക്കര്‍ സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിന്റെ പേര് നാമനിര്‍ദേശം ചെയ്തുകൊണ്ട് 18-ാം ലോക്‌സഭയുടെ തുടക്കത്തില്‍ തന്നെ പുതിയ പോര്‍മുഖം തുറക്കുകയായിരുന്നു പ്രതിപക്ഷം.

കഴിഞ്ഞ ലോക്‌സഭയില്‍ സ്പീക്കറായിരുന്ന ഓം ബിര്‍ള തന്നെയാണ് ഇത്തവണയും എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

Related Stories

No stories found.
logo
The Cue
www.thecue.in