സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം പിന്‍നിരയില്‍; ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടം പിന്‍നിരയില്‍; ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം
Published on

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്‍നിരയില്‍ ഇരിപ്പിടം നല്‍കിയ സംഭവത്തില്‍ വിവാദം. ചെങ്കോട്ടയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും പിന്നിലായാണ് രാഹുലിന് ഇരിപ്പിടം നല്‍കിയത്. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഇരുന്നത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മലാ സീതാരാമന്‍, ശിവരാജ് സിങ് ചൗഹാന്‍, എസ്.ജയശങ്കര്‍, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തുടങ്ങിയവര്‍ മുന്‍നിരയില്‍ ഇരുന്നപ്പോള്‍ ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷനേതാവിന് പിന്നില്‍ നിന്നും രണ്ടാം നിരയില്‍ ഇരിപ്പിടം ഒരുക്കിയതിനെതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ ഉയരുകയാണ്. വിവാദമായതോടെ വിഷയത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. ഒളിമ്പിക്‌സ് താരങ്ങള്‍ക്ക് ഇരിപ്പിടം ഒരുക്കുന്നതിനായാണ് ഇത്തരത്തില്‍ ക്രമീകരണം ഒരുക്കിയതെന്നാണ് വിശദീകരണം.

പത്തു വര്‍ഷത്തിനു ശേഷമാണ് ലോക്‌സഭയിലെ പ്രതിപക്ഷനേതാന് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തത്. ഹോക്കി ടീം ഫോര്‍വേഡ് ഗുര്‍ജന്ത് സിങ്ങിനൊപ്പമാണ് രാഹുല്‍ ഇരുന്നത്. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ മനു ഭാക്കര്‍, സരബ്‌ജോത് സിങ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, പി.ആര്‍.ശ്രീജേഷ് എന്നിവരടക്കം വെങ്കല മെഡല്‍ ജേതാക്കളായ ഹോക്കി ടീം അംഗങ്ങള്‍ തുടങ്ങിയവരെയും മുന്‍നിരയില്‍ ഇരുത്തിയിരുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് ക്യാബിനറ്റ് മന്ത്രിയുടെ പദവിയുള്ള പ്രതിപക്ഷനേതാവിന് മുന്‍ നിരയില്‍ സീറ്റ് നല്‍കേണ്ടതാണ്. ക്രമീകരണത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ പിന്‍നിരയിലേക്ക് മാറ്റിയതാണ് വിവാദമായി മാറിയിരിക്കുന്നത്. അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷനേതാവായിരുന്ന സോണിയ ഗാന്ധിക്ക് മുന്‍നിരയില്‍ തന്നെ സീറ്റ് അനുവദിച്ചിരുന്നു.

2014, 2019 വര്‍ഷങ്ങളില്‍ ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് ഇല്ലായിരുന്നു. സഭയില്‍ പത്തിലൊന്ന് അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയൂ. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒന്നും തന്നെ അത്രയും അംഗങ്ങളില്ലായിരുന്നു. 543 അംഗ സഭയില്‍ 2014ല്‍ കോണ്‍ഗ്രസിന് 44 അംഗങ്ങളും 2019ല്‍ 52 അംഗങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. 2024ലെ തെരഞ്ഞെടുപ്പില്‍ 99 അംഗങ്ങളെ സഭയിലെത്തിച്ച് കോണ്‍ഗ്രസ് തിരിച്ചു വരവ് നടത്തി. ഇന്ത്യാ സഖ്യത്തിലെ മറ്റു കക്ഷികളും സഭയില്‍ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in