‘അരൂരില്‍ പൂതന, എറണാകുളത്ത് മഴ, മഞ്ചേശ്വരത്ത് ശങ്കര്‍ റൈ’; പരാജയ കാരണങ്ങള്‍ പരിശോധിച്ച് സിപിഐഎം
ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഏറ്റുവാങ്ങേണ്ടി വന്ന പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അരൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ പൂതന പരാമര്‍ശം തിരിച്ചടിയായെന്ന് സിപിഐഎം വിലയിരുത്തി. അരൂരിലെ തോല്‍വി ജില്ലാ കമ്മിറ്റി പരിശോധിക്കും. ആവശ്യമെങ്കില്‍ തുടര്‍നടപടി സ്വീകരിക്കാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
എറണാകുളത്ത് മഴ ഇടതുവോട്ടര്‍മാരേയും ബൂത്തില്‍ നിന്ന് അകറ്റി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയുടെ ചില പരാമര്‍ശങ്ങള്‍ ന്യൂനപക്ഷങ്ങളെ എതിരാക്കി.
സിപിഐഎം
കനത്ത മഴയും വെള്ളക്കെട്ടും കാരണം എറണാകുളം മണ്ഡലത്തില്‍ പോളിങ് നിലയില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. 57.89 ശതമാനം പേര്‍ മാത്രമാണ് എറണാകുളത്ത് വോട്ടുരേഖപ്പെടുത്തിയത്. യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലത്തില്‍ 3,750 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടിജെ വിനോദ് ജയിച്ചത്. യുവാക്കളുടെ വോട്ട് പ്രതീക്ഷിച്ചിരുന്നെങ്കിലും വെള്ളക്കെട്ട് തനിക്കുള്ള വോട്ട് കുറയാന്‍ കാരണമായെന്ന് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി മനു റോയി പ്രതികരിച്ചിരുന്നു. മനു റോയിയുടെ അപരന്‍ മനു കെ എം 2752 വോട്ടുകള്‍ പിടിച്ചു. ഓട്ടോ റിക്ഷയായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മനു റോയിയുടെ ചിഹ്നം. മനുവിന്റെ അപരന്‍ വോട്ടു പിടിച്ചില്ലായിരുന്നെങ്കില്‍ 998 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിക്കുമായിരുന്നത്.
മഞ്ചേശ്വരത്ത് സിപിഐഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വാര്‍ത്തയായിരുന്നു. ആചാരലംഘനം ആര് നടത്തിയാലും അത് ശരിയല്ലെന്ന് സിപിഐഎം നേതാവ് പറഞ്ഞു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എന്നതിനൊപ്പം താനൊരു വിശ്വാസിയാണ്. വ്രതമെടുത്ത് തന്നെ ശബരിമലയില്‍ പോയിട്ടുണ്ട്. വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ചുകൊണ്ട് യുവതികള്‍ക്ക് ശബരിമല ദര്‍ശനം നടത്താവുന്നതാണ്. സുപ്രീം കോടതിവിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ശങ്കര്‍ റൈ പറയുകയുണ്ടായി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുമ്പ് ക്ഷേത്രത്തില്‍ പൂജ നടത്തിയതും പ്രസാദം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കിയതും വിവാദമായിരുന്നു. ഭൂരിപക്ഷ വോട്ടുകള്‍ക്ക് വേണ്ടി എല്‍ഡിഎഫ് നടത്തിയ നീക്കം ന്യൂനപക്ഷ ഏകീകരണത്തിലൂടെ യുഡിഎഫിന് നേട്ടമുണ്ടാക്കുകയാണുണ്ടായത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം