തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്ത്കുമാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി. എഡിജിപിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ഈ പശ്ചാത്തലത്തില്‍ അതേക്കുറിച്ച് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പൂരം അലങ്കോലമാക്കാന്‍ നടന്ന ശ്രമവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ പരിശോധിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിനെയും ചുമതലപ്പെടുത്തി. കേരളത്തിലെ സാമൂഹ്യാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരിയല്ലാത്ത കാര്യങ്ങളാണ് നടന്നത്. ഇക്കാര്യത്തില്‍ സംഘപരിവാറിനെതിരെയും ആക്ഷേപമുണ്ട്. റിപ്പോര്‍ട്ടില്‍ അതുമായി ബന്ധപ്പെട്ട് പരാമര്‍ശമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന്റെ പൂര്‍ണ്ണരൂപം
കേരളത്തിന്റെ തനതായ സാംസ്‌കാരിക അടയാളമാണ് തൃശൂര്‍ പൂരം. മതസൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും വിളിച്ചോതുന്ന ഒരു അന്താരാഷ്ട്ര സാംസ്‌കാരിക പൈതൃക ഉത്സവമെന്ന നിലയിലാണ് രണ്ടു നൂറ്റാണ്ടിലേറെയായി ഈ നാട് തൃശൂര്‍ പൂരം കൊണ്ടാടുന്നത്.
ഇത്തവണ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ തന്നെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് എക്‌സിബിഷന്റെ ഘട്ടത്തിലായിരുന്നു. തറവാടകയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമായിരുന്നു അത്. ആ ഘട്ടത്തില്‍ ഇടപ്പെട്ട് പരിഹാരം ആവുകയും ചെയ്തു. തൃശ്ശൂര്‍പൂരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദേവസ്വങ്ങള്‍ എല്ലാം അതില്‍ സന്തോഷം രേഖപ്പെടത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി ആനകളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം ഉയര്‍ന്നു വന്നു. അതും നല്ല രീതിയില്‍ പരിഹരിക്കാനായി. എല്ലാ വിഭാഗം ജനങ്ങളും അണിചേരുന്ന, ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന പൂരം കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്ന് എന്ന നിലയില്‍ കുറ്റമറ്റ നിലയില്‍ നടത്താന്‍ സര്‍ക്കാര്‍ എല്ലാ തരത്തിലും തയാറെടുപ്പുകള്‍ നടത്തിയിരുന്നു.
ഇത്തവണ പൂരം ഏറ്റവും ഗംഭീരമായി തന്നെയാണ് ആരംഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഘട്ടമായിരുന്നു അത്. ആ സമയത്തും, ജനങ്ങള്‍ വന്‍തോതില്‍ പൂര നഗരിയിലെത്തി ആഘോഷങ്ങളില്‍ പങ്കുകൊണ്ടു. എന്നാല്‍, അവസാന സമയത്ത്, ചില വിഷയങ്ങളുണ്ടായി. അതുമായി ബന്ധപ്പെട്ട് പുരം അലങ്കോലപ്പെടുത്താനുള്ള ചില ശ്രമങ്ങള്‍ ഉണ്ടായി എന്നത് സര്‍ക്കാര്‍ ?ഗൗരവമായാണ് കണ്ടത്. അങ്ങനെയാണ് അതിനെക്കുറിച്ച് ഒരു അന്വേഷണം സമ?ഗ്രമായി നടക്കണമെന്ന് സര്‍ക്കാര്‍ നിശ്ചയിക്കുകയും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ ചുമലതപ്പെടുത്തുകയും ചെയ്തത്. ആ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സെപ്തംബര്‍ 23ന് സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. ആ റിപ്പോര്‍ട്ട് സെപ്തംബര്‍ 24ന് എനിക്ക് ലഭിച്ചു.
പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമാണെന്ന് കരുതാനാവില്ല. ഇവിടെ പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. എക്‌സ്‌പ്ലോസീവ് ആക്ട്, പെസോ (ജഋടഛ) റഗുലേഷനുകള്‍, വിവിധ വകുപ്പുകള്‍ ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ ശിപാര്‍ശകള്‍, മറ്റു നിയമപരമായ നിബന്ധനകള്‍, ബഹു. ഹൈക്കോടതി ഉത്തരവുകള്‍ എന്നിവ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തമാകുന്ന ഒരു കാര്യം വ്യക്തമായ ലക്ഷ്യത്തോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട് എന്നതാണ്. അങ്ങനെ സംശയിക്കാന്‍ ഉള്ള അനേകം കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്.
തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്‍നിര്‍ത്തി അരങ്ങേറിയ ഒരു ആസൂത്രിത നീക്കത്തിന്റെ ഫലമായി നിയമപരമായി അനുവദിക്കാന്‍ സാധിക്കാത്ത ആവശ്യങ്ങള്‍ ബോധപൂര്‍വ്വം ഉന്നയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടിലെ ഒരു കണ്ടെത്തല്‍. അതുള്‍പ്പെടെ അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയില്‍ തൃശൂര്‍ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനം ഒരുക്കല്‍ അനിവാര്യമായ കാര്യമാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാനുള്ള ഒരു കുത്സിത പ്രവൃത്തിയും അനുവദിക്കാനാവില്ല. ഇത് കേവലം ഒരു ആഘോഷവുമായോ ഉത്സവവുമായോ ബന്ധപ്പെട്ട പ്രശ്‌നമായി ചുരുക്കി കാണാനാവില്ല. കേരളീയ സമൂഹത്തെ ആകെ ബാധിക്കുന്ന വിഷയമാണ്. ആ നിലയില്‍ തന്നെയാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്.
ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന തുടര്‍നടപടികള്‍ ഇന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
1. തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ നടന്ന ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയായ എഡിജിപി എച്ച് വെങ്കിടേഷ് ഐപിഎസിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തും
2. പൂരവുമായി ബന്ധപ്പെട്ട ചുമതലകള്‍ നല്‍കിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാം ഐപിഎസിനെ ചുമതലപ്പെടുത്തി.
3. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതേക്കുറിച്ച് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
രണ്ടു നൂറ്റാണ്ടുകാലത്തെ ചരിത്രത്തിനിടയില്‍ തൃശൂര്‍ പൂരം ചുരുക്കേണ്ടിവന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പ്രകൃതി ദുരന്തങ്ങളുടെയും മറ്റ് പ്രയാസകരമായ അവസ്ഥകളുടെയും ഫലമായിട്ടാണ്. 1930ല്‍ കടുത്ത മഴയെ തുടര്‍ന്ന് മുഴുവന്‍ ആനകളേയും എഴുന്നെള്ളിച്ചില്ല എന്നാണ് പറയുന്നത്. 1939ല്‍ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ ചടങ്ങുമാത്രമായി നടത്തി. 1948ല്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ, വധത്തെ തുടര്‍ന്ന് ചടങ്ങുമാത്രമാണുണ്ടായത്. ഇത്തവണ ദുരന്തമോ അതുപോലുള്ള മറ്റേതെങ്കിലും ദുരവസ്ഥയോ അല്ല ഉണ്ടായത്. മറിച്ച് ചില പ്രത്യേക രീതിയോടെയുള്ള ഇടപെടലിലൂടെ പൂരാഘോഷങ്ങള്‍ക്ക് അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. അത് ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികളിലേക്ക് കടക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്.
വയനാട് ദുരന്തത്തില്‍ സംസ്ഥാനത്തിന് വന്ന നഷ്ടങ്ങള്‍ വളരെ വലുതാണ്. ഇക്കാര്യത്തില്‍ ഫലപ്രദമായ സഹായം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇതുവരെ അത്തരമൊരു സഹായം നല്‍കുന്ന നില ഉണ്ടായിട്ടില്ല. ഈ വര്‍ഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219.2 കോടി രൂപ ആണ് അടിയന്തിര ദുരിതാശ്വാസ സഹായം ആയി അഭ്യര്‍ത്ഥിച്ചത്. ഈ വര്‍ഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ലഭിക്കേണ്ട കേന്ദ്ര വിഹിതം ആയ 291.2 കോടി രൂപയുടെ ആദ്യ ഗഡു ആയ 145.6 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഗഡു ആയ 145.6 കോടി രൂപ അഡ്വാന്‍സ് ആയി ഇപ്പോള്‍ അനുവദിച്ചതായാണ് ഒക്ടോബര്‍ ഒന്നിലെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വാര്‍ത്താകുറിപ്പില്‍ നിന്നും മനസിലാക്കുന്നത്. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. ദുരന്തത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക ധനസഹായം അല്ല. വയനാട് ദുരന്ത ഘട്ടത്തിലും തുടര്‍ന്നും സംസ്ഥാനത്തിന് സഹായം നല്‍കാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. എന്നാല്‍ പ്രത്യേക സഹായം ഇതുവരെ ലഭ്യമായിട്ടില്ല. അര്‍ഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും മന്ത്രി സഭായോഗം തീരുമാനിച്ചു.
വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ നഷ്ടപ്പെട്ട 8 കുട്ടികള്‍ക്ക് 5 ലക്ഷം രൂപ വീതവും നല്‍കുന്നതിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വനിതാ ശിശുവികസന വകുപ്പാണ് ഇത് നല്‍കുക.
മേപ്പാടി ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാനാണ് മന്ത്രിസഭായോഗം കണ്ടിട്ടുള്ളത്.
ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുവാന്‍ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ അഡ്വക്കേറ്റ് ജനറലിന്റെ അടക്കം വിദഗ്‌ധോപദേശം തേടിയിരുന്നു. വേഗം തന്നെ സ്ഥലം കിട്ടുക എന്നത് വളരെ പ്രധാനമാണ്. അതിന്റെയൊക്കെ ഭാഗമായി ഇപ്പോള്‍ കണ്ടിട്ടുള്ളത്, ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷന്‍ ഏറ്റെടുക്കുന്നതിനാണ് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. അങ്ങനയാകുമ്പോള്‍ സ്ഥലം ലഭ്യമാകുന്നതിന് വലിയ കാലതാമസം ഉണ്ടാവുകയില്ല.
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും.
പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടര്‍ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപെടുത്തി.
വയനാട് ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും.
ഇതോടൊപ്പം ഷിരൂരില്‍ മണ്ണിടിച്ചലില്‍ മരണപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
സാമ്രാജ്യത്വം മദ്ധ്യപൂര്‍വ്വേഷ്യയില്‍ മറ്റൊരു യുദ്ധത്തിനു കളമൊരുക്കുകയാണ്. ലോകമൊന്നടങ്കം ആവശ്യപ്പെട്ടിട്ടും അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന മനുഷ്യക്കുരുതിയ്ക്ക് അവര്‍ നിര്‍ബാധം പിന്തുണ നല്‍കുകയാണ്. സംഘര്‍ഷ മേഖലയില്‍ ജീവിക്കുന്ന പ്രവാസി മലയാളികള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും നോര്‍ക്ക റൂട്ട്‌സിന്റേയും അറിയിപ്പുകളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഏറ്റവും പ്രതിഷേധാര്‍ഹമായ നിലപാടാണ് ഇസ്രായേല്‍ ഈ ഭാഗത്ത് സ്വീകരിക്കുന്നത്. ലോകപൊതുജനാഭിപ്രായം അംഗീകരിക്കാന്‍ തയ്യാറല്ല, ഐക്യരാഷ്ട്രസഭാ ജനറല്‍ അസംബ്ലി പ്രമേയം മുഖേന പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കൂടുതല്‍ കടുത്ത നടപടികളിലേക്കാണ് ഇസ്രായേല്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.